പ്രതിസന്ധിഘട്ടങ്ങൾ പലപ്പോഴും അവസരങ്ങളും ഉണ്ടാക്കുന്നു. ഇന്ത്യയുടെ കാര്യത്തിൽ പ്രത്യേകിച്ചും. ഇനിയൊരു തരത്തിൽ പറഞ്ഞാൽ പ്രതിസന്ധിഘട്ടങ്ങളിലാണ് ഇന്ത്യ സടകുടഞ്ഞെഴുന്നേൽക്കുന്നത്. മറുനാടൻ മലയാളിയിൽ ഫെബ്രുവരി മാസത്തിൽ ഞാനൊരു ലോഖനമെഴുതുകയുണ്ടായി. ഇന്ത്യ എന്ന 'വികസിത ഇക്കോണമി' യുടെ സുവർണ്ണ പിറവി നടന്നു കഴിഞ്ഞു. ചരിത്രത്തിൽ ചിലപ്പോൾ ചില അസാധാരണ സാഹചര്യങ്ങളുടെ കൂടിച്ചേരലുകൾ നടക്കാറുണ്ട്. ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെ കാര്യത്തിലും പല അനുകൂലസാഹചര്യങ്ങളുടെ കൂടിച്ചേരലുകൾ നടന്നിരിക്കുന്നു. വരാൻ പോകുന്നത് ഇന്ത്യയുടെ സുവർണ്ണ വര്ഷങ്ങളാണ്. ലോക ജനതയെതന്നെ മുന്നോട്ടു നയിക്കുന്ന ഒരു എൻജിൻ ആയി കൂടി ഇന്ത്യ വളരും. ഇതൊക്കെ ആ ലേഖനത്തിലെ ഉള്ളടക്കം ആയിരുന്നു. ആ വളർച്ച യിലേക്കുള്ള ഒരു പ്രധാന തീരുമാനം ആയിട്ടുവേണം ഇന്ത്യൻ കറൻസിയിൽ രാജ്യാന്തര വ്യാപാരം അനുവദിച്ചുകൊണ്ടുള്ള റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവിനെ കാണേണ്ടത്.

ഇന്ത്യൻ കറൻസിയിൽ രാജ്യാന്തര വ്യാപാരം അനുവദിച്ചുകൊണ്ടുള്ള റിസേർവ് ബാങ്കിന്റെ നോട്ടിഫിക്കേഷൻ വായിക്കുക: ''In order to promote growth of global trade with emphasis on exports from India and to support the increasing interest of global trading community in INR, it has been decided to put in place an additional arrangement for invoicing, payment, and settlement of exports / imports in INR,' the RBI said in a notification.

ഈ നോട്ടിഫിക്കേഷനെ കേരളത്തിലെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് വിദേശ നാണ്യശേഖരത്തിലെ ഇടിവ്, ഇന്ത്യൻ കറൻസിയുടെ മൂല്യ ഇടിവ്; ഇതൊക്കെ തടയായാനുള്ള ആർ ബി ഐ യുടെ ശ്രമങ്ങളാണ് എന്ന നിലക്കാണ് . ഇന്ത്യൻ വിജയങ്ങളെ ടോക്ക് ഡൗൺ ചെയ്തുകൊണ്ട് വാർത്തകൾ എഴുതുക എന്നതിൽ മലയാള മാധ്യമങ്ങൾ ഒരു പ്രത്യേക ആല്മരതി അനുഭവിക്കുന്ന കൂട്ടത്തിലാണ്. ഈ ഉത്തരവ് ഇന്ത്യൻ വിദേശ നാണ്യശേഖരത്തിലെ ഇടിവ് തടയാനുള്ള ആർ ബി ഐയുടെ ശ്രമങ്ങളാണ് എന്ന നിലക്ക് വായിക്കരുത്. അവസരങ്ങളുടെ യഥാവിധി ഉപയോഗപ്പെടുത്തൽ എന്ന നിലക്ക് കാണുക.

