- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിക്കുമ്പോഴും പഠനം കഴിഞ്ഞാലും ജോലി കിട്ടും; സ്ഥിരതാമസവും വിസയും സ്വന്തമാക്കാം; മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ വിദ്യാർത്ഥികൾ ന്യൂസിലാൻഡിലേക്ക് ഒഴുകുന്നു
ക്രൈസ്റ്റ്ചർച്ച്: വിദേശ ഉന്നത വിദ്യാഭ്യാസവും ജോലിയും ആഗ്രഹിക്കുന്നവരുടെ ഇഷ്ടകേന്ദ്രമായ ബ്രിട്ടനെ വിദേശികൾ കയ്യൊഴിഞ്ഞു തുടങ്ങിയോ? ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ പഠിക്കാൻ പോയിരുന്ന രാജ്യങ്ങളിൽ ഒന്നായിരുന്നു ബ്രിട്ടൺ. എന്നാൽ അടിക്കടി ഉണ്ടായ നിയമ മാറ്റങ്ങൾ അവരെ മാറ്റി ചിന്തിപ്പിച്ചിരിക്കുന്നു. ബ്രിട്ടനു പകരം മലയാളികൾ അട
ക്രൈസ്റ്റ്ചർച്ച്: വിദേശ ഉന്നത വിദ്യാഭ്യാസവും ജോലിയും ആഗ്രഹിക്കുന്നവരുടെ ഇഷ്ടകേന്ദ്രമായ ബ്രിട്ടനെ വിദേശികൾ കയ്യൊഴിഞ്ഞു തുടങ്ങിയോ? ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ പഠിക്കാൻ പോയിരുന്ന രാജ്യങ്ങളിൽ ഒന്നായിരുന്നു ബ്രിട്ടൺ. എന്നാൽ അടിക്കടി ഉണ്ടായ നിയമ മാറ്റങ്ങൾ അവരെ മാറ്റി ചിന്തിപ്പിച്ചിരിക്കുന്നു. ബ്രിട്ടനു പകരം മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ മറ്റൊരു ഇടം കണ്ടെത്തിക്കഴിഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ അഭയം തേടിയെത്തിയത് ന്യൂസീലാന്റിലാണ്. ഇവിടുത്തെ ജോലി സാഹചര്യവും വിസ നിയമത്തിലെ ഇളവുകളുമാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ഇങ്ങോട്ട് ആകർഷിക്കുന്ന മുഖ്യ ഘടകം.
ബ്രീട്ടീഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന വിദേശ വിദ്യാർത്ഥികൾക്കാണ് കുടിയേറ്റ നിയന്ത്രണങ്ങളുടെ പേരിൽ കാര്യമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യൻ സാമ്പത്തിക മേഖലയ്ക്കു പുറത്തു നിന്നുള്ള വിദ്യാർത്ഥി വിസക്കാർക്ക് സർക്കാർ കാര്യമായ നിയന്ത്രണങ്ങളും അധിക ചാർജകളും ഏർപ്പെടുത്തിയതാണ് ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് വിനയായത്. ഇതോടെ വിദേശ വിദ്യാർത്ഥികൾ ബ്രിട്ടനെ കയ്യൊഴിഞ്ഞു തുടങ്ങിയിരിക്കുകയാണ്. ന്യൂസീലാന്റിൽ വിദ്യാർത്ഥി വിസകളിലെത്തുന്നവർക്ക് വലിയ ഇളവുകൾ നിലവിലുള്ളതാണ് വിദേശ വിദ്യാർത്ഥികളെ, പ്രധാനമായും ഇന്ത്യക്കാരെ ഇവിടെക്ക് ആകർഷിക്കുന്നത്.
ന്യൂസീലാന്റിൽ 93,000 വിദേശ വിദ്യാർത്ഥികളാണ് ഇപ്പോഴുള്ളത്. മുൻ വർഷത്തേക്കാൾ 12 ശമതാനം വളർച്ചയാണ് വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്നും ഈക്കൂട്ടത്തിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 60 ശതമാനം വർധിച്ചിട്ടുണ്ടെന്നും പ്രമുഖ രാഷ്ട്രീയ കക്ഷിയായ ന്യൂസീലാന്റ് ഫസ്റ്റ് നേതാവ് വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു. അതേസമയം അവസരം മുതലെടുത്ത് ഇന്ത്യൻ വിദ്യാർത്ഥികൾ സർവീസ് സ്റ്റേഷനുകളിലും സൂപ്പർമാർക്കറ്റുകളിലും നിസ്സാര ജോലികൾ വരെ ചെയ്യുന്നുണ്ടെന്ന് ന്യൂസീലാന്റ് ഫസ്റ്റ് പാർട്ടിയുടെ വംശീയകാര്യ വക്താവ് മഹേഷ് ബിന്ദ്ര പറയുന്നു. ഇന്ത്യക്കാർ ഇങ്ങനെ വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയും കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിക്കൂറിൽ നാലു ഡോളറോളം