കുവൈത്ത്: സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾക്കായി പുതുതലമുറ സമരസജ്ജരാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം കുവൈറ്റ് കേരള ഘടകം സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യം തടവറയിലായപ്പോഴാണ് നമ്മുടെ പൂർവികർ സ്വാതന്ത്ര്യത്തിനുവേണ്ടി വൈദേശിക ശക്തികൾ ക്കെതിരെ പൊരുതിയത് എന്ന് നാം ഓർക്കേണ്ടതുണ്ട്. ഇപ്പോൾ ആര്യാധിപത്യത്തിനു കീഴിലും, സാമ്രാജ്യത്വ താല്പര്യങ്ങൾക്ക് കീഴിലും ഈ രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ ദിനംപ്രതി ഓരോന്നായി കവർന്നെടുക്കുകയും അവരെ ദിനംപ്രതി അടിമത്തത്തിലേക്ക് നീക്കി കൊണ്ടിരിക്കുമ്പോൾ വീണ്ടും സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന പാരതന്ത്രത്തിലേക്കാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പുതിയ തലമുറക്ക് പഴയകാല സ്വാതന്ത്രസമര സേനാനികളുടെ ചരിത്രം ഓർമിപ്പിക്കുകയും രണ്ടാം സ്വാതന്ത്ര്യസമരത്തിന് അവരെ തയ്യാറാക്കേണ്ടതുണ്ട്. ജനാധിപത്യത്തിലെ വിയോജിക്കാനുള്ള അവകാശങ്ങളെ ഇല്ലാതാക്കുന്ന ഭരണകൂടങ്ങൾ അധികാരങ്ങൾ ഉപയോഗിച്ച് അവകാശങ്ങളും നിയമങ്ങളും ഇല്ലാതാക്കുകയാണെന്ന് പി അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

സുരക്ഷാ വിഭാഗങ്ങൾക്ക് കൂടുതൽ സൗകര്യം ചെയ്തു കൊടുക്കുകയും പ്രലോഭനങ്ങളിലൂടെയും തെറ്റായ വാഗ്ദാനങ്ങളിലൂടെയും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടമാണ് നമ്മുടെ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എസ്ഡിപിഐ ദേശീയ സെക്രട്ടറിയേറ്റ് മെമ്പർ പ്രൊഫസർ പി കോയ അഭിപ്രായപ്പെട്ടു. നമ്മൾ ആഘോഷിക്കുന്ന ഈ സ്വാതന്ത്ര്യ ദിനം ഒരു ദുർവിധി യുമായി സന്ധി ചെയ്യുന്നു. ഇത്തരം സന്ധികൾ ക്കെതിരെയുള്ള സമര മുഖമാണ് നാം സൃഷ്ടിക്കേണ്ടത് എന്നും പ്രൊഫസർ പി കോയ പറഞ്ഞു.

പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് കേരള ഘടകം വൈസ് പ്രസിഡന്റ് അസ്ലം അധ്യക്ഷത വഹിച്ചു, ഐ എസ് എഫ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് സ്വാതന്ത്ര്യദിന സന്ദേശം നൽകി , സെക്രട്ടറി സയ്യിദ് ബുഖാരി തങ്ങൾ നന്ദിയും പറഞ്ഞു.