മെൽബൺ: കുർബാനയ്ക്കിടെ തന്നെ കത്തികൊണ്ടു കുത്തിപ്പരിക്കേൽപ്പിച്ച അക്രമിക്കു മാപ്പു നല്കി ഓസ്‌ട്രേലിയയിലെ മലയാളി വൈദികൻ. വടക്കൻ മെൽബണിലെ ഫോക്‌നറിലെ സെന്റ് മാത്യൂസ് പള്ളിയിൽവച്ച് ആക്രമിക്കപ്പെട്ട ഫാ. ടോമി മാത്യു കളത്തൂർ സുഖം പ്രാപിച്ചുവരികയാണ്. ഫാ. ടോമി ഞായറാഴ്ച ഫോക്‌നറിലെ ഇടവക ദേവാലയത്തിൽ കുർബാന അർപ്പിച്ചു.

മാർച്ച് 19ന് ഇറ്റാലിയൻ വംശജനായ എയ്ഞ്ചലോയുടെ ആക്രമണത്തിൽ കത്തി തന്റെ തിരുവസ്ത്രം തുളച്ച് തോളിൽ ആഴ്ന്നിറങ്ങിയെന്ന് വൈദികൻ പള്ളിയിൽ പറഞ്ഞു. ആക്രമണത്തിനു മുമ്പ് താൻ സ്ഥലത്തില്ലായിരുന്ന സമയത്ത് അക്രമി മൂന്നുവട്ടം പള്ളിയിലെത്തിയിരുന്നുവെന്നും വൈദികൻ വ്യക്തമാക്കി. ആ ഇന്ത്യക്കാരൻ എവിടെ എന്നു ചോദിച്ചാണ് എയ്ഞ്ചലോ എത്തിയത്. മാർച്ച് നാലിന് എയ്ഞ്ചലോയെ നേരിട്ടു കാണാനായി. തന്നെ ഇവിടെ കുർബാന അർപ്പിക്കാൻ അനുവദിക്കില്ലെന്ന് എയ്ഞ്ചലോ പറഞ്ഞു. ഇന്ത്യക്കാർ ഹിന്ദുക്കളോ മുസ്ലിംകളോ ആണെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ഇന്ത്യയിൽ രണ്ടു കോടി കത്തോലിക്കാ വിശ്വാസികൾ ഉണ്ടെന്നും ഫാ. ടോമി പറഞ്ഞു.

തന്നെ ആക്രമിച്ച എയ്ഞ്ചലോയുടെ മാനസിക നില ശരിയല്ലെന്നും വൈദികൻ സംശയം പ്രകടിപ്പിച്ചു. ഞാൻ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. കാരണം അദ്ദേഹത്തിനു സുഖമില്ല. എയ്ഞ്ചലോയോടു തനിക്ക് വിരോധമോ വെറുപ്പും വിദ്വേഷവും ഇല്ലെന്നും ഫാ. ടോമി പറഞ്ഞു.

മാർച്ച് 19ന് ഇറ്റാലിയൻ ഭാഷയിലുള്ള കുർബാനയ്ക്കായി പ്രാരംഭ ഗീതം ആലപിക്കേയാണ് 72 വയസുള്ള എയ്ഞ്ചലോ 48 വയസുള്ള വൈദികനെ ആക്രമിച്ചത്. തിരുവസ്ത്രങ്ങൾ അണിഞ്ഞ് അൾത്താരയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് വൈദികൻ ആക്രമിക്കപ്പെട്ടത്. കഴുത്ത് ലക്ഷ്യമാക്കിയാണു കുത്തിയതെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ ഇടതു തോളിലാണ് ഏറ്റത്.

നിങ്ങൾ ഇന്ത്യക്കാരനാണെങ്കിൽ കുർബാനയ്ക്ക് അവകാശമില്ലെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നു. നിങ്ങൾ ഹിന്ദുവോ മുസ്ളീമോ ആയിരിക്കുമെന്നും ഇയാൾ വിളിച്ചുപറഞ്ഞു. അക്രമത്തിന് ശേഷം ഇയാൾ ഓടിരക്ഷപ്പെട്ടു.

സാരമായ പരിക്കില്ലെന്ന് കരുതി ഫാ.ടോമി ബലിയർപ്പിക്കുവാൻ തയ്യാറെടുത്തെങ്കിലും തിരുവസ്ത്രത്തിൽ രക്തം പൊടിയുന്നത് അദ്ദേഹത്തി9െറ സഹ ശുശ്രൂഷികൾ കണ്ടു. തുടർന്ന് വിശ്വാസികൾക്കായി ഫാ.ടോമി ഒരു ഹ്രസ്വമായ പ്രാർത്ഥന നടത്തി ആശീർവാദം നല്കി. അപ്പോഴേയ്ക്കും ആംബുലൻസ് ചർച്ചിനു പുറത്ത് എത്തിയിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നല്കിയ ശേഷം ഉടൻ തന്നെ ഫാ.ടോമിയെ ഹോസ്പിറ്റിലിലേയ്ക്ക് മാറ്റി അടിയന്തിര പരിചരണ വിഭാഗത്തിലാക്കി.

ബന്ധു വീട്ടിലാണ് ഫാ. ടോമി വിശ്രമിച്ചിരുന്നത്. അദ്ദേഹം ഏറെക്കുറെ പരിക്കിൽനിന്നു മുക്തനായി. ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും മാധ്യമങ്ങളും പൊലീസും നല്കിയ പിന്തുണയിൽ വൈദികൻ നന്ദി അറിയിച്ചിരുന്നു.

കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കളത്തൂർ കുടുംബാംഗമായ ഫാ.ടോമി 2014 മുതൽ ഇതേ ചർച്ചിൽ വികാരിയായി സേവനമനുഷ്ഠിച്ച് വരുന്നു. ഞായറാഴ്ച ഉന്മേഷവാനായി വീണ്ടും ബലി വേദിയിൽ എത്തിയ ഫാ.ടോമി തനിക്കായി പ്രാർത്ഥിച്ചവർക്കും പിന്തുണ നല്കിയവർക്കും ഇടവക വിശ്വാസികൾക്കും നന്ദി പറഞ്ഞു. ഇടവകാംഗങ്ങൾ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹത്തെ സ്വീകരിച്ചു.