ജീസാൻ: കേവിഡ് കാലത്തെ മികവുറ്റ സേവനത്തിലൂടെ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ബഹുമതിക്ക് അർഹയായ മലയാളി നഴ്‌സ് ഷീബ എബ്രഹാമിനെ ഇന്ത്യൻ സോഷ്യൽ ഫോറം അനുമോദിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ കോവിഡ് വാർഡിൽ മികച്ച സേവനം അനുഷ്ടിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പ്രത്യേക ബഹുമതി സമ്മാനിച്ചത്. ജിസാൻ അബു അരീഷ് ആശുപത്രിയിൽ 14 വർഷമായി സ്റ്റാഫ് നേഴ്‌സ് ആയി സേവനമനുഷ്ഠിക്കുകയാണ് ഷീബ എബ്രഹാം.

ബഹുമതിക്ക് അർഹരായ 20 പേരിലെ ഏക വിദേശി കൂടിയാണ് ഷീബ. സൗദിയിൽ സാമൂഹിക സാംസ്‌കാരിക മേഖലയിൽ രംഗത്തുള്ളവർക്കും പ്രവാസി മലയാളികൾക്കും വലിയ അഭിമാനമാണ് ഇതിലൂടെ ലഭിച്ചത് എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി സനോഫർ വള്ളക്കടവ് പറഞ്ഞു.

കോവിഡ് കാലത്തെ ഈ അംഗീകാരം വലിയ പ്രാധാന്യമുള്ളതാണെന്നും, ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ഇന്ത്യൻ സോഷ്യൽ ഫോറത്തിന് സാധ്യമാവുന്ന എല്ലാ സഹായ സഹകരങ്ങളും ഉണ്ടാകുമെന്നും ഷീബ എബ്രഹാം ഉറപ്പ്‌നൽകി.

കണ്ണൂർ പയ്യാവൂരിലെ എരുവേശ്ശി പരേതനായ വാഴക്കാട്ടു എബ്രഹാം, കൈപ്പുഴ ഫിലോമിന ദമ്പതികളുടെ മകളാണ് ഷീബ. ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആണ് പിതാവ് എബ്രഹാം മരണപ്പെട്ടത്, കോവിഡ് പകർച്ചവ്യാധി കാരണത്താൽ ആശുപത്രിയിലെ തിരക്ക് കാരണം പിതാവിന്റെ അന്ത്യ കർമങ്ങൾക്ക് നാട്ടിൽ പോവാൻ സാധിച്ചിരുന്നില്ല. തന്റെ ഉയർച്ചയിലും താഴ്ചയിലും താങ്ങും തണലുമായി എപ്പോഴും കൂടെയുള്ള ഭർത്താവ് ഷീൻസ് ലൂക്കോസിനോടാണ് ഈ പുരസ്‌കാര നേട്ടത്തിൽ കടപ്പെട്ടിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മക്കളായ സിവർട്ട് ഷീൻസ്, സ്റ്റുവർട്ട് ഷീൻസ് എന്നിവർ ജിസാൻ അൽ മുസ്തക്‌ബൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ്.

ജിസാൻ ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി സനോഫർ വള്ളക്കടവ് ഉപഹാരം നൽകി. അൻവർഷാ കൊല്ലം ബ്രാഞ്ചു ഭാരവാഹികളായ മുജീബ് വണ്ടൂർ മുസ്തഫ ഗൂഡല്ലൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.