സെപ്റ്റംബറിലെയും ഒക്ടോബറിലെയും ഫീസടക്കാൻ ചെല്ലുന്ന രക്ഷിതാക്കളിൽ നിന്നും നിർബന്ധപൂർവ്വം ഏപ്രിൽ മെയ് ജൂൺ മാസത്തിലെ വർദ്ധിപ്പിച്ച ഫീസ് തന്ത്രപൂർവ്വം വാങ്ങിക്കുകയാണെന്ന് യു പി പി ആരോപിച്ചു. പല രക്ഷിതാക്കളും ഇതറിയുന്നത് ഫീസടക്കുവാനായി കൗണ്ടറിൽ എത്തുന്ന സമയത്ത് മാത്രമാണ്.

നിലവിലെ മാസത്തെ ഫീസ് മാത്രം കയ്യിൽ കരുതി ഫീസടക്കാൻ ചെല്ലുന്ന രക്ഷിതാക്കളോട് ഏപ്രിൽ മെയ് ജോൺ മാസത്തെ വർധിപ്പിച്ച സംഖ്യ അടക്കാതെ ഈ മാസത്തെ ഫീസടക്കാൻ കഴിയില്ല എന്നും കൊടുക്കുന്ന സംഖ്യയിൽ നിന്നും ഏപ്രിൽ മെയ് ജൂൺ മാസത്തെ വർധിപ്പിച്ച ഫീസ് എടുക്കുകയും ഈ മാസത്തെ ഫീസോ ട്രാൻസ്പോർട്ട് ഫീസോ ഭാക്കി വെക്കുകയും ചെയ്യുന്ന വളരെ വിചിത്രവും വഞ്ചനാപരവുമായ പ്രവർത്തിയാണ് സ്‌കൂളിൽ നിന്നുണ്ടാവുന്നത്. ബഹുഭൂരിപക്ഷം രക്ഷിതാക്കളും കൗണ്ടറിൽ ചെല്ലുമ്പോൾ മാത്രമാണ് ഇതേ പറ്റി അറിയുന്നത് പോലും.

സമയക്കുറവും ഫീസ് കൗണ്ടറിൽ സംസാരിക്കാനുള്ള മടിയും കാരണം പല രക്ഷിതാക്കളും നിശബ്ദരായി തിരികെ പോരുകയാണ്. ഈയൊരു നിശബ്ദദയെ തന്ത്രപരമായി ഉപയോഗ പ്പെടുത്തി ഭൂരിപക്ഷം രക്ഷിതാക്കളും ഫീസ് വർദ്ധനവിനോട് സഹകരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് സ്‌കൂൾ ഭരണസമിതി.

ഫീസ് വർദ്ധിപ്പിച്ച രീതി പോലെ തന്നെ അത് പിരിച്ചെടുക്കുന്നതും നേരായ മാർഗ്ഗത്തിലല്ല. രക്ഷിതാക്കളുടെ അഭ്യർത്ഥന പ്രകാരം ഇന്ന് സ്‌കൂളിൽ എത്തിയ യു പി പി നേതാക്കളായ റഫീക്ക് അബ്ദുള്ള, ചന്ദ്രബോസ്, അബ്ദുൽ സഹീർ, തോമസ് ചാക്കോ, സാനി പോൾ, അജി ഭാസി, ഫൈസൽ എന്നീ രക്ഷിതാക്കൾക്കും ഇതേ അനുഭവം ഉണ്ടായത്.

തുടർന്ന് ഒക്ടോബർ മാസത്തെ ഫീസ് മാത്രമേ അടക്കുവാൻ കഴിയുകയുള്ളൂ എന്നും മറിച്ച് ചെയ്യുന്നത് അനീതിയാണെന്നും കാണിച്ച് പ്രിന്‌സിപ്പാളിന് കത്ത് നൽകുകയും സ്‌കൂൾ ചെയർമാനെ കാണുവാൻ അനുമതി വാങ്ങുകയും ചെയ്തു.സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഇത്തരം 'വഞ്ചന' മനസ്സിലാക്കണമെന്നും മുൻകാല പ്രാബല്യത്തോടെയുള്ള ഫീസ് വർദ്ധനവിനോട് നിസ്സഹകരിക്കണം എന്നും യുപിപി നേതൃത്വം ആവശ്യപ്പെട്ടു.

അമിതമായ ചെലവ് ചുരുക്കി സ്‌കൂളിനെ മുന്നോട്ട് കൊണ്ടുപോകുവാൻ ശ്രമിക്കുന്നതിനു പകരം സ്‌കൂളിനെ വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിവിടുന്ന രീതിയിലുള്ള ധാരാളിത്തങ്ങളിലും ആശ്രിത നിയമനങ്ങളിലും വ്യാപൃതരായിരിക്കുയാണ് സ്‌കൂൾ മാനേജ്മെന്റ്. ശമ്പളം കൊടുക്കുവാൻ പോലും കഴിയാത്ത രീതിയിലേക്ക് ഈ മഹത്തായ സ്ഥാപനം എത്തിയാലും അത്ഭുതപ്പെടാനില്ല. ഈ കെടും കാര്യസ്ഥതയുടെ പാപം രക്ഷിതാക്കളുടെ തലയിൽ മാത്രം കെട്ടിവെക്കുവാനുള്ള ഗൂഢതന്ത്രങ്ങളിൽ നിന്നും പിന്തിരിയണം എന്നും യു പി പി ആവശ്യപ്പെട്ടു .