ഓക്ക്‌ലാൻഡ്: സഹപാഠികൾക്കു മുന്നിൽ വച്ച് ഇന്ത്യക്കാരനായ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് ഇരുപത്തിരണ്ടുകാരിയായ ഭാര്യയെ കരംഗഹാപ്പെ റോഡിലുള്ള ക്വീൻസ് സ്ട്രീറ്റിനടുത്തു വച്ച് കൊലപാതകം അരങ്ങേറുന്നത്.

എഡബ്ല്യൂഐ ഇന്റർനാഷണൽ എഡ്യൂക്കേഷൻ ഗ്രൂപ്പിലെ ഐടി വിദ്യാർത്ഥിയും ഇന്ത്യൻ വംശജയുമായ പർമിതാ റാണിയാണ് ഭർത്താവിന്റെ കുത്തേറ്റ് മരിക്കുന്നത്. റാണിക്കൊപ്പം തന്നെ ഇരുപത്തിരണ്ടു വയസുള്ള മറ്റൊരു യുവാവിനും കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ റാണി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കഴുത്തിൽ കുത്തേറ്റ യുവാവിനെ ഓക്ക്‌ലാൻഡ് സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ സുഖംപ്രാപിച്ചു വരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നു.

പരീക്ഷ കഴിഞ്ഞിറങ്ങുകയായിരുന്ന പർമിതയെ ഇരുപതോളം സഹപാഠികൾ നോക്കി നിൽക്കേയാണ് ഭർത്താവ് കുത്തുന്നത്. ഒന്നര വർഷം മുമ്പാണ് പർമിത ഇവിടെ പഠിക്കാനെത്തുന്നത്. പർമിതയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഓക്ക്‌ലാൻഡ് ഡിസ്ട്രിക്ട് കോടതിയിൽ ഇരുപത്തൊമ്പതുകാരനായ ഇയാളെ ഹാജരാക്കും. പർമിതയും ഭർത്താവും മനുറെവായിലായിരുന്നു താമസം എന്നാണ് പറയപ്പെടുന്നത്.