മനാമ: ഈ വർഷത്തെ ഗണിതശാസ്ത്ര ദിനം ഇന്ത്യൻ സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളിൽ കൂടുതൽ ഗണിത ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഗണിത ശാസ്ത്ര ദിനം ആഘോഷിക്കുന്നത്. ബഹറിൻ യൂണി വേഴ്‌സിറ്റിയിലെ ഗണിത ശാസ്ത്ര വിഭാഗം തലവൻ ഡോ നാസർ മേത്തവലി മുഖ്യാതിഥി ആയിരുന്നു.

ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്‌കൂൾ ഗണിത ശാസ്ത്ര വകുപ്പ് മേധാവി ബി സെന്തിൽ സ്വാഗതം പറഞ്ഞു. നാലുമുതൽ എട്ടുവരെ ക്‌ളാസുകളിൽ നിന്നായി മാത്‌സ് ടാലന്റ് സേർച്ച് പരീക്ഷയിൽ ഒന്നാം ക്ലാസ് നേടിയ 65 ഓളം വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഗണിത ദിന പരിപാടികളോട് അനുബന്ധിച്ച് വിതരണം ചെയ്തു.

ഒമ്പതും പത്തും ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പ്രബന്ധ അവതരണ മത്സരം നടന്നു. ജ്യാമിതിയും പ്രകൃതിയും എന്ന വിഷയത്തിൽ നടന്ന മത്സരത്തിന്റെ അവസാന റൗണ്ടിൽ എട്ടു പേർ പങ്കെടുത്തു. അതിൽ ഒന്നാം സമ്മാനം പത്താം ക്ളാസ് വിദ്യാർത്ഥിനി റിഥി എൻ റാത്തോഡ് കരസ്ഥമാക്കി . രണ്ടാം സമ്മാനത്തിന് ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയായ നന്ദിത ദിലീപും മൂന്നാം സമ്മാനത്തിന് പത്താം ക്ളാസ് വിദ്യാർത്ഥിനി മേഘ്ന ഗുപ്തയും അര്ഹരായി. ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. സീനിയർ അദ്ധ്യാപിക ഹസീന സലിം നന്ദി പറഞ്ഞു.