ന്യൂയോർക്ക്: ജന്മദിനാഘോഷത്തിനിടെ സഹപാഠിയെ കുത്തിക്കൊന്ന കേസിൽ ഇന്ത്യൻ വിദ്യാർത്ഥി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി. 2013 ഒക്ടോബർ 13ന് നടന്ന കൊലപാതകത്തിലാണ് ഇന്ത്യൻ വിദ്യാർത്ഥിയായ രാഹുൽ ഗുപ്ത കുറ്റക്കാരനാണെന്ന് മേരിലാൻഡ് കോടതി കണ്ടെത്തിയിട്ടുള്ളത്. ഗേൾഫ്രണ്ടും സുഹൃത്തും കൂടി തന്നെ വഞ്ചിച്ചുവെന്ന ധാരണയിലാണ് താൻ കൊലപാതകം ചെയ്തതെന്ന് പിന്നീട് ഇരുപത്തഞ്ചുകാരനായ രാഹുൽ കോടതിയിൽ വെളിപ്പെടുത്തി.

ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയായ രാഹുൽ ഗുപ്ത സുഹൃത്തും സഹപാഠിയുമായ മാർക്ക് വോ (23)യെ കുത്തിക്കൊലപ്പെടുത്തുകയാണെന്നാണ് ജൂറി കണ്ടെത്തിയിരിക്കുന്നത്.  ഒക്ടോബർ 13ന് രാത്രി രാഹുലിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ചു നടന്ന പാർട്ടിക്കു ശേഷം മാർക്ക് വോയെ കുത്തിക്കൊല്ലുകയായിരുന്നു. പാർട്ടിയിൽ നന്നായി മദ്യപിച്ച മൂവരും രാഹുലിന്റെയും കാമുകിയുടേയും അപ്പാർട്ട്‌മെന്റിൽ തന്നെയായിരുന്നു കിടന്നിരുന്നത്. രാത്രി കാമുകിയും സുഹൃത്തും തന്നെ വഞ്ചിച്ചുവെന്ന് തോന്നിയതിനെത്തുടർന്നാണ് സുഹൃത്തിനെ രാഹുൽ കൊന്നത്. ടെയ്‌ലറുടെ ഫോൺ കോളിനെ തുടർന്ന് അപ്പാർട്ട്‌മെന്റിലെത്തിയ പൊലീസ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മാർക്കിനെയാണ് കണ്ടത്. സംഭവസ്ഥലത്തു വച്ചു തന്നെ മാർക്ക് മരിക്കുയായിരുന്നു.

താനാണ് മാർക്കിനെ കുത്തിയതെന്ന് പൊലീസിൽ രാഹുൽ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട്  അതു തിരുത്തി കാമുകിയെ രക്ഷിക്കാനാണ് താനത് ചെയ്തതെന്ന് മാറ്റിപ്പറയുകയായിരുന്നു. എന്നാൽ പിന്നീട് ജയിലിൽ വച്ച് പിതാവിനോട് നടത്തി സംഭാഷണത്തിൽ രാഹുൽ തന്നെയാണ് മാർക്കിനെ കൊന്നതെന്ന് വ്യക്തമാകുന്ന രേഖകൾ കോടതി തെളിവായി സ്വീകരിക്കുകയായിരുന്നു.
ദേശീയ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ കേസിൽ ശിക്ഷ ഏപ്രിൽ 18ന് പ്രഖ്യാപിക്കും. ഹൈസ്‌കൂൾ തലം മുതൽ രാഹുലും മാർക്കും സുഹൃത്തുക്കളായിരുന്നു. കേസിൽ വിധി കേൾക്കാനെത്തിയ രാഹുലിന്റെ അമ്മ കോടതിയിൽ കുഴഞ്ഞു വീണു. അവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.