- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ ഏകദിന ടീമിലേക്ക് വഴിയൊരുക്കിയത് ചലഞ്ചർ ട്രോഫിയിലെ പ്രകടനം; മികച്ച ആക്ഷനും വേഗവും ശ്രദ്ധേയനാക്കി; രണ്ട് ലോകകപ്പിലെ മലയാളി സാന്നിദ്ധ്യമായി; ശ്രീശാന്തിന്റെ കരിയറിൽ കരിനിഴൽ വീഴ്ത്തിയത് 2013-ലെ ഐപിഎൽ വാതുവെയ്‌പ്പ് വിവാദം

കൊച്ചി: ഐപിഎൽ മെഗാ താരലേലം അരങ്ങേറുമ്പോൾ മലയാളി ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കിയത് ശ്രീശാന്ത് വീണ്ടും ഐപിഎൽ വേദിയിലേക്ക് ഒരിക്കൽ കൂടി തിരിച്ചെത്തുമോ എന്നതായിരുന്നു. കരിയറിന്റെ ഉന്നതിയിൽനിന്ന് തിരിച്ചിറക്കത്തിനു വഴിയൊരുക്കിയ ഐപിഎൽ വേദിയിലേക്ക് ഒരിക്കൽക്കൂടി വരണമെന്ന മോഹത്താലായിരുന്നു ഇത്തവണ താരലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ കേരളാ ടീമിലെ യുവതാരങ്ങൾക്ക് അവസരം ലഭിച്ചപ്പോഴും ഒരു ടീമും ശ്രീശാന്തിനെ ലേലത്തിലെടുത്തിരുന്നില്ല.
2005 -06ലെ ചലഞ്ചർ ട്രോഫിയിലെ മിന്നും പ്രകടനമാണ് മലയാളി താരം ശ്രീശാന്തിന് ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വാതിൽ തുറന്നുകൊടുത്തത്. 2005 ഒക്ടോബർ 25-ന് ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലായിരുന്നു ശ്രീയുടെ ഇന്ത്യൻ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ കുമാർ സംഗക്കാരയും സനത് ജയസൂര്യയും ശ്രീശാന്തിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ചെങ്കിലും മത്സരത്തിൽ രണ്ടു വിക്കറ്റുകൾ വീഴ്‌ത്താൻ താരത്തിനായി.
മികച്ച ആക്ഷനും മികച്ച വേഗവും കൊണ്ട് പേരെടുത്തെങ്കിലും റൺസ് വഴങ്ങുന്നതിലെ ധാരാളിത്തം താരത്തിന് തുടക്ക കാലത്ത് തിരിച്ചടിയായിരുന്നു. ഇന്ത്യ കിരീടമണിഞ്ഞ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും കളിക്കാനുള്ള ഭാഗ്യവും ശ്രീക്ക് ലഭിച്ചു.
എന്നാൽ 2013-ലെ ഐപിഎല്ലാണ് ശ്രീശാന്തിന്റെ കരിയർ മാത്രമല്ല ജീവിതം തന്നെ മാറ്റിമറിച്ചത്. രാജസ്ഥാൻ റോയൽസിന്റെ താരമായ ശ്രീശാന്തിനെ വാതുവെയ്‌പ്പിനെ തുടർന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായുള്ള വാർത്ത വരുന്നത് 2013 മെയ് 16-നാണ്. ശ്രീശാന്തിനൊപ്പം രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ അജിത്ത് ചന്ദിലയേയും അംഗീത് ചവാനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാതുവെയ്‌പ്പ് നടത്താൻ ജിജു ജനാർദ്ദനൻ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു എന്നതായിരുന്നു ആരോപണം.
മെയ് 17-ന് ശ്രീശാന്ത് കുറ്റം സമ്മതിച്ചുവെന്ന ഡൽഹി പൊലീസിന്റെ പ്രസ്താവന വന്നു. എന്നാൽ കുറ്റസമ്മതത്തിൽ നിർബന്ധിച്ച് ഒപ്പുവെയ്‌പ്പിക്കുകയായിരുന്നുവെന്ന് ശ്രീശാന്ത് തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് രാജസ്ഥാൻ റോയൽസ് ഈ താരങ്ങളുടെ കരാർ റദ്ദാക്കി. 2013 സെപ്റ്റംബർ 13-ന് ബിസിസിഐ വാതുവെയ്‌പ്പിനെ തുടർന്ന് അറസ്റ്റിലായ ശ്രീശാന്ത് അടക്കമുള്ള താരങ്ങൾക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി.
തുടർന്നുള്ള നാളുകൾ നിയമ പോരാട്ടങ്ങളുടേതായിരുന്നു. വാതുവെയ്‌പ്പ് കേസിൽ 2015 ജൂലായിൽ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. തുടർന്ന് ആജീവനാന്ത വിലക്ക് റദ്ദാക്കാനുള്ള നിയമനടപടികളുമായി ശ്രീശാന്ത് മുന്നോട്ടുപോയി. ഇതിനിടെ 2017 ഒക്ടോബർ 18-ന് കേരള ഹൈക്കോടതി ശ്രീശാന്തിന്റെ വിലക്ക് പുനഃസ്ഥാപിച്ചു. ഇതിനെതിരേ താരം വീണ്ടും കോടതി നടപടികളുമായി മുന്നോട്ടുപോയി.
