ഡബ്ലിൻ: സെന്റ് ജെയിംസ് ആശുപത്രിയിലെ കാർഡിയാക് സർജറി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലൂക്കൻ, സാർസ്, ഫീൽഡ് ക്ലബ്ബിൽ നടത്തിയ 'ഇന്ത്യൻ തീം നൈറ്റ്' ഐറീഷുകാരിൽ കൗതുകമുണർത്തി. തദ്ദേശീയരും മറ്റ് വിദേശികളും ഉൾപ്പെടെ 150 പേർ പങ്കെടുത്ത പരിപാടിക്ക് നേതൃത്വം നൽകിയത് മലയാളി നഴ്‌സുമാരായിരുന്നു. മറ്റ് രാജ്യക്കാർക്ക് ഇന്ത്യയെ പരിചയപ്പെടുത്തുവാനുള്ള ഈ പ്രോഗ്രാം ഇന്ത്യയുടെ സംസ്‌ക്കാരവും പാരമ്പര്യവും തനിമയും വിളിച്ചോതുന്നതായി.അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്‌സിങ്, കാതറിൻ തോബിൻ, ഗ്രോണിയ മാക്‌ഡൊണാൽഡ്, ഇറ്റാ ഡിലെനി എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഇന്ത്യൻ തീം നൈറ്റ് ഉദ്ഘാടനം ചെയ്തു.

ഭാരതത്തിന്റെ പരമ്പരാഗത വസ്ത്രമായ സാരി ധരിച്ചാണ് പങ്കെടുത്ത എല്ലാ സ്ത്രീകളും എത്തിയത്. പുരുഷന്മാർ സൽവാറും കുർത്തയും ജൂബ്ബയും ധരിച്ചെത്തി. തിരുവാതിര, ക്ലാസ്സിക്കൽ ഡാൻസുകൾ, ബോളിവുഡ് ഡാൻസുകൾ, ഗാനമേള എന്നിവയും പങ്കെടുത്ത എല്ലാവരും നൃത്തച്ചുവടുകൾ വച്ച് ഏറ്റുപാടിയ 'ജെയ്‌ഹോ'യും ഭാരതത്തിന്റെ അന്തസത്ത ഉൾക്കൊള്ളുന്നതായിരുന്നു. ഇന്ത്യയുടെയും അയർലന്റിന്റെയും ദേശീയ പതാകകളുടെ സാദൃശ്യം ചിത്രീകരിച്ച് ത്രിവർണ്ണ അത്തപ്പൂക്കളമൊരുക്കിയിരുന്നു. ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ ചിത്രീകരിക്കുന്ന വീഡിയോയും ഇന്ത്യൻ സിനിമാലോകത്തെ പ്രതിപാദിക്കുന്ന വീഡിയോ അവതരണവും ശ്രദ്ധാർഹമായി.

ഐറിഷ് പ്രതിശ്രുത വധുവും വരനുമായ എമ്മയും ഓറനും ഇന്ത്യൻ വിവാഹ വസ്ത്രമണിഞ്ഞ് വരണമാല്യവുമിട്ട് എത്തിയപ്പോൾ കല്യാണമേളവും ചെണ്ടമേളവും അകമ്പടി സേവിച്ചു. ഇരുരാജ്യങ്ങളുടേയും ദേശീയഗാനം ജെമിൻ ജോസഫ് ആലപിച്ചു.
ക്ലിനിക്കൽ നഴ്‌സ് മാനേജരായ ജീജ ജോയി മുളന്താനത്തിന്റെ നേതൃത്വത്തിൽ പിങ്കി അപ്രേം, ബോബി വസന്ത്, സിനി ഷൈബു, ശാലിനി വർഗീസ്, ജോസ് തോമസ്, ഷീന അജു, ജിൻസി ഏബ്രഹാം, റീനി ജേക്കബ്, ഷിജി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലിസി വർഗീസ്, സ്റ്റീവ് വർഗീസ് എന്നിവർ ഡാൻസുകൾക്ക് നേതൃത്വം നൽകി. ജൂഡി ബിനു അവതാരകയായിരുന്നു. ജീജ ജോയി മുളന്താനത്ത് സ്വാഗതവും ശാലിനി വർഗീസ് നന്ദിയും പറഞ്ഞു.