മനാമ: സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് തമിഴ്‌നാട് സ്വദേശി കുത്തേറ്റ് മരിച്ചു. നാല്പതുകാരനായ നാരായണ മുത്തയ്യ ആണ് പണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെ മനാമയിലെ മുഖർക്വ മേഖലയിലെ പാർക്കിങ് ഏരിയയിലാണ് സംഭവം നടക്കുന്നത്.

മനാമയിലെ യതീം എയർ കണ്ടീഷണിങ് കമ്പനിയിൽ ഫാബ്രിക്കേറ്ററായി ജോലി ചെയ്തു വരികയായിരുന്നു നാരായണ മുത്തയ്യ. രണ്ടു പേർ തമ്മിൽ സാമ്പത്തിക ഇടപാടു സംബന്ധിച്ച തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നു. നാരായണ മുത്തയ്യയെ കുത്തിയത് മറ്റൊരു ഇന്ത്യക്കാരനാണെന്നും ഇയാൾ കുത്തിയ ശേഷം ഓടിപ്പോയി എന്നും സാക്ഷികൾ പറയുന്നു. രക്തത്തിൽ കുളിച്ചു കിടന്ന മുത്തയ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുത്തയ്യയുടെ കൂടെ താമസിക്കുന്നവരുടെ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നു. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ ആറാംതങ്കി സ്വദേശിയാണ് മുത്തയ്യ. മൃതദേഹം സാൽമിയ മെഡിക്കൽ കോംപ്ലെക്‌സിലെ മോർച്ചറിയിൽ.