മനാമ : സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ മറന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവും സംരക്ഷകനുമായി മാറരുതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം . പ്രത്യേക നിയമസഭ വിളിക്കാനുള്ള അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണ്. സംസ്ഥാന നിയമസഭയുടെ അജണ്ട തീരുമാനിക്കേണ്ടത് ഗവർണറല്ല. രാജ്യത്തിന്റെ നട്ടെല്ല് തകർക്കുന്ന കാർഷിക നിയമങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാനുള്ള അവകാശം സംസ്ഥാന സർക്കാരിനുണ്ട്. കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ ഫെഡറൽ സംവിധാനത്തെ പോലും ബിജെപി സർക്കാർ തകർത്തെറിഞ്ഞിരിക്കുന്നു.

രാജ്യത്തെ അന്നം ഊട്ടുന്ന കർഷകരുടെ വിലാപങ്ങൾ കേൾക്കാനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമുള്ള അവകാശം ഹനിക്കുന്നത് ഏകാധിപത്യവും തികഞ്ഞ ഫാഷിസവുമാണ്. കേന്ദ്ര നിലപാടുകൾ അതേപടി അനുസരിക്കണമെന്ന ഗവർണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. സർക്കാരിന്റെ ജനവിരുദ്ധ നിലപാടിനെ വിമർശിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതൽ. മോദിയുടെ ഏകാധിപത്യത്തിന് റാൻ മൂളുന്ന ഗവർണർ ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്നും ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്‌ബർ ഉം ജോയിന്റ് സെക്രട്ടറി സൈഫ് അഴിക്കോട് ഉം പത്ര പ്രസ്താവന യിൽ അറിയിച്ചു