ടോക്യോ: ഒളിംപിക്‌സ് വനിതാ ഹോക്കിയിൽ 'ഭാഗ്യം' തുണച്ചതോടെ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. ശനിയാഴ്ച രാവിലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ഇന്ത്യ, വൈകീട്ട് ബ്രിട്ടൻ അയർലൻഡിനെ തോൽപ്പിച്ചതോടെയാണ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്. തിങ്കളാഴ്ച നടക്കുന്ന ക്വാർട്ടറിൽ കരുത്തരായ ഓസ്‌ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളി.

ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബ്രിട്ടൻ അയർലൻഡിനെ വീഴ്‌ത്തിയത്. ഇതോടെ, അഞ്ച് മത്സരങ്ങളിൽനിന്ന് ആറു പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനം ഉറപ്പിച്ചു. നെതർലൻഡ്‌സ് (12), ജർമനി (12), ബ്രിട്ടൻ (9) എന്നിവരാണ് ആദ്യ 3 സ്ഥാനങ്ങൾ നേടി ക്വാർട്ടറിൽ കടന്നത്.

പൂൾ എയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയേയാണ് ഇന്ത്യ വീഴ്‌ത്തിയത്. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി വന്ദന കടാരിയ ഹാട്രിക് നേടി. 4, 17, 49 മിനിറ്റുകളിലാണ് വന്ദന ഗോൾ നേടിയത്. നാലാം ഗോൾ നേഹ ഗോയലിന്റെ വകയാണ്. ഒളിംപിക്‌സ് ഹോക്കിയിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് വന്ദന. ദക്ഷിണാഫ്രിക്കയ്ക്കായി ടാറിൻ ഗ്ലാസ്ബി (15), ക്യാപ്റ്റൻ എറിൻ ഹണ്ടർ (30), മാരിസൻ മറായിസ് (39) എന്നിവരും ലക്ഷ്യം കണ്ടു.

പൂളിലെ ആദ്യ മൂന്നു മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക്, അയർലൻഡിനെതിരെ കഴിഞ്ഞ ദിവസം നേടിയ വിജയമാണ് ജീവശ്വാസമായത്. നവ്‌നീത് കൗർ നേടിയ ഏക ഗോളിനാണ് ഇന്ത്യ അർലൻഡിനെ തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ ലോക ഒന്നാം നമ്പർ ടീമായ നെതർലൻഡ്‌സിനോട് ഇന്ത്യ 5 - 1ന് തോറ്റിരുന്നു. രണ്ടാം മത്സരത്തിൽ ജർമനിയോട് 20നും മൂന്നാം മത്സരത്തിൽ ബ്രിട്ടനോട് 4 - 1നും തോറ്റു.

തിങ്കളാഴ്ച നടക്കുന്ന ക്വാർട്ടറിൽ നെതർലെൻഡ്‌സ് ന്യൂസിലൻഡിനെയും സ്‌പെയിൻ ബ്രിട്ടനെയും ജർമനി അർജന്റീനയേയും ഓസ്‌ട്രേലിയ ഇന്ത്യയേയും നേരിടും.

ഞായറാഴ്ച നടക്കുന്ന പുരുഷ ഹോക്കി ക്വാർട്ടർ മത്സരത്തിൽ സെമി ലക്ഷ്യമിട്ട് ഇന്ത്യ ബ്രിട്ടനെ നേരിടും. മറ്റു ക്വാർട്ടർ പോരാട്ടങ്ങളിൽ ജർമനി അർജന്റീനയേയും ഓസ്‌ട്രേലിയ നെതർലെൻഡ്‌സിനെയും ബൽജിയം സ്‌പെയിനേയും നേരിടും.