മസ്‌ക്കറ്റ്: ഒമാനിലുള്ള ഇന്ത്യൻ സ്‌കൂളുകളോട് സിബിസഎസ്ഇ ഇന്റർനാഷണൽ കരിക്കുലം അവസാനിപ്പിക്കാൻ നിർദ്ദേശം. ഏപ്രിലിൽ ആരംഭിക്കുന്ന 2017-18 അധ്യയന വർഷം മുതൽ സിബിഎസ്ഇ ഇന്റർനാഷണൽ കരിക്കുലം പിന്തുടരേണ്ടതില്ലെന്നാണ് ഇന്ത്യൻ സ്‌കൂളുകൾക്ക് കിട്ടിയിരിക്കുന്ന അറിയിപ്പ്. ഒമാനിൽ ഇന്ത്യൻ സ്‌കൂൾ ബോർഡിനു കീഴിലുള്ള രണ്ടു സ്വകാര്യ സ്‌കൂളുകളിലും മറ്റൊരു സ്‌കൂളിലുമായി ഏതാണ്ട് ആയിരത്തോളം കുട്ടികൾ ഇന്റർനാഷണൽ സിലബസ് പഠിക്കുന്നുണ്ടെന്നാണ് കണക്ക്.

ഇന്റർനാഷണൽ സിലബസ് നിർത്തലാക്കുന്നതോടെ നിലവിൽ ഈ സിലബസിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ സിബിഎസ്ഇ മെയിൻ സിലബസിലേക്ക് മാറും. അതേസമയം ഇന്റർനാഷണൽ സിലബസ് പെട്ടെന്നു നിർത്തലാക്കുന്നത് വിദ്യാർത്ഥികളെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. മറ്റു സാധാരണ സിബിഎസ്ഇ സിലബസ് പഠിപ്പിക്കുന്ന ഇന്ത്യൻ സ്‌കൂളുകളിലേക്ക് ഇനി ഇവർക്ക് പുതുതായി അഡ്‌മിഷൻ വാങ്ങേണ്ടി വരുമെന്നത് മാതാപിതാക്കളേയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.