- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതാ ലോകകപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; 15 അംഗ ടീമിനെ മിതാലി രാജ് നയിക്കും; ഹർമൻപ്രീത് കൗർ വൈസ് ക്യാപ്റ്റൻ; ജെമീമ റോഡ്രിഗസും ശിഖ പാണ്ഡെയും പുറത്ത്

ന്യൂഡൽഹി: ഐസിസി വനിതാ ഏകദിന ലോകകപ്പിനും ന്യൂസിലൻഡ് പര്യടനത്തിനുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസീലൻഡ് വേദിയാകുന്ന ലോകകപ്പിൽ ഇന്ത്യയെ നയിക്കുക വെറ്ററൻ താരം മിതാലി രാജാണ്. ഹർമൻപ്രീത് കൗറാണ് വൈസ് ക്യാപ്റ്റൻ.
മാർച്ച് നാല് മുതൽ ഏപ്രിൽ മൂന്ന് വരെയാണ് ലോകകപ്പ്. ടോപ്പ് ഓർഡർ ബാറ്റർ ജെമീമ റോഡ്രിഗസ്, പേസർ ശിഖ പാണ്ഡെ എന്നിവരെ ടീമിലേക്ക് പരിഗണിക്കാതിരുന്നത് ചർച്ചയായിക്കഴിഞ്ഞു. മോശം ഫോം ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും ഒഴിവാക്കിയത്. ഓസ്ട്രേലിയയിൽ ഇന്ത്യൻ വനിതാ ടീമിന്റെ അവസാന പര്യടനത്തിൽ വരെ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ജെമീമ.
ഓൾറൗണ്ട് മികവ് കൊണ്ട് 2021ൽ മികവ് പുലർത്തിയ സ്നേഹ് റാണ സ്ഥാനം നിലനിർത്തി. വെറ്ററൻ താരം ജൂലൻ ഗോസ്വാമിയും ഇടംപിടിച്ചു. മൂന്ന് സ്റ്റാൻഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
ബേ ഓവലിൽ മാർച്ച് ആറിന് പാക്കിസ്ഥാനെതിരെയാണ് ലോകകപ്പിൽ ഇന്ത്യൻ വനിതകളുടെ ആദ്യ മത്സരം. ന്യൂസിലൻഡിനെ മാർച്ച് 10നും വെസ്റ്റ് ഇൻഡീസിനെ 12നും ഇംഗ്ലണ്ടിനെ 16നും ഓസ്ട്രേലിയയെ 19നും ബംഗ്ലാദേശിനെ 22നും ദക്ഷിണാഫ്രിക്കയെ 27നും ഇന്ത്യൻ വനിതകൾ ഗ്രൂപ്പ് ഘട്ടത്തിൽ നേരിടും.
ഏകദിന ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിൽ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യൻ ടീം കളിക്കും. ഫെബ്രുവരി 11 മുതലാണ് ന്യൂസീലൻഡ് പരമ്പര ആരംഭിക്കുന്നത്.
ഇന്ത്യൻ വനിതാ ടീം
മിതാലി രാജ്(ക്യാപ്റ്റൻ) ഹർമൻപ്രീത് കൗർ(വൈസ് ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷെഫാലി വെർമ, യാസ്തിക ഭാട്ട്യ, ദീപ്തി ശർമ്മ, റിച്ച ഘോഷ്(വിക്കറ്റ് കീപ്പർ), സ്നേഹ് റാണ, ജൂലൻ ഗോസ്വാമി, പൂജ വസ്ത്രാക്കർ, മേഘ്ന സിങ്, രേണുക സിങ് ഠാക്കൂർ, തനിയാ ഭാട്ട്യ(വിക്കറ്റ് കീപ്പർ), രാജേശ്വരി ഗെയ്ക്വാദ്, പൂനം യാദവ്.
സ്റ്റാൻഡ് ബൈ താരങ്ങൾ: സബിനെനി മേഘാന, ഏക്താ ബിഷ്ട്, സിമ്രാൻ ദിൽ ബഹദൂർ.