ഈ നോട്ടിഫിക്കേഷന്റെ പ്രധാന ദൂരവ്യാപകമായ ഉദ്ദേശങ്ങളിലൊന്ന് ലോക വ്യാപാര കറൻസിയായ ഡോളറിന് വെളിയിൽ ഇന്ത്യക്ക് ഇന്ത്യയുടെ കച്ചവട താല്പര്യങ്ങളുമായി മുന്നോട്ടുപോകാനുള്ള വഴിതുറക്കലാണ് എന്നതാണ്. അന്താരാഷ്ട്ര കച്ചവടങ്ങൾക്ക് ഒരു വിദേശ രാജ്യത്തിന്റെ മേല്‌കോയ്മകൾക്കും വശപ്പെടാതെ മുന്നോട്ടുപോകാനുള്ള വഴിയൊരുക്കൽ. ഇത് അടുത്ത നാൾ മുതൽ പ്രാവർത്തികമാകാനൊന്നും പോകുന്നില്ല. എങ്കിലും അതിലേക്കുള്ള ഒരു കാൽവെയ്പാണ്. A right decision at the right time, appropriate time. ജിയോ പൊളിറ്റിക്കൽ സങ്കർഷങ്ങൾ ഇത്രമേൽ കലുഷമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വരും വർഷങ്ങളിൽ വേറൊരു രാജ്യത്തിന്റെ മേല്‌കോയ്മകളിൽ പെട്ടുപോകാതെ എങ്ങനെ രാജ്യതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ആലോചനകളിൽ ആണ് ഈ തീരുമാനമുണ്ടാകുന്നത്. India has arrived എന്നതിന്റെ ചുവടുവെപ്പുകളാണിതൊക്കെ.

ഇത് വിജയിക്കുന്നതോടുകൂടി ഇന്ത്യൻ കറൻസി ഗ്ലോബലൈസ് ചെയ്യപ്പെടുകയാണ്. ആദ്യം ചെറു രാജ്യങ്ങളുമായി നേപ്പാൾ, ശ്രീലങ്ക, മാലിദീപ്, ചെറു ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുമായും പിന്നീട് ഈ അനുഭവം ഉപയോഗിച്ച് പതിയെ വലിയ കച്ചവട രാജ്യങ്ങളുമായും ഇന്ത്യൻ രൂപയിൽ കച്ചവടം തുടരാനും വികസിപ്പിക്കാനും നമുക്കാവും. രാജ്യത്തിന്റെ വ്യാവസായിക വികസനത്തിനനുസരിച്ചു് ഡോളറിന് ബദൽ നിൽക്കുന്ന ഒരു കറൻസിയാ യി ഇന്ത്യൻ രൂപ വികസിക്കുന്ന ത് സങ്കല്പിക്കുന്നതിൽ അപാകതയില്ല. അതൊരു സാദ്ധ്യത തന്നെയാണ്. ഇത്തരം ചെറു കച്ചവട ബന്ധങ്ങൾ ആ രാജ്യങ്ങൾക്കും വളരെ ഉപകാരപ്രദമായി മാറും. ചെറു രാജ്യങ്ങൾ പലതും ഇന്ന് ഡോളറിന്റെ വരിഞ്ഞു മുറുകലിൽ പൊറുതിമുട്ടുന്നവയാണ്. അവർക്കും ഇതൊരു അവസരമാകുന്നു.

ഇന്ത്യൻ കറൻസിയിൽ ഇപ്പോൾ ക്യാപിറ്റൽ അക്കൗണ്ട് കൺവെർട്ടിബിലിറ്റി അനുവദിച്ചിട്ടില്ല. ക്യാപിറ്റൽ അക്കൗണ്ട് കൺട്രോൾ നിലനിർത്തുന്ന രാജ്യമാണ് ഇന്ത്യ. അതായത് ഇന്ത്യൻ രൂപ ഇന്ത്യയിൽ നിന്ന് പുറത്തേക്ക് അനുവദിക്കപ്പെട്ട, നിശ്ചയിക്കപ്പെട്ട അല്ലെങ്കിൽ റിസേർവ് ബാങ്കിന്റെ അനുവാദം വാങ്ങി മാത്രമേ നടത്താൻ കഴിയുകയുള്ളു. അത് അനുവദിക്കപ്പെട്ട ചാനലുകളിൽ കൂടി മാത്രമേ വിദേശത്തും ഉപയോഗിക്കാൻ കഴിയുകയുള്ളു. മറിച്ചു അമേരിക്കൻ ഡോളർ ആണെങ്കിൽ നിങ്ങള്ക്ക് ലോകത്തെ ഏതു ഓണം കേറാ മൂലയിലാണെങ്കിലും വാങ്ങിക്കാം വിൽക്കാം ക്രയവിക്രയത്തിന് ഉപയോഗിക്കാം. അമേരിക്കൻ ഡോളർ കൺവെർട്ടിബിൾ ആണ്. ഇന്ത്യൻ രൂപ കൺവെർട്ടിബിൾ അല്ല.

