മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, പേസ് ബൗളർ മുഹമ്മദ് ഷമി എന്നിവർ ടീമിലേക്ക് തിരിച്ചെത്തി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, ഓപ്പണർ പൃഥ്വി ഷാ, സ്പിന്നർ കുൽദീപ് യാദവ് തുടങ്ങിയവരെ ടീമിൽ നിന്നും ഒഴിവാക്കി.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള 20 അംഗ ടീമിനേയാണ് ബി.സി.സിഐ പ്രഖ്യാപിച്ചത്. നാല് പേർ സ്റ്റാൻഡ് ബൈ താരങ്ങളായിട്ടും തിരഞ്ഞെടുത്തിട്ടുണ്ട്. തകർപ്പൻ ഫോമിലുള്ള യുവതാരം പൃഥ്വി ഷായെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഓസീസ് പരമ്പരയ്ക്കിടെ പരിക്കേറ്റിരുന്ന ഷമിയും ജഡേജയും ദീർഘനാളായി ടീമിന് പുറത്തായിരുന്നു.

പാണ്ഡ്യ, പൃഥ്വി ഷാ, കുൽദീപ് യാദവ് എന്നിവർക്കു പുറമെ ഭുവനേശ്വർ കുമാറിനും ടീമിൽ ഇടം ലഭിച്ചില്ല. ജോലിഭാരം നിമിത്തം കുറച്ചുകാലമായി ബോളിങ്ങിൽനിന്നു വിട്ടുനിൽക്കുന്ന ഹാർദിക് പാണ്ഡ്യ ടെസ്റ്റ് ടീമിൽ ഇടംപിടിക്കുമെന്നായിരുന്നു പ്രതീക്ഷ. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി ഏഴു മത്സരങ്ങളിലും കളിച്ചെങ്കിലും പാണ്ഡ്യയ്ക്ക് ടെസ്റ്റ് ടീമിൽ ഇടംപിടിക്കാനായില്ല. ഇതിനു മുൻപ് 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് പാണ്ഡ്യ ഏറ്റവും അവസാനം ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചത്.



കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഇന്ത്യഓസ്‌ട്രേലിയ ഡേനൈറ്റ് ടെസ്റ്റിനുശേഷം മുഹമ്മദ് ഷമിയും ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. അന്ന് ഓസീസിൽനിന്ന് മടങ്ങിപ്പോന്ന ഷമി ഐപിഎലിൽ പഞ്ചാബ് കിങ്‌സിനായി കളത്തിലിറങ്ങിയിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിൽ സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ ഇക്കഴിഞ്ഞ ജനുവരിയിലാണ് ജഡേജയ്ക്ക് പരുക്കേറ്റത്. അതിനുശേഷം ജഡേജയും ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. അതേസമയം, ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ജഡേജയും കളത്തിലിറങ്ങിയിരുന്നു.

ഇവരെ മാറ്റിനിർത്തിയാൽ ഫെബ്രുവരിമാർച്ച് മാസങ്ങളിലായി നടന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ 31ന് തോൽപ്പിച്ച ടീമിലെ അംഗങ്ങളെല്ലാം സ്ഥാനം നിലനിർത്തി. വിരാട് കോലി നയിക്കുന്ന ടീമിന്റെ ഉപനായകൻ അജിൻക്യ രഹാനെയാണ്.

ഋഷഭ് പന്താണ് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ. സാഹയെ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് പരിഗണിച്ചിരിക്കുന്നത്. രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ എന്നിവർ ഓപ്പണിങ് സ്ഥാനത്തെത്തുമ്പോൾ അഗർവാൾ പകരക്കാരുടെ ബെഞ്ചിലാവും. നായകൻ വിരാട് കോലിക്കൊപ്പം ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവരും ടീമിലുണ്ടാവും.



ജൂൺ 18-നാണ് ന്യൂസീലൻഡിനെതിരായ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് നടക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയത്.

ആദ്യ മത്സരം പരാജയപ്പെട്ടിട്ടാണ് ഇന്ത്യ ഉജ്ജ്വലമായി തിരികെ എത്തിയത്. അവസാന മത്സരത്തിൽ ഇന്നിങ്‌സിനും 25 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ഓഗസ്റ്റ് നാലു മുതൽ സെപ്റ്റംബർ 14 വരെയാണ് അഞ്ചു ടെസ്റ്റ് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ട് പരമ്പര.

ഐ.പി.എല്ലിനിടെ അപ്പൻഡിസൈറ്റിസിന് ശസ്ത്രക്രിയക്ക് വിധേയനായ കെ.എൽ രാഹുൽ, കോവിഡ് ബാധിതനായി ചികിത്സയിലുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വൃദ്ധിമാൻ സാഹ എന്നിവരെ ഫിറ്റ്നസ് വീണ്ടെടുക്കുന്നത് അനുസരിച്ച് ടീമിലേക്ക് പരിഗണിക്കും.

ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ.എൽ രാഹുൽ, വൃദ്ധിമാൻ സാഹ.

അഭിമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, അർസാൻ നഗ്വാസ്വല്ല എന്നിവരാണ് സ്റ്റാൻഡ് ബൈ താരങ്ങൾ.