ജിദ്ദ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു എസ്.ഡി.പി.ഐ കരസ്ഥമാക്കിയ വിജയം സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റിയും വിവിധ ബ്ലോക്ക് കമ്മിറ്റികളും വൻ ആഘോഷമാക്കി. പത്തിലേറെ പാർട്ടികൾ വീതമുള്ള ഇടതു വലതു സംഘപരിവാർ മുന്നണികൾക്കിടയിൽ മറ്റു പാർട്ടികളുടെ പിൻബലമില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ട സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർത്ഥികൾക്ക് ജനങ്ങൾ നൽകിയ വിശ്വാസമാണ് നൂറിലേറെ പ്രതിനിധികളെ വിജയിപ്പിക്കാൻ സാധിച്ചതെന്ന് സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇ. എം.അബ്ദുല്ല പറഞ്ഞു. അതെ സമയം എസ്.ഡി.പി.ഐ. വിജയിക്കാതിരിക്കാൻ ബദ്ധവൈരികളായ മുന്നണികൾ തമ്മിൽ അന്തർധാരയിൽ നടത്തിയ അവിശുദ്ധ ബാന്ധവം സംസ്ഥാനത്തുടനീളം വെളിവായിട്ടുണ്ടെന്നും അത് പരമ്പരാഗത പാർട്ടികൾക്ക് തന്നെ തിരിച്ചടിയായിട്ടുണ്ടെന്നത് വോട്ടു നില പരിശോധിച്ചാൽ വ്യകതമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണ സ്വാധീനമോ പണത്തിന്റെ കുത്തൊഴുക്കോ ഇല്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ട നേരിന്റെ രാഷ്ട്രീയത്തിന് പിന്തുണ നൽകിയ എല്ലാ സമ്മതിദായകർക്കും ഭാരവാഹികൾ അഭിനന്ദനങ്ങൾ നേർന്നു. ഇരുനൂറോളം സ്ഥലങ്ങളിൽ വളരെക്കുറഞ്ഞ വോട്ടുകൾക്കാണ് സീറ്റുകൾ ലഭിക്കാതെ പോയത്. ഏത് കുപ്രചരണങ്ങൾക്കിടയിലും നേരിന്റെ രാഷ്ട്രീയത്തിന് നന്മയുള്ളവർ കൂടെയുണ്ടാകുമെന്നതാണ് ഇത് തെളിയിക്കുന്നത്. നാടിന്റെ വികസനത്തിനും സമൂഹത്തിന്റെ നന്മക്കും നിലകൊള്ളാൻ എല്ലാ ജനാധിപത്യ വിശ്വാസികളും തുടർന്നും കൂടെയുണ്ടാകുമെന്നും ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

വിജയാഘോഷത്തിന്റെ ഭാഗമായി സ്റ്റേറ്റ് കമ്മിറ്റിയുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ ജനസമ്പർക്കവും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു. ഷറഫിയ ഹിജാസ് വില്ലയിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇ. എം അബ്ദുല്ല 'സ്വീറ്റ് ഓഫ് വിക്ടറി' കേക്ക് മുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. ആലിക്കോയ ചാലിയം, ഹനീഫ കിഴിശ്ശേരി, കോയിസ്സൻ ബീരാൻകുട്ടി, സി.വി. അഷ്റഫ്, എന്നിവർക്കൊപ്പം തമിഴ്‌നാട് സ്റ്റേറ്റ് ഭാരവാഹികളായ അൽ അമാൻ അഹമ്മദ്, നാസർഖാൻ നാഗർകോവിൽ, കർണാടക സ്റ്റേറ്റ് പ്രസിഡണ്ട് അബ്ദുന്നാസർ ബി.സി.റോഡ്, നോർത്തേൻ സ്റ്റേറ്റ് പ്രസിഡണ്ട് മുജാഹിദ് പാഷ ബാംഗ്ലൂർ, ഫൈസൽ മമ്പാട്, ഹംസ ഉമർ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ബ്ലോക്കുകൾക്കു കീഴിൽ നടന്ന മധുര പലഹാര വിതരണത്തിന് ജംഷി ചുങ്കത്തറ, യാഹൂട്ടി തിരുവേഗപ്പുറ, റഫീഖ് പഴമള്ളൂർ (ഷറഫിയ), റിയാസ് താനൂർ, റാഫി ചേളാരി, ഷാഹിദ് കാമ്പ്രൻ (മക്ക റോഡ്), അബ്ദുൽ കലാം,അഹമ്മദ് ആനക്കയം (ബലാദ് ), ഹസ്സൻ മങ്കട, നജീബ് വറ്റലൂർ, സാലിം മലപ്പുറം, നിസാർ ഉദിരംപൊയിൽ (റുവൈസ്), ജാഫർ കാളികാവ്, റാസി കൊല്ലം, ഗഫൂർ കാന്തപുരം (ബനീമാലിക്), നൗഫൽ താനൂർ, മുസ്തഫ ഗൂഡല്ലൂർ (ബവാദി) എന്നിവർ നേതൃത്വം നൽകി.

തബൂക്ക്, മദീന, മക്ക, റാബിഗ്, യാമ്പൂ, ത്വായിഫ് എന്നിവിടിങ്ങളിലും സോഷ്യൽ ഫോറം പ്രവർത്തകർ വിജയമാഘോഷിച്ചു. ഷാജഹാൻ കൊളത്തൂപ്പുഴ, മജീദ് വിട്ട്‌ല അഷ്റഫ് തിരൂർ, അൻഷാദ് ശൂരനാട്, ദിലീപ് ശൂരനാട് (തബൂക്ക്), കെ.പി. മുഹമ്മദ്, നിയാസ് അടൂർ (മദീന), അബൂബക്കർ ചെറുവാടി (യാമ്പൂ), ഗഫൂർ, ജലീൽ (റാബിഗ്), അബ്ദുല്ലക്കോയ, ഖലീൽ, ഫസൽ (മക്ക) എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.