ആർ ബി ഐ യുടെ ഈ പുതിയ ഉത്തരവിന് ശേഷവും ഇന്ത്യൻ രൂപ കൺവെർട്ടിബിൾ ആകാൻ പോകുന്നില്ല. ഇന്ത്യൻ രൂപയ്ക്കു അന്താരാഷ്ട്ര തലത്തിൽ ഒരു ക്രിട്ടിക്കൽ സ്‌കെയിൽ എത്തിക്കഴിഞ്ഞ ശേഷമേ അത് അനുവദിക്കാൻ കഴിയുകയുള്ളു. അതാണ് സുരക്ഷിതം. അപ്പോൾ അന്താരാഷ്ട്ര കച്ചവടങ്ങൾക്ക് ഈ ഉത്തരവ് എങ്ങനെ സഹായമാകും എന്ന ചോദ്യം ഉദിക്കുന്നു. അതിന് ഇപ്പോൾ നടക്കാൻ പോകുന്ന മാർഗ്ഗം ഇന്ത്യൻ രൂപയിൽ മുൻ നിശ്ചയിച്ച കറൻസി മൂല്യത്തിൽ ക്രയവിക്രയങ്ങൾ നടത്തുക എന്നതാണ് . ഉദാഹരണമായി റഷ്യയുമായാണ് വ്യവഹാരമെങ്കിൽ ഇന്ത്യയിലെ ഒരു ബാങ്ക് മോസ്‌കോ യിൽ ബ്രാഞ്ച് ഉണ്ടായിരിക്കും. അതിൽ റഷ്യയിലെ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നു. (Vostro account എന്നാണ് ഇത്തരം അക്കൗണ്ട്കളെ വിളിക്കുന്നത്). എല്ലാ ക്രയവിക്രയ മൂല്യങ്ങളും ഇന്ത്യൻ രൂപയിൽ ഈ അക്കൗണ്ട് കളിലൂടെ നടക്കുന്നു. ഇവിടെ പ്രശ്‌നം , രണ്ടു രാജ്യങ്ങലും തമ്മിലുള്ള കയറ്റിറക്കുമതികൾ ഏകദേശം ബാലൻസ് ആയി പോകുന്ന അവസ്ഥയിൽ ഇത് എല്ലാം ഓക്കെ ആണ്. മുന്നോട്ടുപോകും. എന്നാൽ ഇന്ത്യ റഷ്യയിൽ നിന്ന് വളരെ എണ്ണ ഇറക്കുമതിചെയ്യു ന്നു. മറ്റ് ധാതുക്കളുടെ കാര്യത്തിലും റഷ്യ വളരെ സമ്പുഷ്ടമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി വളരെ കൂടുതലും കയറ്റുമതി കുറവുമായിരിക്കും. ഇന്ത്യൻ രൂപ റഷ്യയിൽ വളരെ വർദ്ധിക്കും. അത്തരം അവസ്ഥയിൽ വേറെ പോംവഴികൾ കണ്ടെത്തേണ്ടി വരും. പഴയ USSR ഇങ്ങനെ സ്വരൂപിക്കപെട്ട ഇന്ത്യൻ രൂപയെ Auction ചെയ്യുക എന്ന നിർദ്ദേശം ചർച്ച ചെയ്യുകയുണ്ടായി (1993 -1994 ). ഇപ്പോൾ പക്ഷെ റഷ്യ മറ്റുവഴികൾ കാണുന്നുണ്ടാകും, വേറെയും രാജ്യങ്ങളുമായി ചേർന്ന്, ഇറാൻ മുതലായ ചേർന്ന്, ഒരു വലിയ കച്ചവട ബ്ലോക്ക്. അത് പക്ഷെ അങ്കിൾ സാമിനെ വല്ലാതെ ചൊടിപ്പിക്കും.

