സ്‌പൈഡർമാന്റെയും എക്‌സ്മാന്റെയും അയൺമാന്റെയും ഹൾക്കിന്റെയുമൊക്കെ നിരയിലേക്ക് മുംബൈയിൽനിന്നൊരു സൂപ്പർ ഹീറോ കൂടിയെത്തുന്നു. മുംബൈക്കാരനായ രാജു റായ് എന്ന അത്ഭുതബാലനാണ് ഈ സൂപ്പർഹീറോമാർക്കൊപ്പമെത്താൻ രംഗത്തെത്തിയിരിക്കുന്നത്. സ്‌പൈഡർമാന്റെയും അയൺമാന്റെയുമൊക്കെ ശില്പിയായ സ്റ്റാൻ ലീ അണിയിച്ചൊരുക്കിയ രാജു റായ് എന്ന കാർട്ടൂൺ കഥാപാത്രം നായകനായ ചക്ര, ദ ഇൻവിസിബിൾ നവംബർ 30ന് കാർട്ടൂൺ നെറ്റ്‌വർക്കിൽ പ്രദർശിപ്പിക്കും.

ഇന്ത്യയിലെ കലാകാരന്മാർക്കൊപ്പം പ്രവർത്തിക്കാനായതിൽ തനിക്ക് സന്തോഷമുണ്ടെന്ന് സ്റ്റാൻ ലീ പറഞ്ഞു. തന്റെ കഥപറച്ചിലിന്റെ രീതി ഇന്ത്യൻ സാഹചര്യത്തിന് ഇണങ്ങുന്ന രീതിയിൽ മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോമിക് കഥാപാത്രമായാണ് രാജു റായ് ആദ്യം രംഗത്തെത്തുന്നത്. പിന്നീട് ആനിമേഷൻ കഥാപാത്രമാകും. പ്രതീക്ഷിച്ചതുപോലെ രാജു റായ് സൂപ്പർ ഹീറോ ആവുകയാണെങ്കിൽ അതൊരു സിനിമയ്ക്കും വഴിയൊരുക്കുമെന്ന് ചക്രയ്ക്കുപിന്നിലുള്ള ഗ്രാഫിക് ഇന്ത്യയുടെ സി.ഇ.ഒ ശരദ് ദേവരാജൻ പറയുന്നു. ലോകമെമ്പാടുമായി 6.2 ലക്ഷം കോടി രൂപയുടെ വ്യവസായമാണ് സൂപ്പർ ഹീറോ കോമിക്‌സ്. ഇതിൽ ആയിരം കോടി രൂപയിൽത്താഴെയാണ് ഇന്ത്യയുടെ പങ്കാളിത്തം. രാജു റായ് വരുന്നതോടെ ഇതിൽ വ്യത്യാസമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.