മനാമ :ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ ക്രൈസ്തവ യുവസന്യാസിനിമാർക്ക് നേരെ സംഘപരിവാരം നടത്തിയ ആക്രമണം അപലപനീയമാണെന്നും മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവർ സംഘപരിവാര അക്രമികളെ നിലയ്ക്കുനിർത്താൻ മുമ്പോട്ടുവരണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം ആവശ്യപ്പെട്ടു . വിചാരധാരയുടെ പ്രായോഗിക പരീക്ഷണ ശാലയായി യുപി മാറിയതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.

മുൻഗണനാ പട്ടിക അനുസരിച്ച് ഓരോ വിഭാഗത്തിനെയും ആക്രമിച്ച് ഇല്ലാതാക്കുകയാണ് സംഘപരിവാര അക്രമികൾ. ത്സാൻസി റെയിൽവേ സ്റ്റേഷനിൽ വച്ച് വനിതാ പൊലീസുകാരില്ലാതെ പുറത്തിറങ്ങില്ലെന്ന് സന്യാസിനികൾ പറഞ്ഞെങ്കിലും അവരെ ബലമായി പുറത്തിറക്കിയ നടപടി സംഘപരിവാരവത്തിന്റെ കൂലിത്തൊഴിലാളികളായി പൊലീസ് മാറിയതിന്റെ തെളിവാണ്. ആധാർ ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകളെല്ലാം കാണിച്ചെങ്കിലും അക്രമികൾക്കൊപ്പം കൂടി പൊലീസും മോശമായി പെരുമാറുകയായിരുന്നുവെന്ന സന്യാസിനിമാരുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. സന്യാസിനിമാർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ 150 ലധികം സംഘപരിവാര അക്രമികൾ സംഘടിച്ചെത്തിയത് ഇതു സംബന്ധിച്ച ഗൂഢാലോചന വ്യക്തമാക്കുന്നു.

സംഘപരിവാര അക്രമികൾ ഏതു സമയത്തും ന്യൂനപക്ഷങ്ങളുടെ മേൽ ചാടി വീഴാൻ തയ്യാറായി സർവായുധസജ്ജരായി നിൽക്കുന്നു എന്ന സൂചനയാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്. ത്സാൻസിയിലെ വൈദികരുടെ സമയോചിതവും ബുദ്ധിപൂർവവുമായ ഇടപെടൽ കൊണ്ടു മാത്രമാണ് സന്യാസിനിമാരുടെ ജീവൻ രക്ഷിക്കാനായത്. രാജ്യത്തെ ജനാധിപത്യ, മതേതതര വിശ്വാസികളും ന്യൂനപക്ഷങ്ങളും ഈ അപകടം തിരിച്ചറിയണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലിഅക്‌ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു .