മദീന: കുടുംബ ജീവിതത്തിന്റെ പ്രാരാബ്ധം തീർക്കാനായി സൗദിയിലെ മദീനയിൽ ജോലി തേടിയെത്തിയ എറണാകുളം പെരുമ്പാവൂർ സ്വദേശി കാസിം വെറും കയ്യോടെ മടങ്ങി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോലിയൊന്നും തരപ്പെടാതെയായിരുന്നു നിരാശയോടെയുള്ള മടക്കം.

ഒന്നര വർഷം മുമ്പാണ് സൗദിയിലുള്ള പരിചയക്കാരൻ മുഖേന ഫ്രീ വിസയിൽ കാസിം ഇവിടെയെത്തിയത്. എന്നാൽ മദീനക്കടുത്ത് ജോലി തേടിയെത്തിയ കാസിമിനെ വരവേറ്റത് കോവിഡ് വ്യാപനത്തിന്റെ വാർത്തയും തൊഴിൽ രംഗത്തുള്ള മന്ദഗതിയുമായിരുന്നു. സ്‌പോൺസർ മുഖേനയും സുഹൃത്തുക്കൾ മുഖേനയും ഒരു ജോലിക്കായി പല വാതിലുകളും മുട്ടിയെങ്കിലും ഒന്നും ശരിപ്പെടുകയുണ്ടായില്ല എന്നതായിരുന്നു വിധി.

ഒരു വർഷത്തിലധികമായി സുമനസ്സുകളുടെ സഹായത്തോടെ വിവിധയിടങ്ങളിൽ കഴിഞ്ഞു വരികയായിരുന്നു. എങ്ങിനെയെങ്കിലും കൂടുതൽ ബാധ്യതയില്ലാത്ത നാട്ടിലെത്തിയാൽ മതിയെന്ന അവസ്ഥയിലായിരുന്നു ഗൾഫ് സ്വപ്നം തുടക്കത്തിലേ കരിഞ്ഞുപോയ കാസിം.

കാസിമിന്റെ ദുരിത കഥ അറിഞ്ഞ മദീനയിലെ ഇന്ത്യൻ സോഷ്യൽ ഫോറം ഹതഭാഗ്യവാനെ സഹായിക്കാൻ രംഗത്തിറങ്ങി. ഫോറം മദീന ബ്ലോക്ക് പ്രസിഡണ്ട് കെ പി മുഹമ്മദ്, വെൽഫെയർ വളണ്ടിയർമാരായ റഷീദ് വരവൂർ, അസീസ് കുന്നുംപുറം എന്നിവർ രേഖകൾ ശരിയാക്കുന്നതിനും വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്കയക്കാനുമുള്ള സംവിധാനങ്ങൾ ചെയ്തു. കാസിമിനുള്ള യാത്ര രേഖകൾ നൽകി കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള വിമാനത്തിൽ യാത്രയാക്കുകയും ചെയ്തു.