ജിദ്ദ: ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കുകയും സർവ്വതും ത്യജിക്കുകയും ചെയ്ത മഹാത്മാക്കൾ സ്വപ്നം കണ്ട സമത്വത്തിന്റെയും സമഭാവനയുടെയും ഭൂമികയായി ഇന്ത്യ നിലകൊള്ളണമെനും രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടിയാണ് നാം നില കൊള്ളേണ്ടതെന്നും എസ് ഡി പി ഐ. സംസ്ഥാന വൈസ് പ്രസിഡണ്ട് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. രാജ്യത്തിന്റെ എഴുപത്തി നാലാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള സ്റ്റേറ്റ് ഘടകം 'പോരാടി നേടിയ സ്വാതന്ത്ര്യം ' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓരോ വർഷം കഴിയുന്തോറും സ്വാതന്ത്ര്യത്തിന്റെ സന്തോഷവും സൗഹൃദവും ഉണ്ടാകേണ്ടതിനു പകരം രാജ്യത്തെ ഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ ഫാഷിസ്റ്റ് ഭരണത്തിന് കീഴിൽ ഭയവും ആശങ്കയും കൂടിവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം കീഴടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തിനു മുന്നിൽ ചരിത്രത്തിൽ തുല്യതയില്ലാത്ത പോരാട്ടത്തിലൂടെയും ജീവത്യാഗത്തിലൂടെയും നമ്മുടെ പൂർവ്വ പിതാക്കന്മാർ നേടിത്തന്ന സ്വാതന്ത്ര്യം എഴുപത്തിമൂന്നു വർഷത്തിനിപ്പുറവും അതർഹിക്കുന്ന വിധം ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്. പോർച്ചുഗീസുകാരുടെ അധിനിവേശത്തോടെ പാരതന്ത്ര്യം എന്ന് തുടങ്ങിയോ അന്ന് മുതൽ തുടങ്ങിയതാണ് ഇന്ത്യാ മഹാരാജ്യത്ത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം.

പറങ്കികൾക്കു ശേഷം ബ്രിട്ടീഷുകാർക്കെതിരെയാണ് പിന്നീട് ദശാബ്ദങ്ങൾ നീണ്ട പോരാട്ടം നടത്തേണ്ടി വന്നത്. ടിപ്പു സുൽത്താനെ ചതിയിലൂടെ വക വരുത്തിയ ബ്രിട്ടീഷ് സൈനികത്തലവൻ ടിപ്പുവിന്റെ അവസാനത്തോടെ ഇന്ത്യാ മഹാരാജ്യം തങ്ങളുടെ കാൽക്കീഴിലായി എന്ന് വിളിച്ചോതുകയായിരുന്നു. കുഞ്ഞാലി മരക്കാർമാർ മുതൽ ശാഹ് വലിയുല്ലാ ദഹ്ലവിയും ഷാ അബ്ദുൽ അസീസ് ദഹ് ലവിയും വെളിയംകോട് ഉമർ ഖാളിയടക്കം വൈദേശിക ശക്തികളോട് പൊരുതി മരിച്ച ധീര ദേശാഭിമാനികൾ വിഭാവനം ചെയ്ത സ്വാതന്ത്ര്യമാണ് ഇന്ന് ഭാരത്തിലിരിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ തച്ചുടക്കുന്നത്.

ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന സാധാരണ ജനങ്ങളുടെ സുരക്ഷിതത്വം, ജീവിക്കാനുള്ള അവകാശം, അവരുടെ വിശ്വാസങ്ങൾക്കനുസരിച്ചു കഴിയാനുള്ള അവകാശം, സഞ്ചാര സ്വാതന്ത്ര്യം, ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ധ്വംസിച്ച് ഭരണഘടന പോലും മാറ്റിമറിച്ച് മനുവാദ സിദ്ധാന്തത്തിലൂന്നി ഏകമത രാഷ്ട്രമാക്കാനുള്ള തത്രപ്പാടിലാണ് സവർണ്ണ ഫാഷിസ്റ്റ് ഭരണ കൂടമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ ജനാധിപത്യത്തിലധിഷ്ഠിതമായ ഒരു ഇന്ത്യക്കു വേണ്ടി ആര്യ വൈദേശിക സർവ്വാധിപത്യത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച് സാധാരണക്കാരായ ജനങ്ങൾക്ക് പവിത്രമായ ഭരണഘടന അനുശാസിക്കുന്ന വിധം അവകാശങ്ങളും സ്വാതന്ത്ര്യവും വീണ്ടെടുക്കുന്നതിനു വേണ്ടി എല്ലാ ഇന്ത്യക്കാരും ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം നേടിത്തരാൻ നമ്മുടെ മുൻഗാമികൾ എത്രമാത്രം ത്യാഗമനുഭവിച്ചിട്ടുണ്ടെന്നുള്ള ചരിത്രം തനതായ രൂപത്തിൽ നമ്മിലൂടെ പുതിയ തലമുറയ്ക്ക് പകർന്നു നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കോഓർഡിനേറ്റർ അഷ്റഫ് മൊറയൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മതം നോക്കി പൗരത്വം നിർണയിക്കുന്ന കാലഘട്ടത്തിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകർ അധികാരം വാഴുന്ന സാഹചര്യമാണ് രാജ്യത്തിപ്പോഴുള്ളത്. രാജ്യത്തെ സാധാരണക്കാർക്ക് പാർപ്പിടം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം ജോലി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ എഴുപത്തിമൂന്ന് വർഷങ്ങൾക്കു ശേഷവും ലഭ്യമാക്കുന്നതിന് ഭരണകർത്താക്കൾക്ക് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമ്പത്തും പ്രകൃതി വിഭവങ്ങളും കോർപ്പറേറ്റുകൾക്ക് കൊള്ളയടിച്ചു കൊണ്ടുപോകാനുള്ള സാഹചര്യമൊരുക്കുകയാണ് ഭരണകൂടങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോ.അബ്ദുൽ അസീസ് (മിനിസ്ട്രി ഓഫ് നാഷണൽ ഗാർഡ് ഹോസ്പിറ്റൽ, റിയാദ്), ഡോ. ലുഖ്മാൻ കോക്കൂർ (കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി, അസീർ), ഡോ. വിനീത പിള്ള (അൽ റയാൻ ഹോസ്പിറ്റൽ, ജിദ്ദ),

മൂസക്കുട്ടി കുന്നേക്കാടൻ (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, സൗദി സോണൽ പ്രസിഡന്റ്), സാദിഖലി തുവ്വൂർ (മീഡിയാ ഫോറം, ജിദ്ദ), ഇബ്രാഹീം സുബ്ഹാൻ എനർജി ഫോറം, റിയാദ്), സിദ്ദീഖ് മാസ്റ്റർ (അൽ ജുനൂബ് ഇന്റർനാഷണൽ സ്‌കൂൾ, ഖമീസ്) എന്നിവർ ആശംസകളർപ്പിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കൺവീനർ ബഷീർ കാരന്തൂർ സ്വാഗതം പറഞ്ഞു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇ.എം. അബ്ദുല്ല, മൻസൂർ എടക്കാട് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.