- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യാന്തര ക്രിക്കറ്റിനായി കാര്യവട്ടത്ത് വീണ്ടും ക്രീസുണരുന്നു; പോരാട്ടത്തിന് എത്തുന്നത് മിതാലിയും സ്മൃതിയും ഉൾപ്പെട്ട വനിത താരങ്ങൾ; ദക്ഷിണാഫ്രിക്കൻ ടീമിന്റെ പര്യടനത്തിലെ എല്ലാ മത്സരങ്ങൾക്കും വേദിയായേക്കും; ബിസിസിഐയെ സന്നദ്ധത അറിയിച്ച് കെസിഎ
തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റിന് വേദിയാകാൻ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയം ഒരുങ്ങുന്നു. വനിത ക്രിക്കറ്റിനാണ് ഇത്തവണ വേദിയാകുക. ദക്ഷിണാഫ്രിക്കൻ വനിത ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ എല്ലാ മത്സരങ്ങളും കാര്യവട്ടത്ത് വച്ചു നടത്താനാണ് ബിസിസിഐ പരിഗണിക്കുന്നത്.
അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്നതാണു പരമ്പര. മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) ബിസിസിഐയെ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
അതേസമയം, ദക്ഷിണാഫ്രിക്കയിൽ ജനിതക വകഭേദം വന്ന കൊറോണയുടെ ഭീതി ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ടീം എന്ന് എത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഈ മാസം ടീം ഇന്ത്യയിൽ എത്തുമെന്നായിരുന്നു ആദ്യ തീരുമാനം. ഇതനുസരിച്ച് 10 മുതൽ മത്സര വേദിയിൽ ഇന്ത്യൻ ടീം ക്യാംപ് ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത മാസം ആദ്യം ദക്ഷിണാഫ്രിക്കൻ ടീം എത്തുമെന്നാണു കരുതുന്നത്.
ഹർമൻപ്രീത് കൗറും സ്മൃതി മന്ഥനയും മിതാലി രാജുമുൾപ്പെട്ട ഇന്ത്യൻ നിരയുടെ പ്രകടനം നേരിട്ടു കാണാൻ ക്രിക്കറ്റ് പ്രേമികൾക്ക് സാധിക്കില്ല. കോവിഡ് സാഹചര്യത്തിൽ കാണികളെ പ്രവേശിപ്പിക്കാതെയാവും മത്സരങ്ങൾ. ടിവിയിൽ തത്സമയ സംപ്രേഷണം ഉണ്ടാവും. ലോക്ഡൗണിനു ശേഷം ഇന്ത്യൻ വനിത ടീം ആദ്യമായാണു കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മാർച്ച് എട്ടിന് ഓസ്‌ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തിൽ നടന്ന ട്വന്റി20 ലോകകപ്പ് ഫൈനലിലാണ് ടീം അവസാനമായി പോരാട്ടത്തിന് ഇറങ്ങിയത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരമ്പരയിലെ മുഴുവൻ മത്സരങ്ങളും ഒരു വേദിയിൽ തന്നെ സംഘടിപ്പിക്കാനാണ് തീരുമാനം. മൂന്നു രാജ്യാന്തര മത്സരങ്ങൾ പ്രശംസനീയമായ രീതിയിൽ സംഘടിപ്പിച്ചതോടെയാണ് കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയം ുപരമ്പരയ്ക്കുള്ള വേദിയാക്കാൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്.
എന്നാൽ കാര്യവട്ടം സ്റ്റേഡിയത്തിൽ സർക്കാരിന്റെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ അനുമതി തേടി കെസിഎ ഭാരവാഹികൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. തുടർന്നു ജില്ലാ കലക്ടർ നവ്‌ജ്യോത് ഖോസയുമായും കൂടിക്കാഴ്ച നടത്തി.
കാര്യവട്ടം സ്റ്റേഡിയത്തിലെ പവലിയനിൽ പലയിടത്തും ശുചിമുറികൾ ഉൾപ്പെടെ തകർന്ന അവസ്ഥയിലാണ്. എന്നാൽ മത്സരം അനുവദിച്ചാലും കാണികളെ പ്രവേശിപ്പിക്കാത്തതിനാൽ ഗാലറിയും പവലിയനും പ്രശ്‌നമാവില്ല. കമന്റേറ്റർമാർക്കും മാച്ച് ഒഫിഷ്യലുകൾക്കും ടിവി ക്രൂവിനും വേണ്ട സൗകര്യങ്ങൾ ഒരുക്കിയാൽ മതിയാവും.
സ്റ്റേഡിയത്തിലെ വിക്കറ്റും ടർഫും കെസിഎ തന്നെ പരിപാലിക്കുന്നുണ്ട്. മത്സരത്തിനായുള്ള പിച്ചൊരുക്കം മാത്രമേ ആവശ്യമായി വരികയുള്ളൂ. രണ്ടു ടീമുകൾക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബയോ ബബിളിൽ കഴിയാൻ പാകത്തിൽ താമസ സൗകര്യവും ഒരുക്കേണ്ടി വരും. കേരളം ആദ്യമായിട്ടാണു രാജ്യാന്തര വനിത ക്രിക്കറ്റ് മത്സരത്തിനു വേദിയാവുന്നത്.
സ്പോർട്സ് ഡെസ്ക്