ഫ്‌ളോറിഡ: മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ നഗ്നചിത്രങ്ങൾ മായ്ച്ചുകളയാൻ പതിനാലുകാരന്റെ സഹായം തേടിയ മലയാളി വൈദികൻ അറസ്റ്റിൽ. അങ്കമാലി സ്വദേശിയും വെസ്റ്റ് പാംബീച്ചിലെ ജീസസ് കാത്തോലിക് ചർച്ചിലെ വൈദികനുമായി ഫാ. ജോസ് പാലിമറ്റമാണ് അറസ്റ്റിലായിരിക്കുന്നത്.

തന്റെ മൊബൈൽ ഫോണിലുണ്ടായിരുന്ന കുട്ടികളുടെ നാല്പതിലേറെ നഗ്നചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ പതിനാലുകാരന്റെ സഹായം തേടിയതോടെയാണ് നാല്പത്തേഴുകാരനായ ഫാ. പാലിമറ്റം കുടുങ്ങാൻ ഇടയായത്. കുട്ടിയുടെ മാതാപിതാക്കൾ ഇക്കാര്യം പാം ബീച്ച് കൗണ്ടി പൊലീസിനെ അറിയിക്കുകയും പൊലീസ് വൈദികനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈവശം വയ്ക്കുക, അത് പ്രായപൂർത്തിയാകാത്തവർക്ക് വിതരണം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഫാ.പാലിമറ്റത്തിനു മേൽ ചുമത്തിയിരിക്കുന്നത്.

മുമ്പും ഇത്തരത്തിൽ ആരോപണങ്ങൾക്കു വിധേയനായിട്ടുള്ള വൈദികനാണ് ഫാ.പാലിമറ്റമെന്ന് പറയപ്പെടുന്നു. ഇന്ത്യയിൽ സേവനമനുഷ്ഠിക്കവേ മുതിർന്നവരുടെ സാന്നിധ്യത്തിലല്ലാതെ ചെറിയ കുട്ടികളുമായി അടുത്തിടപഴകുന്നതിൽ നിന്നും ഫാ.പാലിമറ്റത്തെ വിലക്കിയിരുന്നു എന്നാണ് പറയപ്പെടുന്നത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ തനിക്ക് സഭാ മേലധികാരികളിൽ നിന്ന് ശാസന ലഭിച്ചിട്ടുണ്ടെന്ന് ഫാ. പാലിമറ്റം തന്നെ പാം ബീച്ച് കൗണ്ടി ഷെരീഫിനോട് വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് കേസ് ആയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഫാ.പാലിമറ്റത്തിനെതിരേയുള്ള കുറ്റം സഭ ഗൗരവമായി കാണുമെന്ന് സഭാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഇദ്ദേഹം ഈ പള്ളിയിൽ സേവനത്തിനെത്തുന്നത്.