കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ടീമിനെ കൂടി സ്വന്തമാക്കാനുള്ള കേരളത്തിന്റെ മോഹം നടന്നില്ല. അടുത്ത സീസണിലേക്ക് രണ്ടു ടീമുകളെ കൂടി ഉൾപ്പെടുത്തി. തിരുവനന്തപുരം ആസ്ഥാനമായി പുതിയ ടീം ലഭിക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷകൾ വിഫലമായി. അടുത്ത സീസണിൽ മൊത്തം പത്തു ടീമുകൾ കളിക്കും.

ഐ-ലീഗ് ടീമായ ബെംഗളൂരു എഫ്‌സിയുടെ ഉടമസ്ഥരായ ജെഎസ്ഡബ്ല്യുവിന്റെയും ടാറ്റയുടെയും ടീമുകളാണ് ഐഎസ്എല്ലിൽ പുതിയ തുടക്കം കുറിക്കാനൊരുങ്ങുന്നത്. ടാറ്റ സ്റ്റീൽസ് ജംഷഡ്പൂർ ആസ്ഥാനമാക്കിയും ജെഎസ്ഡബ്ല്യു ബെംഗളൂരു ആസ്ഥാനമാക്കിയുമാകും പ്രവർത്തിക്കുക.

തിരുവനന്തപുരം ആസ്ഥാനമാക്കി കേരളത്തിൽ നിന്ന് ടീം വരുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് യാഥാർത്ഥ്യമായില്ല. നിലവിൽ കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ കളിക്കുന്നുണ്ട്

ഐ-ലീഗ് ടീമുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ലേലത്തിൽ നിന്ന് പിന്മാറിയതോടെയാണ് പുതിയ ടീമുകളുടെ എണ്ണം രണ്ടിൽ ഒതുങ്ങിയത്. കഴിഞ്ഞ ദിവസം ഐഎസ്എല്ലിന് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ എഎഫ്‌സി അംഗീകാരം നൽകിയിരുന്നു. ഐഎസ്എൽ വിജയികൾക്ക് എഎഫ്‌സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കുകയും ചെയ്യും.

ബെംഗളൂരു എഫ്‌സി ഐഎസ്എല്ലിന്റെ ഭാഗമാകുന്നതോടെ ഐ-ലീഗിൽ നിന്ന് പിന്മാറാനാണ് സാധ്യത. ഇതോടെ ഐ-ലീഗിന്റെ നിറം മങ്ങാൻ സാധ്യതയുണ്ട്. എങ്കിലും ഐ-ലീഗും ഐഎസ്എല്ലും സമാന്തരമായി നടത്താനും തത്സമയ ടെലികാസ്റ്റ് നടത്താനും എഐഎഫ്എഫ് തീരുമാനിച്ചിട്ടുണ്ട്. വർഷങ്ങളായി മികച്ച അക്കാദമിയുള്ള ടാറ്റയുടെ ഐഎസ്എല്ലിലേക്കുള്ള വരവ് ഇന്ത്യൻ ഫുട്ബോളിനു ഗുണം ചെയ്യും.