ഇന്ത്യൻ കറൻസിയിൽ രാജ്യാനന്തര വ്യാപാരം നടക്കുകയും അത് പതിയെ പതിയെ വികസിക്കുകയും ഇന്ത്യൻ കറൻസി ഗ്ലോബലൈസ് ചെയ്യപ്പെടുകയും ചെയ്യുമ്പോൾ അടുത്ത പടിയായി SWIFT നു സമാനമായ ഒരു രാജ്യാന്തര മെസ്സേജിങ് സിസ്റ്റം കൂടി ഉണ്ടാകേണ്ടിയിരിക്കുന്നു. വെസ്റ്റേൺ രാജ്യങ്ങളുടെ മേല്‌കോയ്മകൾക്കു വശംവദരാകാതെ അവരുടെ കുത്തക നിയന്ത്രണങ്ങൾക്ക് പകരം നിൽക്കാൻ ഒരു സിസ്റ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. SWIFT എന്ന അന്താരാഷ്ട്ര മെസ്സേജിങ് സിസ്റ്റത്തിന് പകരം കണ്ടെത്തൽ ഉണ്ടാകേണ്ടിയിരിക്കുന്നു. അതൊരു ടെക്‌നോളജി വിഷയമാണ്.

ഇവിടെ എന്താണ് SWIFT സിസ്റ്റം എന്നതിനെക്കുറിച്ചു ഞാൻ നേരത്തെ എഴുതിയ ലേഖനത്തിലെ ആശയം ഉപയോഗിക്കട്ടെ. SWIFT സിസ്റ്റത്തിന്റെ സെർവർ വെച്ചിരിക്കുന്നത്, അത് പ്രധാനമായും കൈകാര്യം ചെയ്യപ്പെടുന്നത് ബെൽജിയത്തിൽ നിന്നുമാണ്. അതിലെ സോഫ്റ്റ്‌വെയർ, ഡാറ്റ ഇവ വേറെയും മൂന്ന് രാജ്യങ്ങളിൽ സൂക്ഷിക്കപെടുന്നു. ഒരു സെർവർ വെച്ചിരിക്കുന്നത് വളരെ രഹസ്യമായാണ് . ഏതു രാജ്യത്താണ് എവിടെയാണ് ആ സെർവർ സൂക്ഷിച്ചിരിക്കുന്നത് എന്ന് വളരെ കുറച്ചു പേർക്ക് മാത്രമേ അറിയുകയുള്ളൂ. ഒരു ദിവസം 33 മില്യൺ വ്യവഹാരങ്ങൾ, അഞ്ചു ലക്ഷം കോടി ഡോളറിന്റെ വിനിമയം ഒരു ദിവസം, നടക്കപെടുന്ന സിസ്റ്റമാണ് SWIFT. എന്നാൽ SWIFT സിസ്റ്റത്തെ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേറ്റന്റ് അവകാശം പോലെ ആരെങ്കിലും അവകാശ പെടുന്നത് ശരിയല്ല. രാജ്യങ്ങൾ തമ്മിലുള്ള കച്ചവടങ്ങൾ വികസിച്ചതിനനുസരിച്ചു പതിയെ വികസിച്ചു വന്നതാണത്. ഇതൊരു മെസ്സേജിങ് സിസ്റ്റം മാത്രമാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് ബാങ്കുകളിൽ ജോലിചെയ്തവർക്കറിയാം ഇത് നേരത്തെ ടെലിപ്രിന്റിൽ കൂടിയായിരുന്നു വന്നുകൊണ്ടിരുന്നത്. പിന്നീട് ടെക്നോളജി വികസിക്കുന്നതിനനുസരിച്ചു വികസിച്ചു ഇന്നത്തെ നിലയിൽ എത്തിയതാണ്. ലോകത്തെ ബാങ്കിങ് സിസ്റ്റത്തിന്റെ വളർച്ചയിൽ കൂടിയാണ് ഇതും വളർന്നത്. ഫേസ് ബുക്ക് പോലെ അല്ലെങ്കിൽ ട്വിറ്റർ പോലെ ചിലരുടെ പേറ്റന്റ് അവകാശം പോലെ ഇതിനെ കാണുന്നത് മോറൽ അല്ല. കുറെ രാജ്യങ്ങളുടെ ലോബി ചേർന്ന് അതിൽ നിന്നും ഒരു രാജ്യത്തെ, യാതൊരു വിധ അന്താരാഷ്ട്ര കച്ചവട നീതികളും കോൺട്രാക്ച്യുൽ നീതികളും മാനിക്കാതെ ഒരു രാജ്യത്തെ ഏകപക്ഷീയമായി പുറത്താക്കുക എന്നതിൽ ഒരു വലിയ ധാർഷ്ട്യം ഉണ്ട്. അത് അനീതിയാണ്.

