മസ്‌ക്കറ്റ്: പൊള്ളുന്ന ചൂടിൽ വിദ്യാർത്ഥികൾക്ക് ഔട്ട്‌ഡോർ ആക്ടിവിറ്റികളിൽ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ സ്‌കൂളുകൾ. ഇതു സംബന്ധിച്ച ഉത്തരവ് രാജ്യത്തെ 19 ഇന്ത്യൻ സ്‌കൂളുകൾക്കും ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ഓഫ് ഇന്ത്യൻ സ്‌കൂൾ നൽകി കഴിഞ്ഞു.

കനത്ത ചൂടിൽ വിദ്യാർത്ഥികൾക്ക് ശാരീരികാസ്വസ്ഥത ഉണ്ടാകാതിരിക്കാനും വിദ്യാർത്ഥികളുടെ ആരോഗ്യനില സുരക്ഷിതമാക്കാനുമാണ് ഔട്ട്‌ഡോർ ആക്ടിവിറ്റികൾക്ക് നിയന്ത്രണം കൊണ്ടുവന്നത്. സുൽത്താനേറ്റിൽ തന്നെ വിവിധ ഭാഗങ്ങളിൽ ചൂട് അമിതമായി ഉയരുന്നുണ്ടെന്നും മിക്കയിടങ്ങളിലും ചുടുകാറ്റ് വീശുന്നുണ്ടെന്നും അതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഔട്ട്‌ഡോർ ആക്ടിവിറ്റികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പം തന്നെ കുട്ടികളെ ആവശ്യമില്ലാതെ പുറത്തിറക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്.

മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽമാർക്ക് ഉത്തരവ് നൽകിയതെന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ വിൽസൺ ജോർജ് വെളിപ്പെടുത്തി. സമ്മർ വെക്കേഷന് കുട്ടികൾ പോകുന്നതിന് മുമ്പായി യാതൊരുവിധത്തിലുമുള്ള അസുഖങ്ങൾ കുട്ടികൾക്ക് സ്‌കൂൾ വഴി പിടികൂടുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവ് പറയുന്നു.

ജൂൺ ആദ്യവാരം തന്നെ മിക്ക സ്‌കൂളുകളും സമ്മർ വെക്കേഷന് പൂട്ടുമ്പോൾ ചില സ്‌കൂളുകൾ അടയ്ക്കുന്നത് ജൂൺ രണ്ടാം വാരമാണ്. രാജ്യത്ത് ആഞ്ഞുവീശുന്ന ചൂടുകാറ്റു മൂലം ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലുള്ള കുട്ടികൾക്ക് നേരത്തെ തന്നെ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സമ്മർ വെക്കേഷൻ നൽകിയിരുന്നു.