മനാമ :ജി സി സി രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ കമ്മ്യുണിറ്റി സ്‌കൂൾ ആയ ഇന്ത്യൻ സ്‌കൂളിലേക്കുള്ള അടുത്ത മൂന്ന് വർഷത്തെ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വ്യക്തത വന്ന് തുടങ്ങി. നാല് പാനലുകൾ പരസ്യമായി രംഗത്ത് വന്നതുകൊണ്ട് മുൻ വർഷങ്ങളിലേക്കാൾ മത്സരത്തിന് മൂർച്ച കൂടുമെന്നാണ് സൂചന.

സമൂഹത്തിൽ അറിയപ്പെടുന്ന,സ്വാധീനമുള്ള വ്യക്തികളുടെ നേതൃത്വത്തിലാണ് പാനലുകൾ എന്നതുകൊണ്ട് ഇനിയൊരു സമവായത്തിന് സാധ്യത കാണുന്നില്ല. ഇന്ത്യൻ സ്‌കൂൾ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ചെയർമാൻ സ്ഥാനത്തേക്ക് ഒരു വനിത മത്സര രംഗത്ത് ഉള്ളത് എന്നത് ശ്രദ്ധേയമാണ്.അവസാന ദിവസങ്ങൾ വരെ സമവായത്തിന് സാധ്യത ഉണ്ടെങ്കിലും നാല് പാനലുകൾ ശക്തമായി തന്നെ മത്സരരംഗത്ത് ഉണ്ടാകും എന്ന വാർത്തകൾ ആണ് പുറത്ത് വരുന്നത്.

ഇപ്പോഴത്തെ ചെയർമാൻ പ്രിൻസ് നടരാജന്റെ നേതൃത്വത്തിലും ,മുൻ ചെയർമാൻ അബ്രാഹാം ജോൺ കൺവീനറായി ഐ സി ആർ എഫ് മുൻ സെക്രട്ടറി അജയ് കൃഷ്ണന്റെ നേതൃത്വത്തിൽ യുപിപി യുടെ പാനലും ,ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ പിന്തുണയോടെ മത്സരിക്കുന്ന ചെയർമാൻ സ്ഥാനാർത്ഥി ഫ്രാൻസിസ് കൈതാരത്ത്, കൂടാചെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അവസാന നിമിഷം ഇപ്പോഴത്തെ ഇന്ത്യൻ സ്‌കൂൾ ജനറൽ സെക്രട്ടറി ഷെമിലി പി ജോൺ ന്റെ നേതൃത്വത്തിൽ പുതിയ ഒരു പാനലുമാണ് രംഗത്തുള്ളത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണം ഏറ്റെടുത്ത് മാസങ്ങൾ പിന്നിടുന്നതിന് മുൻപേ ഭരണപക്ഷം പല തട്ടിൽ ആയിരുന്നു.അതുകൊണ്ട് മുഖ്യ പ്രതിപക്ഷമായ യു പി പി വിജയ പ്രതീക്ഷയിലാണ്.നല്ല ഭരണം കാഴ്ച വെച്ചു എന്ന നിഗമനത്തിലാണ് ഇപ്പോഴത്തെ ചെയര്മാൻ വീണ്ടും അങ്കത്തിന് ഒരുങ്ങുന്നത്. എന്നാൽ ,നിലവിലെ ചെയർമാനും ജനറൽ സെക്രട്ടറിയും നേർക്കുനേർ പോരാടുമ്പോൾ ചെറിയ ഒരു ആശങ്ക ഭരണ മുന്നണിക്ക് ഇല്ലാതില്ല.ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു വനിത പാനലിനെ നയിക്കുന്നതും ,ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കുന്നതും.

മലയാളി സമൂഹത്തിന് വ്യക്തമായ ആധിപത്യമുള്ള ഇന്ത്യൻ സ്‌കൂളിൽ നാട്ടിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വെറും വാശിയും ചിട്ടയായ പ്രവർത്തനവും മുൻ വർഷങ്ങളിൽ കാണുവാൻ സാധിച്ചു.വരും ദിവസങ്ങളിൽ ബഹ്റൈനിലെ പ്രവാസി സമൂഹം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ഈ വിഷയം തന്നെ ആയിരിക്കും .