ന്യൂഡൽഹി: മുൻകൂട്ടി റിസർവ് ചെയ്ത സീറ്റിൽ മറ്റൊരാൾ യാത്ര ചെയ്തതിനെ തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിന് റെയിൽവെ 75,000 രൂപ നൽകാൻ വിധി. ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റേതാണ് ഉത്തരവ്.

നഷ്ടപരിഹാരമായി നൽകേണ്ട 75,000 രൂപയിൽ മൂന്നിലൊന്ന് തുക ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിയുടെ ശമ്പളത്തിൽ നിന്ന് ഈടാക്കണം. റിസർവ് ചെയ്ത ആൾക്ക് തന്നെ സീറ്റ് ലഭ്യമാക്കാത്തതിനാണ് ടിടിയിൽ നിന്നും പിഴയീടാക്കാൻ വിധിച്ചത്.

2013 മാർച്ച് 30 ന് ദക്ഷിൺ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കെത്തിയ വി വിജയകുമാറിനാണ് നഷ്ടപരിഹാരം നൽകേണ്ടത്. വിശാഖപട്ടണത്ത് നിന്ന് ന്യൂഡൽഹിയിലേക്കാണ് ഇയാൾ ടിക്കറ്റ് ബുക്ക് ചെയ്തത്.

കാൽമുട്ട് വേദനയെ തുടർന്ന് താഴത്തെ ബർത്താണ് വിജയകുമാർ ബുക്ക് ചെയ്തിരുന്നത്.
മധ്യപ്രദേശിലെ ബിന സ്റ്റേഷനിലെത്തിയപ്പോൾ ഒരു സംഘമാളുകൾ കോച്ചിൽ കയറുകയും വിജയകുമാറിന്റെ സീറ്റ് കൈവശപ്പെടുത്തുകയുമായിരുന്നു. പരാതിപ്പെടാൻ ടിടിഇയെ അന്വേഷിച്ചെങ്കിലും ഉത്തരവാദപ്പെട്ട ആരെയും കണ്ടില്ലെന്ന് വിജയകുമാർ പരാതിയിൽ ബോധിപ്പിച്ചിരുന്നു.