കുറഞ്ഞ ശമ്പളത്തിന് വിദ്യാർത്ഥികളെ പണിയെടുപ്പിച്ചതിന് ഒരു ഇന്ത്യൻ റെസ്ട്രന്റിന് ഒരാഴ്ചയ്ക്കിടെ രണ്ടു തവണ പിഴയിട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2014 ജനുവരി മുതൽ നിലവിവിൽ വന്ന പുതിയ വിസാ നയത്തിന്റെ ഭാഗമായാണ് ന്യൂസീലാന്റ് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാനായി വൻ ഇളവുകൽ പ്രഖ്യാപിച്ചത്. ഇവിടെ പഠനത്തോടൊപ്പവും പഠന ശേഷം അധിക കാലത്തേക്കും വലിയ നിയന്ത്രണങ്ങളില്ലാതെ ജോലി ചെയ്യാൻ കഴിയുമെന്നതാണ് വിദ്യാർത്ഥികളെ വൻതോതിൽ ഇങ്ങോട്ട് ആകർഷിക്കുന്നത്. പഠന ശേഷം തൊഴിൽ പരിചയം സമ്പാദിക്കുന്നതിനായി പാഠ്യവിഷയവുമായി ബന്ധപ്പെട്ട ജോലികൾ നോക്കാൻ വിദേശ വിദ്യാർത്ഥികളെ ഇവിടെ അനുവദിക്കുന്നു. ഇതു വഴി പിന്നീട് സ്ഥിരതാമസ വിസയും സ്വന്തമാക്കാം അവസരമുണ്ട്. ബിരുദ തലം തൊട്ടു മുകളിലേക്കുള്ള പഠനം ന്യൂസിലാന്റിൽ പൂർത്തിയാക്കിയവർക്കായി രണ്ടു തരം തൊഴിൽ വിസകൾക്ക് അപേക്ഷിക്കാം. പഠന ശേഷം ഒരു വർഷം കൂടി രാജ്യത്തു തങ്ങി ജോലി കണ്ടെത്താൻ സാഹചര്യമൊരുക്കുന്ന ഓപൺ വിസയാണ് ഒന്ന്. കണ്ടെത്തുന്ന ജോലി പാഠ്യ വിഷയവുമായി ബന്ധപ്പെട്ടതായിരിക്കണം എന്നു നിബന്ധനയുണ്ട്. രണ്ടാമത്തേത് എംപ്ലോയർ അസിസ്റ്റഡ് വർക് വിസയാണ്. ഇതുവഴി രണ്ടു വർഷത്തേക്കു കൂടി രാജ്യത്തു തങ്ങി പഠിച്ച ജോലി ചെയ്യാം. ഇതു പിന്നീട് സ്ഥിരതാമസ വിസ നേടാൻ സഹായകമാകുകയും ചെയ്യും.
സ്റ്റുഡന്റ് വിസയിൽ വന്ന് പഠിക്കുന്നവർക്ക് നിശ്ചിത സാഹചര്യങ്ങളിൽ പാർട് ടൈം/ ഫുൾടൈം ജോലി ചെയ്ത് ചെലവുകൾ കണ്ടെത്താനും ന്യൂസിലാന്റിൽ വലിയ നിയന്ത്രണങ്ങളില്ല. കോഴ്‌സിനിടെ വരുന്ന അവധിക്കാലത്ത് ഫുൾ ജോലിയും കണ്ടെത്തി ചെയ്യാം. നിലവിൽ പഠനത്തോടൊപ്പം ജോലി ചെയ്യാൻ അർഹതയുണ്ടായിരിക്കുകയും എന്നാൽ കയ്യിലുള്ള സ്റ്റുഡന്റ് വിസ ജോലി ചെയ്യാൻ അനുമതി നൽകുകയും ചെയ്യുന്നല്ലെങ്കിൽ ചെറിയ നടപടിക്രമങ്ങളിലൂടെ വിസയിൽ മാറ്റം വരുത്താനും അവരസമുണ്ടെന്നത് ജോലി തേടുന്ന വിദേശ വിദ്യാർത്ഥികൾക്ക് വലിയ അനുഗ്രമാണ്. ജോലി ചെയ്യാവുന്ന സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ കോഴ്‌സിനിടെ വരുന്ന അവധിക്കാലം കൃത്യമായി രേഖപ്പെടുത്തിയാൽ വിസയോടൊപ്പം തന്നെ അവധിക്കാലത്ത് ഫുൾടൈം ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും. ഇതിനായി പ്രത്യേകം പിന്നീട് അപേക്ഷിക്കേണ്ടതില്ല.
എല്ലാ താൽക്കാലിക വിസക്കാർക്കും മൂന്ന് മാസം വരെ കോഴ്‌സുകൾ പഠിക്കാൻ അവരമുണ്ട്. ഒന്നിലേറെ വർഷത്തേക്കുള്ള വിസയാണെങ്കിൽ ഓരോ വർഷവും മൂന്ന് മാസം പഠിക്കാനുള്ള അനുമതിയുണ്ട്. സ്റ്റുഡന്റ് വിസക്കായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ലെന്നതിനാൽ ഈ ഒപ്ഷൻ വിദേശ വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. അതേസമയം വർക് വിസയിലെത്തി മൂന്ന് മാസത്തിലേറെ കാലാവധിയുള്ള കോഴ്‌സുകളിൽ ചേർന്ന് പഠിക്കണമെങ്കിൽ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്്. വർക് വിസയിലെത്തി മൂന്ന് മാസത്തിലേറെ ദൈർഘ്യമുള്ള കോഴ്‌സ് പാർട് ടൈം ആയി ചെയ്യണമെങ്കിൽ ചെറിയ നടപടിക്രമങ്ങളിലൂടെ വിസയിൽ മാറ്റം വരുത്താം. പ്രത്യേക വിസയ്ക്ക് അപേക്ഷിക്കേണ്ടിതില്ല എന്നതും ആകർഷകമാണ്.