- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസങ്ങളോളം ദുരിതമനുഭവിച്ച വിവിധ സംസ്ഥാനക്കാരായ 42 തൊഴിലാളികൾക്ക് നാടണയാൻ തുണയായതിന്റെ ചാരിതാർഥ്യത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം
ജിദ്ദ: കൊറോണാ മഹാമാരി മൂലം തൊഴിൽ പ്രതിസന്ധിയും കോൺട്രാക്ടിങ്ങ് കമ്പനിയുടെ നിരുത്തരവാദപരമായ സമീപനവും കാരണം പെരുവഴിയിലായ 42 ഇന്ത്യക്കാർക്ക് നാടണയാൻ ഇന്ത്യൻ സോഷ്യൽ ഫോറം കർണ്ണാടക സ്റ്റേറ്റ് ഭാരവാഹികളുടെ ഇടപെടൽ സഹായകമായി. രണ്ടു വർഷത്തിലധികം ജിദ്ദയിലെ സഈദ് ലേബർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, യു.പി. ബീഹാർ, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കാണ് മാസങ്ങളോളം ദുരിതം നേരിടേണ്ടി വന്നത്.
കൊറോണ ഭീതി മൂലം പ്രവൃത്തികൾ നിലച്ചതിനാൽ കമ്പനിയിൽ നിന്നും ശമ്പളമോ ചെലവിനുള്ള തുകയോ ലഭിക്കാതെ റാബഗിലും ബവാദിയിലുമുള്ള ക്യാമ്പുകളിൽ കഴിയുകയായിരുന്നു ഇവർ. കഷ്ടപ്പാടും ദുരിതവും കൂടിയപ്പോൾ ഇവരിൽ മംഗലാപുരം സ്വദേശിയായ മുഹമ്മദ് ശക്കീൽ എന്നയാൾ കർണ്ണാടകയിലെ സുഹൃത്ത് മുഖേന ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികളുമായി ബന്ധപ്പെട്ടതോടെയാണ് ഇവരുടെ പ്രശ്‌നത്തിൽ വഴിത്തിരിവുണ്ടായത്.
സോഷ്യൽ ഫോറം കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് കലന്തർ സൂരിഞ്ചെ, റഷീദ് കുത്താർ, അഷ്‌റഫ് ബജ്‌പെ എന്നിവർ സഈദ് ലേബർ കോൺട്രാക്ടിങ് കമ്പനിയുടെ ക്യാമ്പിൽ നിന്നും 42 തൊഴിലാളികളുടെയും വിവരങ്ങൾ ശേഖരിച്ച് ഇന്ത്യൻ കോൺസുലേറ്റിൽ പരാതി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥർ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് സത്വര നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് മുഴുവൻ തൊഴിലാളികളുടെയും പാസ്‌പോർട്ടും വിടുതൽ രേഖകളും ടിക്കറ്റും നൽകാൻ കമ്പനി നിർബന്ധിതരായി. നടപടികൾ പൂർത്തിയാക്കി മൂന്നു ഘട്ടങ്ങളായി തൊഴിലാളികൾ എല്ലാവരും നാടണയുകയും ചെയ്തു.
കഴിഞ്ഞ മാസം ജിദ്ദയിൽ നിന്നും ഡൽഹിയിലേക്കു പോയ വിമാനത്തിലാണ് അവസാന സംഘം സ്വദേശത്തേക്ക് യാത്രയായത്. കടുത്ത ദുരിതക്കയത്തിൽ നിന്ന് രക്ഷപ്പെടാനും കുടുംബത്തോടൊപ്പം ചേരാനും സഹായിച്ച ഇന്ത്യൻ സോഷ്യൽ ഫോറം കർണ്ണാടക സ്റ്റേറ്റ് ഭാരവാഹികളോട് അകമഴിഞ്ഞ കൃതജ്ഞതയോടെയാണ് അവർ യാത്ര പറഞ്ഞത്.