ലണ്ടൻ: ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബ്രിട്ടനിലെ വോൽവർഹാംപ്ടണിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്ത്യൻ യുവതി സർബ്ജിത്ത് കൗറിന്റെ (38) ഘാതകൻ ഭർത്താവും ബിസിനസുകാരനുമായ ഗുർപ്രീത് സിങ് തന്നെയാണെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. മോഷണ ശ്രമത്തിനിടയിൽ മോഷ്ടാക്കൾ യുവതിയെ കൊന്നുവെന്ന തരത്തിലുള്ള പ്രചാരണമായിരുന്നു കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ ഉയർന്ന് വന്നതെങ്കിലും യാഥാർത്ഥ്യം മറ്റൊന്നാണെന്ന് അന്വേഷണത്തിനിടയിൽ തെളിവുകൾ സഹിതം വ്യക്തമാവുകയായിരുന്നു. ഇതോടെ ഈ ബിസിനസ് കുടുംബത്തിൽ സംഭവിച്ചത് എന്തെന്നറിയാതെ നാട്ടുകാർ വലയുകയാണ്. അന്ന് യുവതിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ ഭർത്താവ് തന്നെയാണ് യുവതിയുടെ മരണത്തിന് ഉത്തരവാദിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

വോൽവർഹാംപ്ടണിലെ പെന്നിലുള്ള റൂകെറി ലെയ്നിലെ വീടത്ടിലായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് കൗർ കൊല ചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ കൗറിനെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പോസ്റ്റ് മോർട്ടത്തിലൂടെ വ്യക്തമാവുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടർന്ന് ഭർത്താവ് ഗുർപ്രീത് സിംഗിന്റെ മേൽ കൊലക്കുറ്റത്തിന് കേസ് ചാർജ് ചെയ്തുവെന്നാണ് ഇന്നലെ വെസ്റ്റ് മിഡ്ലാന്റ്സ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. വോൽവർഹാംപ്ടണിലെ പെന്നിലുള്ള കോൾവേ അവന്യൂവിൽ താമസിക്കുന്ന 42 കാരനായ സിംഗിനെ ഇന്ന് ബെർമിങ്ഹാമിലെ മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

പ്രദേശവാസികളെ ഞെട്ടിച്ച ഈ കൊലപാതകവുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം വെളിച്ചത്തുകൊണ്ട് വരാൻ തങ്ങൾ സമഗ്രമായ അന്വേഷണത്തിലാണെന്നാണ് വെസ്റ്റ് മിഡ്ലാന്റ്സ് പൊലീസിലെ ഹോമിസൈഡ് ടീമിലെ ഡിറ്റെക്ടീവ് ചീഫ് ഇൻസ്പെക്ടറായ ക്രിസ് മാല്ലെറ്റ് വെളിപ്പെടുത്തുന്നത്. ഭർത്താവ് തന്നെയാണ് ഘാതകൻ എന്ന് കണ്ടെത്തിയത് കേസ് അന്വേഷണത്തിലൂടെ സുപ്രധാന ചുവട് വയ്പാണെന്നും കൗറിന്റെ കുടുംബവും സുഹൃത്തുക്കളും കേസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കൗറിന്റെ കൊലപാതകത്തിന് ശേഷം ആ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ കാണാതെ പോയതിനാൽ പൊലീസ് ഇതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. കൊലപാതകത്തെ തുടർന്ന് ആ വീട്ടിൽ സാധനങ്ങൾ വലിച്ച് വാരിയിട്ട നിലയിലും ചിലത് നശിപ്പിച്ച നിലയിലുമായിുന്നുവെന്നും നിരവധി സാധനങ്ങൾ കളവ് പോയിരുന്ന നിലയിലുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. താൻ ഫെബ്രുവരി 16ന് രാവിലെ ധാൻഡ പ്രോപ്പർട്ടീസ് യുക ലിമിറ്റഡിൽ ജോലിക്ക് പോകുന്നതിന് മുമ്പായിരുന്നു ഭാര്യയെ അവസാനമായി കണ്ടിരുന്നതെന്നാണ് അന്ന് ഭർത്താവ് വെളിപ്പെടുത്തിയിരുന്നത്. ഈ സ്ഥാപനത്തിൽ കമ്പനി ഡയറക്ടറായിട്ടാണ് സിങ് ജോലി ചെയ്യുന്നത്.

നാല് ബെഡ്റൂമുകളുള്ള ആ വീട്ടിൽ ജാഗ്വർ, മെർസിഡെസ് എന്നീ കാറുകളുടക്കം ആഡംബരത്തിലാണ് ആ കുടുംബം ജീവിച്ചിരുന്നതെന്നാണ് അയൽവാസികൾ വെളിപ്പെടുത്തിയിരുന്നത്. കൊല്ലപ്പെട്ട കൗർ വളരെ ദാനശീലയായിരുന്നുവെന്നും സമ്മാനങ്ങളും മധുരപലഹാരങ്ങളും ഏവർക്കും കൈമാറാൻ അവർക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും ഒരു അയൽവാസി വേദനയോടെ ഓർക്കുന്നു. കൗർ ബോധരഹിതയായി കിടക്കുന്ന നിലയിൽ താൻ ആദ്യം അവരെ കണ്ടെന്നായിരുന്നു അന്ന് ഭർത്താവ് വെളിപ്പെടുത്തിയിരുന്നത്. തുടർന്ന് പാരാമെഡിക്‌സ് എത്തി അവരുടെ മരണം സ്ഥിരീകരിക്കപ്പെടുകയായിരുന്നുവെന്നുമായിരുന്നു അന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നത്.

ഇവരുടെ നാല് ബെഡ്‌റൂം വീട് വ്യാപകമായ രീതിയിൽ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്നാണ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് അന്ന് സ്ഥിരീകരിക്കുകും ചെയ്തിരുന്നു. സ്വർണാഭരണങ്ങൾ അടക്കമുള്ള നിരവധി വസ്തുക്കളാണ് കാണാതായിരുന്നത്. മതിലും ഗേയ്റ്റുമടക്കം എല്ലാവിധ ആധുനിക സുരക്ഷാ സംവിധാനങ്ങളും ആഡംബരങ്ങളുമുള്ള്ള വീട്ടിൽ കവർച്ച നടന്നത് അന്ന് ഏവരുടെയും ആശങ്ക വർധിപ്പിച്ചിരുന്നു. കൗറിന്റെ കൊലപാതകത്തോടെ ഇവിടെയുള്ള ഇന്ത്യൻ വംശജരുടെ ഭയാശങ്കയേറുകയും ചെയ്തിരുന്നു.

കൗറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 42ഉം 32ഉം വയസുള്ള പുരുഷന്മാർ, 39 വയസുള്ള സ്ത്രീ എന്നിവരെയാണ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് അന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നത്. ഡ്രസ് മെയ്‌ക്കറായ കൗറിന്റെ കസ്റ്റമർമാരെന്ന നിലയിൽ എത്തി ഇവർ കൗറിനെ കൊല ചെയ്യുകയായിരുന്നുവെന്നായിരുന്നുവെന്നാണ് അന്ന് പൊലീസ് അനുമാനിച്ചിരുന്നത്. എന്നാൽ ഭർത്താവ് തന്നെയാണ് കൊലപാതകിയെന്ന് തെളിഞ്ഞതോടെ അന്വേഷണം ഇപ്പോൾ വഴി മാറിയിരിക്കുകയാണ്.