റഷ്യ യുക്രൈനെ ആക്രമിച്ചത് അക്രമമാണ് അനീതിയാണ് ധാർഷ്ട്യമാണ്. എന്നാൽ ഇത് യാതൊരു അന്താരാഷ്ട്ര നിയന്ത്രണങ്ങളുമില്ലാതെ ചിലർ ചേർന്നുള്ള സ്‌ട്രോങ്ങ് ആം നിലപാടാണ്. . ഇതിനെ കച്ചവട ഉപരോധമായി കാണാൻ പറ്റില്ല. SWIFT സിസ്റ്റത്തിൽ നിന്ന് ഒരു രാജ്യത്തെ പുറത്താക്കുക എന്നാൽ ഒരു സാദൃശം വെച്ചുപറഞ്ഞാൽ ലോക നാവിക മാർഗ്ഗം (Shipping Lines, path) തടയുന്നതിന് തുല്യമാണത്. അത് നേരിട്ടുള്ള അക്രമത്തിന് തുല്യം തന്നെ. നിങ്ങൾ ഉപരോധം ആണ് നടത്തുന്നതെങ്കിൽ നിങ്ങളും നിങ്ങളുടെ സൗഹൃദ രാജ്യങ്ങളും കൂടി റഷ്യ യുമായുള്ള എല്ലാ കച്ചവട ബന്ധങ്ങളും നിർത്തുക. അത് മനസ്സിലാക്കാവുന്നതാണ് അംഗീകരിക്കാവുന്നതാണ്. അത് ലെജിറ്റ് ആണ്. ഉദാഹരണമായി ഇന്ത്യ പാക്കിസ്ഥാനുമായുള്ള എല്ലാ കച്ചവട ബന്ധങ്ങളും നിർത്തുന്നതുപോലെ. എന്നാൽ സ്വിഫ്റ്റ് സിസ്റ്റത്തിൽ നിന്ന് ഏകപക്ഷീയമായി പുറത്താക്കൽ ഒരു അഗ്ഗ്രെഷൻ ആണ്. ആണവ ആയുധങ്ങൾ നിലനിൽക്കുന്നതുകൊണ്ട് മാത്രമാണ് ഇതൊക്കെ ചാലഞ്ചു് ചെയ്യപ്പെടാതെ പോകുന്നത്. ആത്യന്തികമായി ബാധിച്ച രാജ്യങ്ങളെല്ലാം ചേർന്ന് ഇതിനൊരു പകരം നിൽക്കുന്ന സിസ്റ്റം ഉരുത്തിരിക്കുകതന്നെ ചെയ്യും. ഇപ്പോൾ തന്നെ റഷ്യക്ക് SPFS എന്നൊരു സോഫ്റ്റ്‌വെയറും ചൈനക്ക് CIPS ( Cross-Border Interbank Payment System ) എന്നൊരു പേയ്‌മെന്റ് സിസ്റ്റവും പ്രാവർത്തിക തലത്തിൽ നിലവിലുണ്ട്. ഇന്ത്യയുടെ INFINET എന്ന, ഇപ്പോൾ NEFT, RTGS , മുതലായവ നടക്കുന്ന സിസ്റ്റം വികസിപ്പിച്ചു് SWIFT നു പകരമായി ഉപയോഗിക്കാവുന്നതാണോ എന്ന കാര്യം ആർബിഐ യുടെ പരിഗണനയിലാണ്. വരാൻ പോകുന്ന വർഷങ്ങളിൽ ഇവ യൊ ക്കെ പല രാജ്യങ്ങളും ഉപയോഗിക്കാൻ തുടങ്ങും കൂടുതൽ പ്രായോഗിക തലത്തിലേക്ക് വളരും. ആത്യന്തിക നഷ്ടം അങ്കിൾ സാമിനു തന്നെയായിരിക്കും.

