വാഷിങ്ടൺ: ത്രിദിന അമേരിക്കൻ സന്ദർശനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി. ജോ ബൈഡൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യൻ പ്രതിനിധി തരൺജീത് സിങ് സന്ധുവും യുഎസ് പ്രതിരോധ സേന മേധാവികളും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ജോയിന്റ് ബേസ് ആൻഡ്രൂസിൽ വിമാനം ഇറങ്ങിയ മോദിയെ സ്വീകരിക്കാൻ പ്രവാസി ഇന്ത്യക്കാരുടെ വലിയസംഘം കാത്തുനിന്നിരുന്നു. 

അമേരിക്കയിലുള്ള ഇന്ത്യൻ വംശജരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു. ത്രിവർണ പതാക ഉയർത്തിക്കൊണ്ട് ജനങ്ങൾ മോദിയെ വരവേറ്റു. ജനങ്ങളുടെ ഹൃദ്യമായ സ്വീകരണത്തിന് മോദി നന്ദിയറിയിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾ വേറിട്ട് നിൽക്കുന്നുവെന്നും അവരാണ് നമ്മുടെ ശക്തിയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.



അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച, ക്വാഡ് ഉച്ചകോടി, ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയെ അഭിസംബോധന ചെയ്യൽ എന്നിവയാണ് മോദിയുടെ ത്രിദിന യു.എസ്. സന്ദർശനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇത് ആദ്യമായാണ് ജോ ബൈഡനും മോദിയും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത്.

അമേരിക്കൻ സന്ദർശനത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ച, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് മോദി-മോറിസൺ കൂടിക്കാഴ്ച.

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ശേഷിയുള്ള കോർപറേറ്റ് കമ്പനികളുടെ യു.എസിലെ മേധാവികളുമായും മോദി കൂടിക്കാഴ്ച നടത്തും. ക്വാൽകോം, ബ്ലാക്ക് സ്റ്റോൺ, അഡോബ്, ജനറൽ അറ്റോമിക്സ്, ഫസ്റ്റ് സോളാർ തുടങ്ങിയവയുടെ സിഇഒകൾ മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കും.



വെള്ളിയാഴ്ചയാണ് മോദി-ബൈഡൻ കൂടിക്കാഴ്ച. ഇതാദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത്. ശനിയാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെയും മോദി അഭിസംബോധന ചെയ്യും.