ഹറിനിലെ കുരുന്നു പ്രതിഭകൾക്കായി ഇന്ത്യൻ സ്‌കൂൾ ഒരുക്കുന്ന ശാസ്ത്ര പ്രശ്‌നോത്തരി മത്സരത്തിന്റെ ഫൈനൽ വെള്ളിയാഴ്ച നടക്കും. ഇന്ത്യൻ സ്‌കൂളിന്റെ റിഫ കാമ്പസിൽ നടക്കുന്ന ഡോ എ പി ജെ അബ്ദുൾകലാം ഇന്റർ ജൂനിയർ സ്‌കൂൾ സയൻസ് ക്വസ്‌റ് 2017 എന്ന് പേരിട്ട മത്സരത്തിൽ ബഹറിനിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള ഒമ്പതും പത്തും വയസുള്ള കരുന്നു പ്രതിഭകൾ മാറ്റുരക്കും.

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുതുമയാർന്ന ഈ സംരംഭം മിസൈൽ സാങ്കേതിക വിദഗ്ധനും ചിന്തകനുമായിരുന്ന മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൽ കലാമിനു ആദര സൂചകമായാണ് ഒരുക്കുന്നത്.

ചെറു പ്രായത്തിൽ തന്നെ കുട്ടികളിൽ ശാസ്ത്രാവബോധവും വേറിട്ട ചിന്തയും വളർത്തുന്നതിന്റെ ഭാഗമായാണ് ഈ ക്വിസ് മത്സരമെന്നു ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പരിപോഷിപ്പിക്കാൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി ഡോ ഷെമിലി പി ജോൺ പറഞ്ഞു. ഈ സംരംഭം ഒരു മികച്ച പഠനാനുഭവം ആക്കിമാറ്റാനുള്ള തയ്യാറെടുപ്പു നടത്തുന്ന സ്‌കൂൾ അദ്ധ്യാപകരെ റിഫ കാമ്പസ് പ്രിൻസിപ്പൽ സുധിർ കൃഷ്ണൻ അഭിനന്ദിച്ചു.

ക്വിസിന്റെ പ്രാഥമിക റൗണ്ട് ഒരു അഭിമാന നിമിഷം ആയിരുന്നുവെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ബഹറിനിലെ 13 സ്‌കൂളുകളെ പ്രതിനിധീകരിച്ചു പങ്കെടുത്ത 37 ടീമുകളിലെ ഓരോ വിദ്യാർത്ഥിക്കും ആവേശജനകമായ അനുഭവമായിരുന്നു പ്രാഥമിക റൗണ്ട്. ഓരോ സ്‌കൂളിലെയും ഒരു ടീം സെമി ഫൈനൽ റൗണ്ടിൽ എത്തിക്കഴിഞ്ഞു. ഇതിൽ നിന്നും ആറു ശക്തമായ ടീമുകൾ വാശിയേറിയ ഫൈനലിൽ മത്സരിക്കും. ഒക്ടോബർ 27നു വെള്ളിയാഴ്ച 4.30 നു സെമി ഫൈനലും തുടർന്ന് 6.30 നു ഫൈനലും നടക്കും.

ക്വിസ് മാസ്റ്റർ ശരത് മേനോനും സംഘവുമാണ് ശാസ്ത്ര പ്രശ്‌നോത്തരി നയിക്കുന്നത്. കുട്ടികളിൽ ശാസ്ത്ര കൗതുകവും അവബോധവും വളർത്താൻ ഉതകുന്ന മികച്ച ചോദ്യങ്ങൾ അവർ തയ്യാറാക്കിയിരുന്നു. ശാസ്ത്രത്തോടുള്ള അഭിരുചി പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിലെ പ്രാഥമിക റൗണ്ടിൽ കുട്ടികൾ വളരെ മികച്ച പ്രകടനം നടത്തിയാതായി ക്വിസ് മാസ്റ്റർ ശരത് മേനോൻ പറഞ്ഞു.

കാണികളിൽ ആവേശം പകരുന്നതിനായി ഓഡിയൻസ് റൗണ്ടിൽ പത്തോളം ചോദ്യങ്ങൾ ഉണ്ടാവും. വിജയികൾക്ക് സ്പോൺസർമാർ നൽകുന്ന ആകർഷകമായ ഗിഫ്‌റ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും. ഈ ചോദ്യങ്ങൾ പൊതു വിജ്ഞാന സംബന്ധമായതും സ്‌പോൺസർമാരുമായി ബന്ധപ്പെട്ട വിവരങ്ങളെ അധികരിച്ചുള്ളതും ആയിരിക്കും. ഈ ശാസ്ത്ര പ്രശ്‌നോത്തരിയിലൂടെ സാമൂഹ്യ പങ്കാളിത്തം ഊട്ടിയുറപ്പിക്കുകായാണ് ലക്ഷ്യം. കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി വിജയിപ്പിക്കുന്നതിനും ഏവരുടെയും സഹകരണം ഉണ്ടാവണമെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.