മസ്‌കത്ത്: നിസ്വ സ്‌കൂൾ ബസ് അപകടത്തിന്റെ ആശങ്ക വിട്ടൊഴിയും മുമ്പ് മസ്‌കത്തിൽ വീണ്ടും ഇന്ത്യൻ സ്‌കൂൾ ബസ് അപകടം. മുലദ സ്‌കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന രണ്ടു ബസുകളാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ഒമ്പതു കുട്ടികൾക്ക് നിസ്സാര പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തർമത്തിനും സുവൈഖിനു മിടയിലായിരുന്നു അപകടം. 

പതിവുപോലെ സ്‌കൂൾവിട്ട് സർവിസ് റോഡിലൂടെ പോവുകയായിരുന്ന ബസുകളിൽ അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണംവിട്ട പിക്കപ്പ് വന്നിടിക്കുകയായിരുന്നു. സുവൈഖ് റൗണ്ട് എബൗട്ട് എത്തുന്നതിന് രണ്ടു കിലോമീറ്റർ മുമ്പായിരുന്നു അപകടം.

ആദ്യം മുന്നിലെ ബസിന്റെ മുൻവശത്ത് വന്നിടിച്ച പിക്കപ്പ് കറങ്ങിത്തിരിഞ്ഞ് പിന്നാലെ വന്ന ബസിന്റെയും മുൻവശത്തിടിച്ചു. കരാറുകാരന്റെ കീഴിലുള്ള ബസിൽ ബിദായ, സുവൈഖ് ഭാഗങ്ങളിലേക്കുള്ള വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.പരിക്കേറ്റ കുട്ടികളെ സുവൈഖ് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.