ഒടുവിൽ 2019 മാർച്ചിൽ സുപ്രീം കോടതി ബിസിസിഐയോട് ശ്രീശാന്തിന് ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി പുനഃപരിശോധക്കണമെന്ന് നിർദേശിച്ചു. ഇതേത്തുടർന്ന് ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴ് വർഷമാക്കി കുറച്ചു. ഇതോടെ 2020 സെപ്റ്റംബർ 13-ഓടെ താരത്തിന്റെ വിലക്കിന്റെ കാലാവധി അവസാനിച്ചു. പിന്നാലെ കേരള ടീമിലൂടെ ശ്രീ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
ഏതാനും നാളുകൾക്ക് മുമ്പ് സ്പോർട്സ്‌കീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീശാന്ത് ഒത്തുകളി വിവാദത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. 10 ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് താരം ഒത്തുകളിച്ചതെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ. ''ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ ഇടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. അങ്ങനെയുള്ള ഞാൻ എന്തിന് ഒത്തുകളിക്കണം, അതും പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി? പാർട്ടി നടത്തുമ്പോൾ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരുന്ന വ്യക്തിയാണ് ഞാൻ. എല്ലാ കാശ് ഇടപാടുകളും കാർഡ് വഴിയാണ് ഞാൻ നടത്തുന്നത്.
എന്റെ ജീവിതത്തിൽ എല്ലാവരേയും സഹായിക്കുകയും എല്ലാവർക്കും പ്രതീക്ഷ നൽകുകയുമാണ് ചെയ്തിട്ടുള്ളത്. ഒരുപാട് പേരെ ഞാൻ സഹായിച്ചിട്ടുണ്ട്. അവരുടേയും കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും പ്രാർത്ഥനയാണ് ഇതിൽ നിന്ന് പുറത്തുകടക്കാൻ സഹായിച്ചത്. ഒരു ഓവർ, 14 റൺസ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാൻ നാല് പന്തിൽ അഞ്ച് റൺസ് വഴങ്ങി. നോ ബോൾ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോൾ പോലും ഇല്ല. എന്റെ കാൽവിരലിലെ 12 ശസ്ത്രക്രിയക്ക് ശേഷവും 130-ന് മുകളിൽ വേഗതയിലാണ് ഞാൻ എറിഞ്ഞത്'' - അന്നത്തെ അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞ വാക്കുകളാണിത്.
2013നു ശേഷം ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാനുള്ള അവസരം ശ്രീശാന്തിനെ തേടിയെത്തിയത് ഈ വർഷമാണ്. ഏഴു വർഷം നീണ്ട വിലക്കിനു ശേഷം കഴിഞ്ഞ വർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ശ്രീശാന്ത് കേരളത്തിനായി കളിച്ചിരുന്നു. എന്നാൽ, രഞ്ജി ടീമിൽ അവസരം കിട്ടിയത് ഈ വർഷം മാത്രം. എലീറ്റ് ഗ്രൂപ്പ് എയിൽ മേഘാലയയ്ക്കെതിരായ കേരളത്തിന്റെ ആദ്യ മത്സരത്തിൽ താരം കളത്തിലിറങ്ങുകയും ചെയ്തു.
ഒന്നാം ഇന്നിങ്‌സിൽ മേഘാലലയുടെ രണ്ടു വിക്കറ്റ് പിഴുത് ശ്രീ തിരിച്ചുവരവ് ഗംഭീരമാക്കി. ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവിൽ വിക്കറ്റെടുത്ത ശേഷം നീണ്ടുനിവർന്നു കിടന്ന് പിച്ചിനെ ചുംബിക്കുന്ന ശ്രീയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആദ്യ മത്സരത്തിനു പിന്നാലെ പരുക്കേറ്റതോടെ ഗുജറാത്ത്, മധ്യപ്രദേശ് ടീമുകൾക്കെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ ശ്രീയ്ക്ക് കളിക്കാനായില്ല. ഇതിനിടെ ചികിത്സയ്ക്കായി നാട്ടിലേക്കു മടങ്ങുകയും ചെയ്തു.
പരുക്കിൽനിന്ന് മുക്തനായി കരുത്തോടെ വീണ്ടും തിരിച്ചുവരുമെന്ന് ആരാധകർക്ക് ഉറപ്പു നൽകിയ ശ്രീ, തികച്ചും അപ്രതീക്ഷിതമായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അതും പുതുതലമുറയ്ക്ക് വഴിമാറുന്നുവെന്ന് വിശദീകരിച്ചുകൊണ്ട്.


