ഓക്ക്‌ലാൻഡ്: വിദേശ ഇന്ത്യക്കാരുടെ മേൽ കരിനിഴൽ വീഴ്‌ത്തി ഇന്ത്യക്കാരൻ ഇന്ത്യക്കാരിയെ പീഡിപ്പിച്ച കഥ പുറംലോകത്ത്. ന്യൂസിലാൻഡിൽ അരങ്ങേറിയ ഈ സംഭവത്തെത്തുടർന്ന് ഇന്ത്യക്കാർക്ക് ന്യൂസിലാൻഡിൽ തല ഉയർത്തി നടക്കാൻ പറ്റാത്ത വിധം നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് വിദ്യാർത്ഥി സമൂഹത്തിനിടയിൽ. ഇന്ത്യക്കാരനായ ജൂണിയർ വിദ്യാർത്ഥി അതേ കോളേജിലെ ഇന്ത്യക്കാരിയായ പിജി വിദ്യാർത്ഥിയെയാണ് പീഡിപ്പിച്ചിരിക്കുന്നത്.

ഓക്ക്‌ലാൻഡിലാണ് സംഭവം അരങ്ങേറുന്നത്. ദീപാവലി ആഘോഷത്തിനായി പോകുകയായിരുന്ന യുവതിയെ കാറിലെത്തിയ യുവാവ് പീഡിപ്പിക്കുകയായിരുന്നു. വഴിയരികിൽ വച്ച് തന്നെ 20 മിനിട്ടോളം യുവാവ് പീഡനത്തിന് ഇരയാക്കി എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ യുവതി പഠിക്കുന്ന അതേ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് പീഡിപ്പിച്ച വിരുതൻ.

ഏതാനും മാസങ്ങൾക്കു മുമ്പ് ന്യൂസിലാൻഡിൽ എത്തിയ യുവാവിനെ താമസസ്ഥലം കണ്ടുപിടിക്കാൻ യുവതി സഹായിച്ചിരുന്നതായും പറയപ്പെടുന്നു. അന്യനാട്ടിൽ പരസ്പരം സഹായകരാകേണ്ടവർ തന്നെ പീഡകരായി മാറുന്നത് ഭയാശങ്കകളോടെ മാത്രമാണ് ഇന്ത്യൻ സമൂഹം നോക്കിക്കാണുന്നത്. ഓക്ക്‌ലാൻഡിൽ തന്നെ 12,000-ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണുള്ളത്. ഇവിടെ കുടിയേറിയിരിക്കുന്ന ഏറ്റവും കൂടുതൽ വിദേശികളും ഇന്ത്യക്കാർ തന്നെയാണ്.