ലണ്ടൻ: ഇന്ത്യയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താൻ ബ്രിട്ടൻ പരിശ്രമിക്കുമ്പോഴും ബ്രിട്ടനെ വലച്ചുകൊണ്ടിരിക്കുകയാണ് കൊറോണയുടെ ഇന്ത്യൻ വകഭേദം. നിലവിൽ ലണ്ടനിലെ കോവിഡ് ബാധിതരിൽ 10 ശതമാനത്തോളം പേരിൽ ബാധിച്ചിരിക്കുന്നത് ഇന്ത്യൻ വകഭേദമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ ഇനം കൊറോണ വൈറസുകളെ കുറിച്ച് ആഴത്തിൽ പഠനം നടത്തുന്ന സാംഗർ ഇൻസ്റ്റിറ്റിയുട്ട് പറയുന്നത് ഏപ്രിൽ മാസത്തിലാണ് ഈ ഇനം കൂടുതൽ വ്യാപകമായത് എന്നാണ്.

ജനിതകഘടനാപരമായി സമാനതകളുള്ള മൂന്ന് വ്യത്യസ്ത ഇനങ്ങൾ രാജ്യത്തെ മൊത്തം കോവിഡ് രോഗികളിൽ 2.4 ശതമാനം പേരിലാണ് സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നത്. മാർച്ച് അവസാനം 0.2 ശതമാനം മാത്രമുണ്ടായിരുന്ന ഈ ഇനങ്ങൾ ഏപ്രിൽ 17 ന് അവസാനിച്ച ആഴ്‌ച്ചയ്ക്കുള്ളിൽ 12 മടങ്ങാണ് വർദ്ധിച്ചിട്ടുള്ളത്. ഇതേ കണക്കിൽ തന്നെയാണ് ലണ്ടനിലെ പത്ത് രോഗികളിൽ ഒരാളിൽ വീതം ഈ ഇനങ്ങളുടെ സാന്നിദ്ധ്യം വെളിപ്പെടുത്തുന്നതും.

അതേസമയം മേഖലാടിസ്ഥാനത്തിൽ നോക്കിയാൽ, ലാംബെത്തിൽ ഇന്ത്യൻ ഇനത്തിന്റെ സാന്നിദ്ധ്യം 46 ശതമാനം വരെയാണ്. ഹാരോയിൽ 36 ശതമാനവും. എന്നാൽ, വളരെ കുറച്ച് രോഗികൾ മാത്രമാണ് ഇവിടങ്ങളിൽ ഉള്ളത് എന്നതിനാൽ അതിശക്തമായ ഒരു വ്യാപനം ഭയക്കേണ്ടതില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഇന്ത്യയിൽ അതിതീവ്രമായ രോഗവ്യാപനത്തിന് ഇടയാക്കിയ ഈ ഇനത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല എന്നതും രോഗ നിയന്ത്രണത്തിൽ പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

എന്നാൽ, നിലവിൽ ബ്രിട്ടനിൽ വ്യാപകമായുള്ള കെന്റ് ഇനത്തെ വ്യാപനത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ഇനം കടത്തിവെട്ടും എന്നാണ് പൊതുവേ ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. അതേസമയം, ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ വിൽക്കുന്ന അസ്ട്രസെനെകയുടെ വാക്സിനും ഫൈസർ വാക്സിനും ഈ ഇനത്തിനെതിരെ പ്രതിരോധം തീർക്കുന്നതിൽ ഫലവത്താണെന്ന് നേരത്തേ ചില പ്രാഥമിക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമേ യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്ന ഒരു അനുമാനത്തിൽ എത്താനാകൂ എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.

ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ നടന്നുവരികയാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ഡോ. സൂസൻ ഹോപ്കിൻസ് അറിയിച്ചു. എന്നാൽ, മറ്റിനങ്ങളെക്കാൾ സങ്കീർണ്ണതകൾ കൂടുതൽ ഉള്ള ഇനമായതിനാൽ പഠനത്തിന് ഏറെ സമയം എടുക്കും. അതേസമയം ഇന്ത്യയിൽ ഇന്നലെ 3,57,229 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 3,449 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കാണ്. എന്നാൽ, ഈ രംഗത്തെ വിദഗ്ദർ പറയുന്നത് യഥാർത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങ് വരുമെന്നാണ്.

ലാംപ്ത്ത്, ഹാരോ എന്നിവിടങ്ങളിലാണ് ഇപ്പോൾ ഇന്ത്യൻ ഇനം കൂടുതലായി കാണപ്പെടുന്നത്. ഈസ്റ്റ്ലീ, ഹാംപ്ഷയർ, ബ്രോംലി, ബോൾട്ടൺ, സ്റ്റഫോർഡ്, ഹാരിംഗേ എന്നിവിടങ്ങളിലും ഇതിന്റെ സാന്നിദ്ധ്യം കൂടുതലാണ് എന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പറയുന്നു.