മുംബൈ: ഐപിഎല്ലിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ മെയ് 22ന് പ്രഖ്യാപിക്കുമെന്ന് സൂചന. ടീമിലെ സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ എന്നിവർക്ക് വിശ്രമം അനുവദിക്കുന്നതിനാൽ പുതിയ നായകന്റെ കീഴിലായിരിക്കും ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ കളിക്കുക.

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് നായകനെന്ന നിലയിൽ തിളങ്ങിയ ഹാർദ്ദിക് പാണ്ഡ്യയെയും മുമ്പ് ശ്രീലങ്കയിൽ ഇന്ത്യയെ നയിച്ച സീനിയർ താരം ശിഖർ ധവാനെയുമാണ് രോഹിത്തിന്റെയും രാഹുലിന്റെയും അഭാവത്തിൽ നായക സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. രോഹിത്തിനും രാഹുലിനും പുറമെ ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവർക്കും വിശ്രമം അനുവദിക്കുമെന്നാണ് സൂചന. മുൻ നായകൻ വിരാട് കോലിക്ക് ഐപിഎല്ലിനുശേഷം വിശ്രമം അനുവദിക്കുമെന്ന് പിടിഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് മുമ്പ് സീനിയർ കളിക്കാർക്ക് മൂന്നാഴ്ചത്തെയെങ്കിലും പൂർണ വിശ്രമം അനുവദിക്കാനാണ് ബിസിസിഐയും സെലക്ടർമാരും ശ്രമിക്കുന്നത്.

സീനിയർ താരങ്ങളുടെ അഭാവത്തിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ മികച്ച രീതിയിൽ നയിക്കുകയും മികച്ച ബാറ്റിങ് പുറത്തെടുക്കുകയും ചെയ്ത മലയാളി താരം സഞ്ജു സാംസൺ ടീമിൽ തുടർന്നേക്കും. മറ്റൊരു വിക്കറ്റ് കീപ്പറായ മുംബൈയുടെ ഇഷാൻ കിഷൻ ഐപിഎല്ലിൽ ഫോമിലേക്കുയരാഞ്ഞതും സഞ്ജുവിന്റെ സാധ്യത കൂട്ടുന്നു.

ബൗളർമാരിൽ ഉംറാൻ മാലിക്ക് വേഗം കൊണ്ട് ഞെട്ടിച്ചെങ്കലും ഐപിഎല്ലലിൽ റൺസേറെ വഴങ്ങിയത് ഉംറാന്റെ സാധ്യതക്ക് തിരിച്ചടിയാവും. ഇന്ത്യ എ ടീമിലേക്കാവും ഉംറാനെ ആദ്യ പരിഗണിക്കുക എന്നാണ് സൂചന. അതേസമയം, ഐപിഎല്ലിൽ വേഗം കൊണ്ടും ബൗൺസ് കൊണ്ടും അതിശയിപ്പിച്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പേസർ മൊഹ്‌സിൻ ഖാൻ, ഡെത്ത് ഓവർ സ്‌പെഷലിസ്റ്റായ പഞ്ചാബ് കിങ്‌സ് പേസർ അർഷദീപ് സിങ് എന്നിവരെയും ടീമിലേക്ക് പരിഗണിച്ചേക്കും. ഐപിഎൽ ലീഗ് ഘട്ടം അവസാനിക്കുന്ന ദിവസം ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചേക്കും.