ഡൽഹി: 16 വർഷങ്ങൾക്ക് ശേഷം ചൈനയ്ക്കെതിരായ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് മലയാളി താരങ്ങൾ. മലപ്പുറം സ്വദേശികളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനുമാണ് 22 അംഗ ടീമിൽ ഇടം പിടിച്ചത്. ചൊവ്വാഴ്‌ച്ചയാണ് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റെന്റെയ്ൻ ടീമിനെ പ്രഖ്യാപിച്ചത്. വിസ പ്രശ്നംമൂലം സ്‌ട്രൈക്കർ ബൽവന്ത് സിങ് ടീമിലില്ല. ഒക്ടോബർ 13-ന് ചൈനയിലാണ് മത്സരം.

അതേസമയം അനസുമായുള്ള പ്രതിരോധത്തിലെ കൂട്ടുകെട്ട് ചൈനയുമായുള്ള മത്സരത്തിൽ നിർണായകമാകുമെന്ന് സന്ദേശ് ജിങ്കൻ വ്യക്തമാക്കി. അനസും ഞാനും തമ്മിൽ മികച്ച ധാരണയിലാണ് കളിക്കുക. കൂടുതൽ മത്സരം കളിക്കുന്നതിന് അനുസരിച്ച് ഈ ധാരണ ശക്തമായി വരും. ജിങ്കൻ വ്യക്തമാക്കുന്നു.

ചൈനക്കെതിരെ നൂറ് ശതമാനം പ്രകടനം ഇന്ത്യ കളിക്കളത്തിൽ പുറത്തെടുക്കണം. ചൈന ഇന്ത്യയെക്കാൾ മികച്ച ടീമാണെന്നും അവർക്ക് ഒരു രാജ്യാന്തര ടീമെന്ന നിലയിൽ മികച്ച ചരിത്രമാണുള്ളതെന്നും ജിങ്കൻ പറഞ്ഞു. ഇന്ത്യൻ ഫുട്ബോൾ ടീം അടുത്ത കാലത്ത് കളിച്ച ഏറ്റവും ശക്തരായ എതിരാളികൾ ആയിരിക്കും ചൈന. ഏഷ്യാകപ്പിന് മുന്നോടിയായാണ് ഇന്ത്യ, ചൈനക്കെതിരെ സൗഹൃദ മത്സരം കളിക്കുന്നത്. ഇതുവരെ 14 മത്സരങ്ങൾ ഇരു ടീമുകളും കളിച്ചപ്പോൾ 6 സമനിലകൾ മാത്രമാണ് ഇന്ത്യക്ക് സ്വന്തം. ബാക്കി എല്ലാ മത്സരങ്ങളിലും ചൈനയാണ് വിജയിച്ചത്.

ടീം: ഗുർപ്രീത് സിങ് സാന്ധു, അമരീന്ദർ സിങ്, കരൺജിത് സിങ് (ഗോൾ കീപ്പർ), പ്രീതം കോട്ടാൽ, സാർഥിക് ഗോലൂയ്, സന്ദേശ് ജിംഗാൻ, അനസ്, സാലേം രഞ്ജൻ സിങ്, സുഭാഷിഷ് ബോസ്, നാരായൺ ദാസ് (പ്രതിരോധം), ഉദാന്ത സിങ്, നിഖിൽ പൂജാരി, പ്രണോയ് ഹാൽദാർ, റൗളിൻ ബോർഗസ്, അനിരുഥ് ഥാപ്പ, വിനീത് റായ്, ഹോളിച്ചരൺ നർസാറി, ആഷിഖ് (മധ്യനിര), സുനിൽ ഛേത്രി, ജെജെ ലാൽ പെഖുല, സുമിത് പാസി, ഫാറുഖ് ചൗധരി (ഫോർവേർഡ്).