ജിദ്ദ: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായിരുന്ന ശിവശങ്കറും സിപിഎമ്മിന്റെ ഒത്താശയോടെ സർക്കാരിന്റെ ഉന്നത വകുപ്പുകളിലും യു.എ.ഇ കോൺസുലേറ്റിലും അവിഹിതമായി ജോലിയിൽ കയറിക്കൂടിയ സ്വപ്ന സുരേഷും മറ്റുപ്രമുഖരും ഉൾപ്പെട്ട സ്വർണക്കടത്തു കേസും മറ്റ് ഇടപാടുകളും വഴിതിരിച്ചുവിടാനും കുറ്റവാളികളെ സംരക്ഷിക്കാനും പിണറായി സർക്കാർ പുകമറ സൃഷ്ടിക്കുകയാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡണ്ട് ഹനീഫ കിഴിശ്ശേരി, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

പിണറായി സർക്കാർ അധികാരത്തിലേറിയതുമുതൽ ബിനാമികളുടെയും പിൻവാതിലിൽ കുടിയുള്ള അവിഹിത ഇടപാടുകാരുടെയും വിളയാട്ടമാണ് സകല വകുപ്പുകളിലും നടമാടുന്നത്. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷപാർട്ടികളുടെയും പൊതുജനത്തിന്റെയും പ്രതിഷേധവും സമരവും ഇല്ലായ്മചെയ്ത് അനർഹർക്കും അവിഹിതക്കാർക്കും വിരാജിക്കാനുള്ള വിളനിലമായി സംസ്ഥാന ഭരണത്തെ ദുരുപയോഗം ചെയ്യുകയാണ് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. സർക്കാർ കാര്യങ്ങളുടെ സൂക്ഷ്മമായി കൈകാര്യംചെയ്യേണ്ടേ ഫയലുകൾ സൂക്ഷിച്ച സെക്രട്ടേറിയറ്റിലെ തീപ്പിടുത്തവും സ്വർണ്ണക്കടത്തും തമ്മിലുള്ള ബന്ധം ഉന്നത ഏജൻസികളെ കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാർ എത്ര വലിയവരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ട് വന്നു ശിക്ഷ നൽകാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ആഭ്യന്തരവകുപ്പിനെയും പൊലീസിനെയും പൂർണ്ണമായും സംഘപരിവാറിന് തീറെഴുതിക്കൊടുത്തപോലെയാണ് പൊലീസിലെ ചില വംശവെറി മൂത്തവരുടെ നടപടികൾ വെളിവാക്കുന്നത്. പൊലീസിന്റെയും വനംവകുപ്പുകാരുടെയും മർദ്ദന മുറകൾ മൂലം കസ്റ്റഡി മരണങ്ങൾ വർദ്ധിച്ചു. പ്രാകൃതവും ക്രൂരവുമായ പീഡനമുറകൾ സാധാരണ സമരക്കാർക്കുനേരെയും പൊതുജനങ്ങൾക്ക് നേരെയും പ്രയോഗിക്കുന്നു. പൊലീസ് സേനയിലെ സംഘപരിവാർ ആഭിമുഖ്യമുള്ളവർ നിയമം നടപ്പാക്കുന്നതിലും കേസുടുക്കുന്നതിലും തികഞ്ഞ വിവേചനം വെച്ചുപുലർത്തുന്നു.

കഴിഞ്ഞ ദിവസം പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ടു ചെറുപ്പക്കാരെ പിടിച്ചു കൊണ്ടുപോയി ചെയ്ത ക്രൂരത മനുഷ്യാവകാശ ലംഘനത്തിന്റെ വലിയ ഉദാഹരണമാണ്. ജനനേന്ദ്രിയം തകർത്തും കള്ളക്കേസിൽ കുടുക്കിയും ജീവിതം നശിപ്പിക്കുമെന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ആക്രോശം സർക്കാർ അറിവോടെയുള്ള നടപടികളാണോയെന്നു ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് സോഷ്യൽ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.

പാനൂർ പാലത്തായിയിലെ പിഞ്ചോമനയെ പീഡിപ്പിച്ച ആർ എസ് എസ് നേതാവ് പത്മരാജനെ രക്ഷിക്കാൻ പോക്‌സോ വകുപ്പ് ചുമത്താതെയും ഹൈക്കോടതിയിൽ പ്രതിക്കനുകൂലമായ നിലപാട് സ്വീകരിച്ചും ഇരയായ പിഞ്ചു പൈതലിനെ കുറ്റക്കാരിയാക്കാനും സർക്കാർ ശമ്പളം നൽകുന്ന പ്രോസിക്യൂട്ടറും പൊലീസ് അധികാരികളും തുനിയുന്നത് പോലും സർക്കാരും സംഘപരിവാറും തമ്മിലുള്ള ഒളിച്ചുകളിയുടെ തെളിവുകളാണെന്നും സോഷ്യൽ ഫോറം കുറ്റപ്പെടുത്തി.

നയതന്ത്ര തലത്തിലുള്ള സ്വർണ്ണക്കടത്തും സെക്രട്ടറിയേറ്റിൽ ഫയലുകൾ നശിപ്പിക്കുന്ന തരത്തിലുള്ള തീപ്പിടുത്തവുമെല്ലാം തമ്മിലുള്ള ഗൂഢ നടപടികൾ വിശ്വസ്തതയുള്ള ഏജൻസികൾ അന്വേഷിച്ചു കുറ്റക്കാരെ വെളിച്ചത്തുകൊണ്ട് വരണമെന്നും സോഷ്യൽ ഫോറം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.