ബ്രിസ്‌ബേൻ: ഇന്ത്യൻ ഷോപ്പിൽ മോഷ്ടാക്കൾ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ വംശജയായ ഷോപ്പുടമയ്ക്ക് പരിക്ക്. ബ്രിസ്‌ബേൻ ബ്രൗൺസ് പ്ലെയ്ൻസിൽ സോൾട്ട് ആൻഡ് സ്‌പൈസ് എന്ന ഇന്ത്യൻ കടയ്ക്കു നേരെയാണ് മോഷ്ടാക്കളുടെ ആക്രമണം ഉണ്ടായത്. വൈകുന്നേരം ഏഴോടെ കടയടയ്ക്കാൻ ഒരുങ്ങുന്നതിനിടെ പാഞ്ഞെത്തിയ കറുത്ത വർഗക്കാരായ രണ്ടു മോഷ്ടാക്കൾ ഉടമ നീലു ശർമയ്ക്കു നേരേ തിരിയുകയായിരുന്നു. കത്തിചൂണ്ടി ഭയപ്പെടുത്തിയ മോഷ്ടാക്കൾ പണവും ഇവരുടെ മൊബൈൽ ഫോണും ആവശ്യപ്പെടുകയായിരുന്നു.

ഭയപ്പെടുത്തുന്നതിനായി വീശിയ കത്തി നീലു ശർമയുടെ വലതു കൈത്തണ്ടയിൽ കൊണ്ട് ആഴത്തിൽ മുറിഞ്ഞു. പിന്നീട് മോഷ്ടാക്കൾ പണപ്പെട്ടിയിൽ നിന്ന് പണവും ഫോണും കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. മുറിവേറ്റ നീലു ശർമ തനിയെ കാറോടിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തു. ഒമ്പതു സ്റ്റിച്ചാണ് ഇവർക്ക് വേണ്ടി വന്നത്.

ഇന്ത്യൻ ഷോപ്പിനു നേരേയുണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമുള്ളവർ 1800 333 000 എന്ന നമ്പരിലോ crimestoppers.com.au എന്ന വിലാസത്തിലോ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

സാധാരണയായി വൈകുന്നേരം ഏഴോടെ കടയടയ്ക്കുന്ന പതിവാണ് നീലു ശർമയ്ക്കുള്ളത്. എന്നാൽ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ ഇനി മുതൽ നേരത്തെ കടയടയ്ക്കാനാണ് തീരുമാനമെന്ന് ഇവർ പറയുന്നു. മോഷ്ടാക്കളുടെ ആക്രമണം തന്നെ യഥാർഥത്തിൽ ഭയപ്പെടുത്തിയിരിക്കുകയാണെന്നും ഇത്തരം സാഹചര്യം ഇനിയും ഉണ്ടാകുമെന്ന് ഭയപ്പാടിലാണ് താനെന്നുമാണ് ഇവർ പറയുന്നത്.