ഇങ്ങനെ കാര്യങ്ങ ൾ വികസിക്കുമ്പോൾ ഇതിന്റെയൊക്കെ ആത്യന്തിക ഫലം അമേരിക്കൻ കറൻസിയുടെ, ഡോളർ അടിസ്ഥാനമായ ലോക സാമ്പത്തിക ക്രമത്തിന്റെ, അപ്രമാദിത്തം പതിയെ കുറയും. ഒരു മൾട്ടി കറൻസി ലോക കച്ചവട വ്യവസ്ഥിതി പതിയെ ഉടലെടുക്കും. മൾട്ടി ട്രേഡ് ബ്ലോക്കുകളും മൾട്ടി കറൻസി വ്യവസ്ഥകളും നിലവിൽവരും. ഇന്ത്യൻ രൂപയിലും ചൈനീസ് കറൻസിയിലും സൗദി റിയാലിലും മറ്റു പ്രമുഖ കറന്‌സികളിലും കച്ചവടങ്ങൾ അന്താരാഷ്ട്ര ക്രയവിക്രയങ്ങൾ നടന്നു തുടങ്ങും. ഇന്ത്യ പതിയെ ലോക മാനുഫാക്ച്ചറിങ് ഹബ്ബ് പതിയെ ആകുന്നതോടുകൂടി ഇന്ത്യൻ രൂപ ലോക മാർക്ക റ്റിൽ സർവ്വ സാധാരണമായി ഉപയോഗിക്കപ്പെടും. അതെ നമ്മുടെ NGO ബുദ്ധിജീവികൾ നിരന്തരം ടോക്ക് ഡൗൺ ചെയ്തു നടക്കുന്ന ഇന്ത്യൻ രൂപ പതിയെ ലോക കച്ചവടങ്ങളിൽ പ്രാമുഖ്യം നേടാൻ പോകുന്നു. ഇന്ത്യൻ കറൻസിയിൽ രാജ്യാനന്തര വ്യാപാരം അനുവദിച്ചുകൊണ്ടുള്ള ആർബിഐ നോട്ടിഫികേഷന് ഇത്തരം വലിയ പൊട്ടൻഷ്യൽ നിലനിക്കുന്നു. അല്ലാതെ ഇന്ത്യയുടെ forex സഞ്ചിത ശേഖരത്തിന് ഇടിവ് വരുന്നത് തടയാനുള്ള നീക്കം , ഇന്ത്യ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പതിക്കുന്നത് തടയുക , മുതലായ ദോഷൈകദൃക് കളുടെ വിലയിരുത്തലുകൾ തള്ളിക്കളയുക.

ഇന്ത്യ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോകും എന്നൊക്കെ പറയുന്നവർ ഇന്ത്യയുടെ ഇൻഡസ്ട്രിയൽ ഉത്പാദന വ്യവസ്ഥയുടെ, ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ ഉൾക്കരുത്തും ആഴവും വൈവിധ്യവും മനസ്സിലാക്കാത്തവരാണ്. മൊട്ടു സൂചി മുതൽ വിമാനങ്ങളും ചൊവ്വായാത്രകളും വരെ നടത്താൻ കെൽപ്പുള്ള ഇന്ത്യയുടെ ആന്തരിക ശക്തി മനസ്സിലാക്കാത്തവരാണ്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥകളുടെ , ആർ ബി ഐ , SEBI, ഇൻഷുറൻസ് റെഗുലേറ്ററി അഥോറിറ്റി, NATIONAL GREEN TRIBUNAL മുതലായ പലതരം ട്രിബ്യുണലുകൾ, ഇത്തരം റെഗുലേറ്ററി ബോഡികളുടെ അധികാര സ്വാതന്ത്ര്യം, വികേന്ദ്രീകൃത സ്വഭാവം, അതിന്റെ ശക്തി മനസ്സിലാക്കാതെയാണ് പറയുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന ധനതത്വ ശാസ്ത്രജ്ഞന്മാരുടെ ലഭ്യതയും കഴിവും മാനേജീരിയൽ എബിലിറ്റിയും മനസ്സിലാക്കാത്തവരാണ് ഇതൊക്കെ പറയുന്നത്.. പ്രതിസന്ധികൾ ഉണ്ടാകും . ലോകം മുഴുവൻ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ഇന്ത്യയിലും കൊടും പ്രതിസന്ധികൾ ഉണ്ടാകാം. പക്ഷെ അതിലെ തിക്തത കുറച്ചു മുന്നോട്ടു പോകാൻ ഇന്ത്യക്ക് ഇന്ന് കഴിവുണ്ട്.

