ജിദ്ദ: സംസ്ഥാന പൊലീസ് സേനയിൽ സംഘപരിവാരത്തിന്റെ അജണ്ട നടപ്പാക്കുന്നതിന്റെ ഗൗരവമേറിയ തെളിവുകളാണ് അടുത്ത കാലത്തായി പാലക്കാടും വയനാടും അരങ്ങേറിയ സംഭവങ്ങളെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ആരോപിച്ചു. സംഘ പരിവാര ചിന്തയും പേറി ചില ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ പൊലീസ് സേനയിൽ വിവേചനപരമായ വിധം കേസുകൾ കൈകാര്യം ചെയ്യുന്നത് നേരത്തെ തന്നെ സംശയിക്കപ്പെട്ടിട്ടുണ്ടെങ്കിലും വർഗീയ അജണ്ട നടപ്പാക്കാനിറങ്ങിയ ഇത്തരം ഉദ്യോഗസ്ഥരുടെ ദുഷ്പ്രവൃത്തികൾ അടുത്ത കാലത്തായി മറനീക്കി പുറത്തുവരുന്നത് വളരെ കൂടുതലായി വരുന്നുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.

മനുഷ്യത്വ രഹിതമായ പീഡനമുറകൾ നിരപരാധികൾക്ക് നേരെ പ്രയോഗിക്കുന്ന നരാധമന്മാരായ കാക്കിധാരികളെ രക്ഷിച്ചെടുക്കാനുള്ള പരിപാടികൾ കേരളം ഭരിക്കുന്ന മുഖ്യനടക്കമുള്ളവർ കണ്ടില്ലെന്നു നടിക്കുകയാണ്. അതെസമയം കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലും അവരുടെ രഹസ്യകേന്ദ്രങ്ങളിലും നടമാടുമ്പോൾ ഒന്ന് പ്രതിഷേധിക്കാൻ പോലും ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള കക്ഷികൾ തയാറാകാതിരിക്കുന്നത് കൗതുകമുളവാക്കുന്നതാണെന്നും യോഗം വിലയിരുത്തി. നയതന്ത്ര സ്വർണക്കടത്തു വാർത്തകളും അന്വേഷണവും എങ്ങുമെത്താത്ത വിഷയങ്ങളാകുമ്പോൾ പൊലീസിന്റെ ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും വെളിച്ചത്തു കൊണ്ട് വരാൻ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ശ്രദ്ധയുണ്ടാവേണ്ടതുണ്ട്. ഇടതു സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഹിന്ദുത്വ ഭീകരർ പ്രതികളായ കുറ്റകൃത്യങ്ങളിൽ നിസ്സാര വകുപ്പുകൾ ചേർത്ത് അവരെ വീണ്ടും വിളയാടാൻ വിടുന്ന സമീപനമാണ് വ്യക്തമാകുന്നത്. പൊതുസമൂഹം നിസ്സംഗത വെടിഞ്ഞു ഉണർന്നു പ്രവർത്തിക്കണമെന്നു യോഗം ആഹ്വാനംചെയ്തു.

പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ സഹോദരങ്ങളായ രണ്ട് ചെറുപ്പക്കാരെ കൊണ്ടുപോയി സബ് ഇൻസ്‌പെക്ടറും ചില പൊലീസുകാരും ചേർന്ന് അതിക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയത്തിൽ മുളക്‌സ്‌പ്രേ അടിച്ചു പൊള്ളലേൽപ്പിക്കുകയും വംശീയമായ അധിക്ഷേപം നടത്തിയത്തിനുമെതിരെ പ്രതിഷേധിക്കുന്നത് പോലും ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കാനുള്ള ഉപാധിയായി പൊലീസ് കാണുകയാണ്. പൊലീസിലെ സംഘപരിവാർ വിധേയത്വമുള്ളവരുടെ ദുഷ്‌ചെയ്തികൾ സമൂഹമദ്ധ്യേ തുറന്നു കാട്ടിയതിന്റെ പേരിൽ നിരവധി എസ ഡി പി ഐ പ്രവർത്തകരുടെ പേരിൽ ഗുരുതരമായ വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുകയാണ്. പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്. പി. അമീർ അലി, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി. എ. റഊഫ് എന്നിവരെ അന്യായമായി അറസ്റ്റ് ചെയ്തത് ജില്ലാ പൊലീസ് അധികാരിയുൾപ്പെടെയുള്ളവരുടെ ധാർഷ്ട്യവും പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തി അമർച്ച ചെയ്യാനുള്ള ധിക്കാരപരമായ നടപടിയുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

അന്യായമായി അറസ്റ്റു ചെയ്യപ്പെട്ട നേതാക്കൾക്കും നിരപരാധികളായ പ്രവർത്തകർക്കും മേൽ ചാർത്തിയ കള്ളക്കേസുകൾ പിൻവലിക്കാൻ പൊലീസ് അധികാരികൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ സോഷ്യൽ ഫോറം ജിദ്ദ കേരളം സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, മുഹമ്മദ് കുട്ടി, ഷാഫി കോനിക്കൽ, ഫൈസൽ മമ്പാട്, സി. വി. അഷ്റഫ്, ജംഷി ചുങ്കത്തറ, നാസർ വേങ്ങര, ഹസ്സൻ മങ്കട, നജീബ് വറ്റലൂർ, നൗഫൽ താനൂർ, മുസ്തഫ, റിയാസ് താനൂർ, അഹമ്മദ് മലപ്പുറം തുടങ്ങിയവർ സംബന്ധിച്ചു