മെൽബൺ: വിദേശത്തു നിന്ന് ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം പത്തു ശതമാനം വർധനയുണ്ടെന്ന് റിപ്പോർട്ടുകൾ. രാജ്യമെമ്പാടുമുള്ള ഇരുനൂറിലേറെ രാജ്യങ്ങളിൽ നിന്നായി അഞ്ചുലക്ഷത്തോളം വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം ഇവിടെ പഠിക്കാനെത്തിയതെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്കുകൾ വെളിപ്പെടുത്തുന്നത്.

അന്താരാഷ്ട്ര തലത്തിൽ ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റികൾക്കുള്ള മികവും ഇന്റർനാഷണൽ സ്റ്റുഡന്റ് കമ്മ്യൂണിറ്റിയിൽ ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ള ശക്തമായ പിന്തുണയുമാണ് ഉന്നത വിദ്യാഭ്യാസത്തിന് ഓസ്‌ട്രേലിയ തെരഞ്ഞെടുക്കപ്പെടാൻ കാരണമായിരിക്കുന്നതെന്ന് ഇന്റർനാഷണൽ എഡ്യൂക്കേഷൻ മിനിസ്റ്റർ റിച്ചാർഡ് കോൾബെക്ക് വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ മുമ്പന്തിയിൽ നിൽക്കുന്നത് ചൈനയാണ്. കഴിഞ്ഞ വർഷം ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം 13 ശതമാനമാണ് വർധിച്ചത്. മൊത്തം 1,36,097 വിദ്യാർത്ഥികളാണ് ചൈനയിൽ നിന്നും ഇവിടെ പഠിക്കാനെത്തിയത്. ഓസ്‌ട്രേലിയയിലുള്ള മൊത്തം വിദേശ വിദ്യാർത്ഥികളിൽ 27 ശതമാനവും ചൈനീസ് വിദ്യാർത്ഥികളാണ്. രണ്ടാം സ്ഥാനത്താണ് ഇന്ത്യയ്ക്ക്. വിദേശ വിദ്യാർത്ഥികളിൽ 10.8 ശതമാനം ആണ് ഇന്ത്യക്കാർ.

കൊറിയ, വിയറ്റ്‌നാം, തായ്‌ലണ്ട്, ബ്രസീൽ, ഹോംങ്കോംഗ്, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഏറെയുണ്ട്. മൊത്തം 66.2 ശതമാനം വിദ്യാർത്ഥികൾ ആണ് ഈ രാജ്യങ്ങളിൽ നിന്നുള്ളത്. വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 20 ബില്യൺ ഡോളറിന്റെ സംഭാവനയാണ് ചെയ്യുന്നത്. രാജ്യത്ത് വികസനം പ്രാപിച്ചുകൊണ്ടിരിക്കുന്ന അഞ്ച് മേഖലകളിൽ പ്രധാനപ്പെട്ടത് വിദേശ വിദ്യാഭ്യാസം ആണെന്ന് കോൾബെക്ക് പറയുന്നു.  എഡ്യുക്കേഷൻ, ലേണിങ്, ടീച്ചിങ്, റിസർച്ച് എന്നീ മേഖലകളിലാണ് ഓസ്‌ട്രേലിയ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നത്.