മസ്‌കത്ത്: കാപിറ്റൽ ഏരിയയിലെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണം 5200 കവിഞ്ഞു. അതിനാൽ, ഈ വർഷം അപേക്ഷിക്കുന്ന 60 ശതമാനത്തിലധികം കുട്ടികൾക്കും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റുകളിലായിരിക്കും പ്രവേശനം ലഭിക്കുക.

സ്‌കൂൾ പ്രവേശനത്തിനുള്ള ആദ്യ നറുക്കെടുപ്പ് മാർച്ച് 15ന് മുമ്പ് നടക്കും. രണ്ടാം നറുക്കെടുപ്പ് മാർച്ച് അവസാനത്തോടെയുണ്ടാകും. ഈ വർഷം മൂന്നാം നറുക്കെടുപ്പും വേണ്ടിവരും. നിലവിൽ മസ്‌കത്ത് മേഖലയിലെ ആറ് ഇന്ത്യൻ സ്‌കൂളുകളിൽ 3000 സീറ്റുകളാണ് ഒഴിവുള്ളത്.

കഴിഞ്ഞവർഷം രണ്ടു സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങൾ പണിതിരുന്നു. അതിനാൽ, രാവിലത്തെ ഷിഫ്റ്റിൽ കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകാനും കഴിഞ്ഞിരുന്നു. എന്നാൽ, ഈ വർഷം സ്‌കൂളുകൾ പുതിയ കെട്ടിടങ്ങളൊന്നും പണിയാത്തതിനാൽ രാവിലത്തെ ഷിഫ്റ്റിൽ കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകാൻ കഴിയാത്ത അവസ്ഥയാണ്.

സാധ്യമായ രീതിയിൽ അധിക സീറ്റുകൾ ഉണ്ടാക്കാൻ എല്ലാ സ്‌കൂളുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി പുതിയ അദ്ധ്യാപകരെ നിയമിക്കുന്നതടക്കമുള്ള നടപടി ക്രമങ്ങളും നേരത്തേ പൂർത്തിയാക്കുകയും വേണം.