ദുബൈ: ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ ഭർത്താവിനും കൂട്ടുകാരനായ പാക്കിസ്ഥാനിക്കും വധശിക്ഷ നൽകാൻ ദുബയ് സുപ്രീം കോടതി വിധിച്ചു. എ.ക്യൂ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന ഇന്ത്യക്കാരനും ആർ.എ. എന്ന പാക്കിസ്ഥാനി യുവാവിനുമാണ് വധശിക്ഷക്ക് വിധിച്ചത്. ഭാര്യ ഭർത്താവിന്റെ കാമുകിയായ ഫിലിപ്പൈൻ യുവതിയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

വധശിക്ഷ ഇളവ് ചെയ്യണമെന്ന് പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും
ക്രൂരമായി നടത്തിയ കൊലപാതകത്തിലെ പ്രതികൾ ഇളവ് അനുവദിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് അബ്ദുൽ അസീസ് വിധിക്കുകയായിരുന്നു.2013 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിന് ഫിലിപ്പിനോ യുവതിയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് യുവതിയുമായി വഴക്കിടാനും അതുകൊലയിലേക്കും നയിച്ചത്.

ഭർത്താവ് യ്‌രുവതിയെ കൂരമായി മർദിക്കുകയായിരുന്നുവെന്ന് ദുബൈയിലുള്ള യുവതിയുടെ പിതാവ് കോടതിയിൽ മൊഴി നൽകിയിരുന്നു.ഉറങ്ങുകയായിരുന്ന യുവതിയെ ഭർത്താവും കൂട്ടുകാരനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അൽഐൻ റോഡിലെ അൽ ഫുഖാ പ്രദേശത്ത് മണലാരണ്യത്തിൽ മാലിന്യ ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ബംഗഌദേശിയായ ഒരു നഗരസഭാ ശുചീകരണ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തി പൊലീസിൽ വിവരം അറിയിച്ചത്.

വിവാഹമോചനം നേടിയാൽ ജീവനാംശം നൽകണമെന്നതിനാലാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നു പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വധശിക്ഷ വിധിച്ചതിനെത്തുടർന്നു മേൽക്കോടതിയിൽ അപ്പീൽ നൽകിയിരുന്നെങ്കിലും തള്ളി. തുടർന്നാണ് ഉന്നതകോടതിയെ സമീപിച്ചത്.