രൂപയുടെ മൂല്യം നിലനിർത്താൻ , വിദേശനാണ്യ ശേഖരം കുറയാതിരിക്കാൻ ഇന്ത്യയോട് ആദരവ് നിലനിർത്തുന്ന വലിയൊരു പറ്റം ഇന്ത്യൻ ഡയസ്‌പോറ ചെറിയ തോതിലാണെങ്കിലും സഹായിക്കുന്നു. അവരുടെ റെമിറ്റൻസ് ആകർഷിക്കാൻ ഈയിടെ FCNR B നിരക്ക് ബാങ്കുകൾ വർദ്ധിപ്പിക്കുകയുണ്ടായി. ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് താഴോട്ടു പോകുന്നതിനെ കുറച്ചു് വിശദീകരിക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ രൂപയുടെ നിരക്ക് താഴോട്ടു താഴോട്ടു പോകുക എന്ന് വച്ചാൽ ലോക ഇൻഫ്ളേഷൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക എന്ന് കൂടി അർത്ഥം. എണ്ണ ഇറക്കുമതി ചെലവ് വളരെ വർദ്ധിക്കും. എന്നാൽ ഇവിടെ വേറൊരു വശം കൂടിയുണ്ട്. വിദേശ മൂലധനം ക്യാപിറ്റൽ മാർക്കെറ്റിൽ നിന്നും വളരെ പിൻവലിച്ചുകൊണ്ടുപോകുന്ന സമയമാണിത്. ഈ അവസരത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം കൃത്രിമമായി ഉയർത്തി നിർത്തുക എന്നുവച്ചാൽ അതിനർത്ഥം വിദേശ മൂലധനം പിൻ വലിക്കുന്നവർ ക്ക് ഗുണം ഉണ്ടാക്കി കൊടുക്കുക എന്നുകൂടി അർത്ഥം. ഉദാഹരണമായി ഒരു വിദേശ നിക്ഷേപകൻ ഒരു ലക്ഷം ഡോളർ പിൻവലിക്കുകയാണെന്നു കരുതുക. ഡോളറിന്റെ വില Rs 75 ൽ നിലനിർത്തുകയാണെങ്കിൽ അവർക്ക് 75,00,000 എഴുത്തിഅഞ്ചുലക്ഷം രൂപ കൊടുത്താൽ ഒരു ലക്ഷം ഡോളർ കൊണ്ടുപോകാം. മറിച്ചു ഡോളറിന്റെ വില Rs80 ആകുമ്പോൾ അവർക്ക് 80,00,000 ലക്ഷം ഇന്ത്യയിൽ ചെലവാക്കിയാലേ അതേ ഒരു ലക്ഷം ഡോളർ കൊണ്ടുപോകാൻ ഒക്കുകയുള്ളു.

So far in the calendar year, FPIs have sold Indian equities to the tune of Rs 2,02,244 crore, market data shows.( Economic Times ..Jun 18, 2022. FPI എന്നാൽ Foreign Portfolio Investors). എന്നുവച്ചാൽ ഡോളറിന് 75 രൂപവെച്ചു 2700 കോടി USD വിദേശനിക്ഷേപകർ പിൻ വലിക്കുകയുണ്ടായി . മുകളിലെ കണക്കു പ്രകാരം രൂപയുടെ മൂല്യം കൃത്രിമമായി നിലനിർത്തിയാൽ അത്രയും ഗുണം വിദേശ നിക്ഷേപം പിൻ വലിക്കുന്നവർക്ക് ലഭിക്കുമായിരുന്നു. ഇന്ത്യക്ക് നഷ്ടമായിരിക്കും സംഭവിച്ചിരിക്കുക ( ഈ കാലഘട്ടത്തിൽ ഇന്ത്യയിലേക്കും ഡോളർ ഒഴുക്ക് ഉണ്ടായിട്ടുണ്ട് . ഒരു ആശയം വിശദമാക്കാൻ കാര്യങ്ങളുടെ ഡിമെൻഷൻ വിശദീകരിച്ചതാണ് ). കൃത്രിമമായി രൂപയുടെ മൂല്യം നിലനിർത്തണമെങ്കിൽ ഇന്ത്യയുടെ ശേഖരത്തിലുള്ള 630 ബില്യൺ ഉണ്ടായിരുന്ന FOREX റിസേർവ് വലിയതോതിൽ ഉപയോഗിക്കേണ്ടിവരും. മോറൽ ഓഫ് ദി സ്റ്റോറി ഈസ് ഇത്തരം കാര്യങ്ങൾ വിദഗ്ധന്മാർ മാർക്കറ്റ് അവസ്ഥകൾക്ക് അനുസരിച്ചു തീരുമാനിക്കട്ടെ. ഭാഗ്യവശാൽ ഈ മേഖലയിൽ വലിയൊരു ടാലെന്റ് പൂൾ ഇന്ത്യക്കുണ്ട്. 'ഗോട്ബായ' മാരല്ല ഇവിടെ തീരുമാനങ്ങൾ എടുക്കുന്നത്. നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ ശക്തമാണ്. വിദഗ്ധരാണ് തീരുമാനമെടുക്കുന്നത്.

