ലണ്ടൻ: കേട്ടുമടുത്ത അവിഹിതകഥകളിലെല്ലാം ഒന്നിലധികം വിവാഹം കഴിച്ച ഭർത്താക്കന്മാരുടെയും രഹസ്യ ബാന്ധവത്തിൽ ജനിച്ച കുട്ടികളുടെയും കഥകളായിരുന്നു. അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒന്ന് ബ്രിട്ടനിൽ നിന്നും വരുന്നു. ഒരു പക്ഷെ സ്ത്രീ സമത്വത്തിന്റെ പുത്തൻ വഴികൾ തേടിയിറങ്ങിയതാകാം ബ്രിന്ദ കന്താമനേൻ എന്ന 42 കാരിയായ ഇന്ത്യൻ വംശജ. ഒരു ഭർത്താവുണ്ടായിരിക്കെ തന്നെ മറ്റൊരാളുമായി ബന്ധപ്പെടുകയും അതിൽ ഗർഭിണിയാവുകയും ചെയ്ത ബ്രിന്ദ ഇപ്പോൾ ബ്രിട്ടനിൽ നിയമനടപടികൾ നേരിടുകയാണ്.

ഇരട്ടജീവിതമായിരുന്നു ബ്രിന്ദ നയിച്ചത് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. തന്റെ ഭർത്താവ് രവിയുടെ നല്ലൊരു ഭാര്യയായി ജീവിക്കുമ്പോൾ തന്നെ മാത്യൂ ഹാൾ എന്ന വ്യക്തിയുമായി ബന്ധം പുലർത്തുകയും അതിൽ ഗർഭിണി ആവുകയും ചെയ്തു. ആ വിവരം സ്വന്തം ഭർത്താവിൽ നിന്നും സമർത്ഥമായി ഒളിച്ചു വയ്ക്കാനും ഇവർക്കായി. ബഹുഭർത്തൃത്ത കുറ്റം ഇവരിൽ കണ്ടെത്തിയ കോടതി വിധി കേൾക്കാൻ കാമുകൻ ഹാളിനിപ്പമാണ് ഇവർ അക്സ്ബ്രിഡ്ജ് കജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്.

ബ്രിന്ദയ്ക്ക് മേൽ കുറ്റം കണ്ടെത്തിയ കോടതി പക്ഷെ ശിക്ഷ വിധിക്കാനായി ക്രൗൺ കോടതിയിലേക്ക് കേസ് മാറ്റി. മജിസ്ട്രേറ്റ് കോടതിക്ക് വിധിക്കാവുന്ന ശിക്ഷയുടെ പരമാവധി പരിധിയേക്കാൾ ഉയർന്ന ശിക്ഷ ബൃന്ദ അർഹിക്കുന്നു എന്നാണ് കോടതി കാരണമായി പറഞ്ഞത്. ബഹുഭർത്തൃത്വം, ബഹുഭാര്യത്വം എന്നീ കുറ്റങ്ങൾക്ക് പരമാവധി ഏഴ് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം.

1999-ൽ അമേരിക്കയിലെ നോർത്ത് കരോലിനയിൽ വച്ചായിരുന്നു ബൃന്ദ രവിയെ വിവാഹം കഴിക്കുന്നത്. ഇന്ത്യൻ പരമ്പരാഗത രീതിയിലായിരുന്നു ഇവരുടെ വിവാഹം പിന്നീട് രണ്ട് കുട്ടികൾ ജനിച്ചതിനുശേഷമാണ് ഇവർ ലണ്ടനിലേക്ക് താമസം മാറ്റുന്നത്. ഒരു അന്താരാഷ്ട്ര കൺസൾട്ടൻസി സ്ഥാപനത്തിലെ ഡയറക്ടറാണ് രവി. 2017-മുതൽക്കാണ് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴാൻ തുടങ്ങിയതും രവി തന്റെ ഭാര്യയുടെ വിശ്വാസ്യതയെ കുറിച്ച് സംശയിക്കാൻ തുടങ്ങിയതും.

ഭാര്യയെ ഉപദേശിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവർ ആത്മഹത്യാ ഭീഷണി മുഴക്കുമായിരുന്നെന്ന് രവി പറയുന്നു. 2017 ഡിസംബറിലാണ് ബൃന്ദ ഹോളിനെ, രണ്ടുമാസം മുൻപ് ഈലിങ് ടൗൺ ഹാളിൽ വച്ച് വിവാഹം കഴിച്ച കാര്യം രവി അറിയുന്നത്. ഇവരുടെ വീടിന് തൊട്ടടുത്ത് തന്നെയായിരുന്നു ഇത് നടന്നത് എന്നതാണ് ഏറെ ആശ്ചര്യകരം. അതിനുശേഷം 2019 ലാണ് രവിയുമായുള്ള ബൃന്ദയുടെ വിവാഹം ഔദ്യോഗികമായി റദ്ദ് ചെയ്യപ്പെടുന്നത്.രവിയിൽ നിന്നും വേർപെട്ട് ഇപ്പോൾ ഒരു കമ്പ്യുട്ടിങ് കൺസൾട്ടൻസി സ്ഥാപനം നടത്തുകയാണ് ബൃന്ദ.

ആദ്യ വിവാഹത്തിൽ നിന്നും ഔദ്യോഗികമായി വിവാഹമോചനം നേടുന്നതിനു മുൻപ് തന്നെ മറ്റൊരു വിവാഹം കഴിച്ചതാണ് ഏറെ കുറ്റകരമായത്. ഈ വിവാഹം ഭർത്താവിൽ നിന്നും മറച്ചുവച്ചു എന്നുമാത്രമല്ല, ഈ ബന്ധത്തിൽ ഗർഭിണിയായതും ഇവർ വിദഗ്ദമായി മറച്ചുപിടിച്ചു. അടുത്തമാസമായിരിക്കും ക്രൗൺ കോടതി ഇവർക്ക് ശിക്ഷ വിധിക്കുക.