- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്യാപ്റ്റന്റെ ഇന്നിങ്ങ്സുമായി പട നയിച്ച ധവാന് സെഞ്ച്വറി നഷ്ടം; മികച്ച ഓപ്പണിങ്ങിന് ശേഷം തിരിച്ചടിയായത് മധ്യനിരയുടെ തകർച്ച; സഞ്ജുവും നിരാശപ്പെടുത്തി; ഒന്നാം ഏകദിനത്തിൽ വെസ്റ്റ്ഇൻഡീസിന് 309 റൺസ് വിജയലക്ഷ്യം

പോർട്ട് ഓഫ് സ്‌പെയിൻ: വെസ്റ്റ് ഇൻഡീസിന് എതിരായ ആദ്യ ഏകദിനത്തിൽ ബാറ്റിംഗിനെ ക്യാപ്റ്റൻ ശിഖർ ധവാൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ 300 കടന്ന് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റിന് 308 റൺസെടുത്തു. 97 റൺസെടുത്ത ധവാന് സെഞ്ചുറി നഷ്ടമായി. ധവാന് പുറമെ ശുഭ്മാൻ ഗില്ലും , ശ്രേയസ് അയ്യരും അർധ സെഞ്ചുറി നേടിയെങ്കിലും സഞ്ജു സാംസണടക്കമുള്ള മധ്യനിര പരാജയപ്പെട്ടതാണ് 350 റൺസെങ്കിലും എത്തേണ്ടിയിരുന്ന ഇന്ത്യയെ തടഞ്ഞത്.
ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ആദ്യ ഓവറിലേ അടി തുടങ്ങിയപ്പോൾ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അൽസാരി ജോസഫടക്കമുള്ള ബൗളർമാരെ ഇന്ത്യൻ ഓപ്പണർമാർ അനായാസം ബൗണ്ടറി കടത്തി. പത്ത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 73 റൺസിലെത്തിയിരുന്നു ഇന്ത്യ. പിന്നാലെ 36 പന്തിൽ ശുഭ്മാൻ ഗിൽ അർധ സെഞ്ചുറി പൂർത്തിയാക്കി. ഇന്ത്യൻ ഇന്നിങ്സിലെ 12-ാം ഓവറിലെ അവസാന പന്തിലായിരുന്നു ഗില്ലിന്റെ ഫിഫ്റ്റി. പിന്നാലെ ധവാൻ 53 പന്തിലും 50 തികച്ചു. 18-ാം ഓവറിലായിരുന്നു ധവാന്റെ അർധ സെഞ്ചുറി. എന്നാൽ ഇതേ ഓവറിലെ നാലാം പന്തിൽ സിംഗിളെടുക്കാനുള്ള ശ്രമത്തിനിടെ പുരാന്റെ ത്രോ ഗില്ലിനെ മടക്കി. ഗിൽ 53 പന്തിൽ 64 റൺസെടുത്തപ്പോൾ ഇരുവരും ഒന്നാം വിക്കറ്റിൽ 119 റൺസ് ചേർത്തു.
രണ്ടാം വിക്കറ്റിൽ ധവാനൊപ്പം ചേർന്ന ശ്രേയസ് അയ്യർ സ്പിന്നർമാരെ കൈകാര്യം ചെയ്തതോടെ ഇന്ത്യ അനായാസം 200 കടന്നു. എന്നാൽ അർഹമായ സെഞ്ചുറിക്കരികെ മോട്ടിയുടെ പന്തിൽ ബ്രൂക്ക്സിന്റെ പറക്കും ക്യാച്ചിൽ ധവാൻ മടങ്ങി. 99 പന്തിൽ 10 ഫോറും മൂന്ന് സിക്സും സഹിതം ധവാൻ 97 റണ്ണെടുത്തു. ഇംഗ്ലണ്ട് പരമ്പരയിലെ ക്ഷീണം മാറ്റിയ ശ്രേയസും അർധ സെഞ്ചുറി നേടി. നിക്കോളാസ് പുരാന്റെ ഗംഭീര ക്യാച്ചിൽ ശ്രേയസും(57 പന്തിൽ 54) വീണു. ശ്രേയസ് പുറത്താകുമ്പോൾ 35.5 ഓവറിൽ 230-3 എന്ന സ്‌കോറിലായിരുന്നു ഇന്ത്യ. സൂര്യകുമാർ 14 പന്തിൽ 13 റൺസ് മാത്രമെടുത്ത് 39-ാം ഓവറിൽ അക്കീലിന്റെ പന്തിൽ ബൗൾഡായി.
അവസാന 10 ഓവറുകളിൽ അതിശക്തമായി തിരിച്ചുവരുന്ന വിൻഡീസ് ബൗളർമാരെയാണ് പോർട്ട് ഓഫ് സ്പെയിനിൽ കണ്ടത്. കിട്ടിയ അവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ 18 പന്തിൽ 12 റൺസ് മാത്രമെടുത്ത് 43-ാം ഓവറിൽ ഷെഫേർഡിന്റെ പന്തിൽ എൽബിയായി മടങ്ങി. ഇന്ത്യൻ സ്‌കോർ-252-5. ദീപക് ഹൂഡയ്ക്കും അക്സർ പട്ടേലിനും കാര്യമായ കൂറ്റനടികൾ നേരിട്ട ആദ്യ ഓവറുകളിൽ പുറത്തെടുക്കാനായില്ല. 48-ാം ഓവറിൽ സീൽസിനെ തകർത്തടിച്ച അക്സർ(21 പന്തിൽ 21) തൊട്ടടുത്ത ഓവറിൽ അൽസാരിയുടെ പന്തിൽ ബൗൾഡാവുകയും ചെയ്തു. ഇതേ ഓവറിൽ ഹൂഡയും(32 പന്തിൽ 27) ബൗൾഡ്. ഒടുവിൽ മുഹമ്മദ് സിറാജ് 1 ഉം ഷർദുൽ ഠാക്കൂർ 7 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.


