ന്യൂയോർക്ക്: ഉയർന്ന വരുമാനമുള്ള ഏഷ്യൻ വംശജരിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ അമേരിക്കൻ വംശജരാണെന്ന് സെപ്റ്റംബർ ആദ്യവാരം പ്യു(ജലം) നടത്തിയ ഗവേഷണ സർവ്വേ ഫലം ചൂണ്ടിക്കാണിക്കുന്നു. അമേരിക്കൻ കുടുംബത്തിന്റെ ശരാശരി വാർഷിക വരുമാനം 53,000 ഡോളറാണെങ്കിൽ ഏഷ്യൻ രാജ്യത്തിൽ നിന്നുള്ളവരുടെ വരുമാനം 73,000 ഡോളറാണ്. എന്നാൽ ഇന്ത്യൻ അമേരിക്കൻ കുടുംബാംഗങ്ങളുടെ ശരാശരി വാർഷിക വരുമാനം 100,000 ഡോളറാണെന്നാണ് സർവ്വേയിൽ വ്യക്തമായി സൂചിപ്പിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇന്ത്യൻ വംശജരാണ് ഒന്നാം സ്ഥാനത്ത്.ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരിൽ 25 വയസിന് മുകളിലുള്ള 50 ശതമാനത്തിന് ഒരു ബിരുദമോ അതിലധികമോ വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ അമേരിക്കയിൽ 25 വയസ്സിനു മുകളിലുള്ള 30 ശതമാനം പേർക്ക് മാത്രമാണ് ബിരുദമെങ്കിലുമുള്ളത്. ഇന്ത്യൻ വശംജരിൽ 72 ശതമാനം പേർക്ക് ബിരുദമോ അതിലുയർന്ന വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടെന്നു കണക്കാക്കിയിരിക്കുന്നു.

2000- 2015 കാലഘട്ടത്തിൽ ഏഷ്യൻ വംശജരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായിട്ടുള്ളത്. 11.9 മില്യണിൽ നിന്നും 20 മില്യണായി ഏഷ്യൻ വംശജർ വർധിച്ചതായും സർവ്വേ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കൻ രാഷ്ട്രീയ മുഖ്യധാരയിലും ഉയർന്ന തസ്തികകളിലും ഇന്ത്യൻ
ആധിപത്യമാണ് നിലനിൽക്കുന്നതെന്നും സർവ്വേ പറയുന്നു.