ഒരിക്കൽ കൂടി പ്രാധാന്യത്തോടെ ഇവിടെ ആവർത്തിക്കേണ്ടതെന്തെന്നാൽ എല്ലാo ഗുഡി ഗുഡി ആണെന്നല്ല. ഈ യുദ്ധം തുടർന്നാൽ ലോകം പട്ടിണി മരണങ്ങളിലേക്കും തൊഴിലില്ലായ്മയിലേക്കും പതിക്കും . പല രാജ്യങ്ങളും വൻ പ്രതിസന്ധികളിൽ വീഴും. പല ജനാധിപത്യങ്ങളും പരാജയ പെടാം. അതിന്റെ പല തിക്ത ഫലങ്ങളും ഇന്ത്യയിലും ഉണ്ടാകും. പെട്രോൾ വില വല്ലാതെ ഇന്ത്യയിലും വർദ്ധിക്കും. വിലക്കയറ്റം ഇന്ത്യയെയും വല്ലാതെ അലട്ടും. ലോക ജിയോ പൊളിറ്റിക്കൽ ട്രാജഡികളിൽ നിന്ന് ഇന്ത്യക്കു മാറി നിൽക്കാനൊന്നും കഴിയില്ല. പക്ഷെ അതിന്റെ തീക്ഷ്ണത കുറക്കാൻ ഇന്ത്യക്കിന്നു കെൽപ്പുണ്ട് എന്നതാണ് കാര്യം. അന്താരാഷ്ട്ര കച്ചവടം ഇന്ത്യൻ രൂപയിൽ അനുവദിച്ചതുകൊണ്ട് ഇതൊന്നും ഇല്ലാതാകാൻ പോകുന്നില്ല. രണ്ടും കൂടി കലർത്തി ചിന്തിക്കരുത് .

റിസേർവ് ബാങ്കിന്റെ ഈ നോട്ടിഫികേഷനെ 'രൂപയെ കൈപിടിച്ചുയർത്താൻ, രൂപയുടെ മൂല്യം 80 രൂപയിൽ എത്തിനിൽക്കുമ്പോൾ നടത്തുന്ന അറ്റകൈ പ്രയോഗം', എന്നൊക്കെ മാധ്യമങ്ങൾ എഴുതുമ്പോൾ, ഇന്ത്യ നടത്തുന്ന അവസരങ്ങളുടെ ഉപയോഗപ്പെടുത്തൽ കാണാതെ പോകുകയാണ്. ഉക്രൈൻ റഷ്യ യുദ്ധം അവസാനിച്ചാലും അന്താരാഷ്ട്ര കച്ചവടങ്ങൾ പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകുക എന്ന ഒരവസ്ഥ ഉണ്ടാകാൻ പോകുന്നില്ല. വെസ്റ്റേൺ രാജ്യങ്ങളും റഷ്യയും പരസ്പരം ഉണ്ടാക്കിയിരിക്കുന്ന മുറിവുകൾ, വിശ്വാസ കുറവ് റഷ്യയിൽ ഭരണ മാറ്റം ഉണ്ടാകാത്തിടത്തോളം കാലം, പരിഹരിക്കാൻ സാധ്യതയില്ല. അതിനർത്ഥം ഇന്ത്യയുടെ അവസരങ്ങൾ, രണ്ടു ബ്ലോക്കുകളുമായും സമരസപ്പെട്ടുകൊണ്ട് ഇന്ത്യക്ക് നടത്താൻ കഴിയുന്ന ബിസിനസ്സ് അവസരങ്ങൾ, അപാരമാണ്. ആ അവസരങ്ങളുടെ ഉപയോഗപ്പെടുത്തലായി ഒരു ചാൺ മു ന്നെ റിയലായി ഈ നോട്ടിഫിക്കേഷനെ കാണണം.