ഴിഞ്ഞ വർഷം പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്നും 25 കൗമാരക്കാരെ മൂന്ന് ട്രാവൽ ഏജന്റുമാർ നിയമവിരുദ്ധമായി ഫ്രാൻസിലേക്ക് കടത്തിക്കൊണ്ട് പോയ സംഭവത്തിൽ സിബിഐ ഒരു എഎഫ്ഐആർ രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റഗ്‌ബി ടീമിൽ പരിശീലനത്തിന് എന്ന പേരിലായിരുന്നു ഇവരെ പാരീസിൽ എത്തിച്ചിരുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഗുരുദ്വാരയുടെ സഹായത്തോടെ മുങ്ങിയവരിൽ ഒരാളെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിൽ ഇന്റർപോൾ ആവശ്യപ്പെട്ടതോടെയാണ് സിബിഐ കേസെടുത്തിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

പ്രസ്തുത ട്രാവൽ ഏജന്റുമാരുടെ ഓഫീസുകളിൽ ഇന്നലെ സിബിഐ പരിശോധനകൾ നടത്തിയിരുന്നു. ഫരീദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലളിത് ഡേവിഡ് ഡീൻ, ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൻജീവ് റോയ്, വരുൺ ചൗധരി എന്നീ ട്രാവൽ ഏജന്റുമാരാണ് ഈ കേസിൽ അന്വേഷണം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇവരുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ നിന്നും നിർണായകമായ രേഖകൾ പിടിച്ചെടുത്തുവെന്നും റിപ്പോർട്ടുണ്ട്. ഓരോ കൗമാരക്കാരിൽ നിന്നും ഇവരെ പാരീസിലേക്ക ്കൊണ്ടു പോകുന്നതിനായി ഏജന്റുമാർ 25 മുതൽ 30 ലക്ഷം രൂപ വരെ കൈപ്പറ്റിയിരുന്നുവെന്നാണ് ഒഫീഷ്യലുകൾ ആരോപിക്കുന്നത്.

13 മുതൽ 18 വരെ പ്രായമുള്ള ഈ 25 പേരെയും പാരീസിൽ വച്ച് നടക്കുന്ന റഗ്‌ബി ട്രെയിനിങ് ക്യാമ്പിലേക്ക് കൊണ്ടു പോകുന്നുവെന്നായിരുന്നു അവരുടെ വിസ അപേക്ഷകളിൽ ഏജന്റുമാർ കാണിച്ചിരുന്നത്. പഞ്ചാബിലെ കപൂർത്തലയിലെ രണ്ട് സ്‌കൂളുകളിലെ കുട്ടികളാണിവർ എന്ന പേരിലായിരുന്നു ഇവരെ വിദേശത്തേക്ക് കൊണ്ടു പോയിരുന്നതെന്നും ഇവരെ റഗ്‌ബി ട്രെയിനിംഗിനെന്ന പേരിൽ ഡൽഹി എയർ പോർട്ടിൽ നിന്നും പാരീസിലേക്ക് സ്വകാര്യ ട്രാവൽ ഏജന്റുമാർ കൊണ്ടുപോയതെന്നുമാണ് സിബിഐ വക്താവായ അഭിഷേക് ദയാൽ വിശദീകരിക്കുന്നത്. പാരീസിലെ ഫ്രഞ്ച് ഫെഡറേഷനിൽ നിന്നും ഇവർക്ക് ക്ഷണം ലഭിച്ചുവെന്ന കൃത്രിമരേഖകളും ഇതിനായി ഏജന്റുമാർ ചമച്ചിരുന്നുവെന്ന് സിബിഐ വക്താവ് പറയുന്നു.

ഇവരെയെല്ലാം പാരീസിൽ എത്തിച്ചിരുന്നുവെന്നും ഒരാഴ്ച കാലം റുഗ്‌ബി ട്രെയിനിങ് ക്യാമ്പിൽ പങ്കെടുപ്പിച്ചിരുന്നുവെന്നും ദയാൽ പറയുന്നു. എന്നാൽ ഇതിലെന്തോ തട്ടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ രണ്ട് കുട്ടികൾ ഇന്ത്യയിലേക്ക് മടങ്ങാൻ പുറപ്പെട്ടിരുന്നു. ഇതിന് ശേഷം ശേഷിക്കുന്ന 22 പേരുടെ റിട്ടേൺ ടിക്കറ്റുകൾ ഏജന്റുമാർ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മടങ്ങിയ രണ്ട് പേരെ കാണാതായെന്നാണ് സിബിഐ ഒഫീഷ്യലുകൾ പറയുന്നത്. ഇതിലൊരാളെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണീ സംഭവം ഇന്റർ പോളിന് റഫർ ചെയ്തിരിക്കുന്നത്. തുടർന്ന് ഇത് അന്വേഷിക്കാൻ ഇന്റർ പോൾ സിബിഐയോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിബിഐ ഒരു പ്രാഥമികാന്വേഷണം നടത്തിയും ഒരു എഫ്ഐആർ രജിസ്ട്രർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ സിബിഐ ഈ കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെടുന്നതാണ്. കാണാതായവരെ കുറിച്ച ്എന്തെങ്കിലും പരാതിയുണ്ടോയെന്നും സിബിഐ അന്വേഷിക്കുന്നതായിരിക്കും.