- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ഇന്ത്യൻ ഗുസ്തി താരം സുമിത് മാലിക്കിന് ഒളിംപിക്സ് നഷ്ടമായേക്കും; ബി സാംപിൾ പരിശോധന നിർണായകം
ന്യൂഡൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് ഇന്ത്യൻ ഗുസ്തി താരം സുമിത് മാലിക്. അടുത്തിടെ ബൾഗേറിയയിൽ നടന്ന യോഗ്യതാ മത്സരത്തിലാണ് മാലിക് ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതോടെ പ്രാഥമിക നടപടി എന്ന നിലയിൽ താരത്തെ സസ്പെൻഡ് ചെയ്തു.
ടോക്യോ ഒളിംപിക്സിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കേയാണ് ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട സുമിത് മാലിക്ക് സസ്പെൻഷനിലായത്. ഇതോടെ താരം ടോക്യോയിൽ മത്സരിക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായി. ബി സാംപിളും പോസിറ്റീവായാൽ സുമിത് മാലിക്ക് വിലക്ക് നേരിടേണ്ടിവരും.
സുമിതിന്റെ ബി സാംപിൾ പത്താം തിയതി പരിശോധിക്കും. താരത്തെ പ്രാഥമികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. രണ്ടാം പരിശോധനയ്ക്ക് ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും റസിലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമാർ പറഞ്ഞു.
എന്നാൽ സുമിത് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല എന്ന് കരുതുന്നതായും തോമാർ വ്യക്തമാക്കി. പരിക്കേറ്റതിനെ തുടർന്ന് ചികിൽസയിലിരിക്കേ ചില മരുന്നുകൾ ഉപയോഗിച്ചതിനാലാവാം പരിശോധനയിൽ പരാജയപ്പെട്ടത് എന്നാണ് അദേഹത്തിന്റെ പ്രതികരണം. ഒളിംപിക്സ് തയ്യാറെടുപ്പിനായുള്ള ദേശീയ ക്യാംപിനിടെ താരത്തിന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നു.
2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ ജേതാവായ സുമിത് മാലിക് ടോക്യോ ഒളിംപിക്സിൽ 125 കിലോ വിഭാഗത്തിലാണ് മത്സരിക്കേണ്ടത്. ഇതിനകം 11 വിഭാഗങ്ങളിലായി 100 താരങ്ങളാണ് ഇന്ത്യയിൽ നിന്ന് ടോക്യോയിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഇതിൽ എട്ട് പേർ ഗുസ്തി താരങ്ങളാണ്. ഇരുപത്തിയഞ്ചിലധികം താരങ്ങൾ കൂടി യോഗ്യത നേടും എന്നാണ് പ്രതീക്ഷ.
സ്പോർട്സ് ഡെസ്ക്