മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ ഫീസ് ഉയർത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത് രക്ഷിതാക്കൾക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഫീസ് നിരക്ക് വർദ്ധനവിനെതിരെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. ഈ അക്കാദമിക് വർഷം മുതലാണ് ഫീസ് വർധനവ് നടപ്പാക്കുന്നതെന്നതിനാൽ ഏപ്രിൽ, മെയ്‌, ജൂൺ മാസത്തെ വർധന കൂടി സെപ്റ്റംബറിൽ അടക്കേണ്ടി വരും. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടില്ലാണ് രക്ഷിതാക്കൾ.

നടപടിയിൽ നിന്നുംപിന്തിരിഞ്ഞില്ലെങ്കിൽ രക്ഷിതാക്കളും പൊതു സമൂഹവുമായി കൈകോർത്ത് ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും ആവശ്യമായി വന്നാൽ നിയമ നടപടികളും സ്വീകരിക്കാനും പദ്ധതിയിടുന്നുണ്ട്.അധ്യയന വർഷത്തിന്റെ മധ്യത്തിൽ ഫീസ് വർധന മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ പാടില്‌ളെന്നാണ് എല്ലാ നിയമാ വലികളും പറയുന്നത്. ഇത് സംബന്ധമായി സി.ബി.എസ്.ഇക്ക് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ചെറിയൊരു തുക പോലും അടക്കാനുള്ളവരുടെ പ്രോഗ്രസ് റിപോർട്ടോ, മാർക് ലിസ്റ്റോ സ്‌കൂളിൽ നിന്ന് ലഭിക്കില്ല എന്നതിനാൽ ഏപ്രിൽ മുതലുള്ള വർധന എത്രയും വേഗം അടച്ചുതീർക്കാൻ രക്ഷിതാക്കൾ നിർബന്ധിക്കപ്പെടുമെന്നാണ് സൂചന.2015ലെ വാർഷിക ജനറൽ ബോഡിയിൽ അഞ്ച് ദിനാർ ഫീസ് വർധനയാണ് അംഗീകരിച്ചതെങ്കിലും 1.9 മുതൽ 2.5 ദിനാർ വരെ ഫീസിനും ഗതാഗതത്തിന് ഒരു ദിനാറുമാണ് വർധിപ്പിക്കുന്നത്.

പുതിയ ഫീസ് നിരക്കുകൾ (പഴയ ഫീസ് ബ്രാക്കറ്റിൽ): എൽ.കെ.ജി മുതൽ നാലാം ക്‌ളാസ് വരെ 20.9 (19), അഞ്ചു മുതൽ എട്ട് വരെ 22 (20), ഒമ്പത്, പത്ത് ക്‌ളാസുകൾ 25.3(23). 11ാം ക്‌ളാസ് ഹ്യൂമാനിറ്റീസ് ആൻഡ് കൊമേഴ്‌സ് 35.3 (33), സയൻസ് 40.2 (38), ബയോ ടെക്‌നോളജി-45.5 (43), 12ാം ക്‌ളാസ് ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്‌സ് 35.3 (33), സയൻസ് 40.2(38), ബയോ ടെക്‌നോളജി 45.5 (43). ഫീസ് വർധനക്ക് ഏപ്രിൽ,മെയ്‌, ജൂൺ മാസത്തെ മുൻകാലപ്രാബല്യമുണ്ടാകും.