കുവൈത്ത് സിറ്റി: കുവൈറ്റിലെ ജയിലറകളിൽ ഇന്ത്യാക്കാരുടെ എണ്ണം വർധിക്കുന്നുവെന്ന് റിപ്പോർട്ട്. മലയാളി വനിത ഉൾപ്പടെ 498 ഇന്ത്യാക്കാരാണ് ഇപ്പോൾ ഇവിടെ വിവിധ ജയിലുകളിലായി കഴിയുന്നത്. ഇവരിൽ പത്തു തടവുകാർ വധശിക്ഷ കാത്ത് കഴിയുന്നവരാണെന്നാണ് വിവരം. മാത്രമല്ല മലയാളിയായ യുവതി ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിലാണ് പടിയിലായതെന്നതും ആശങ്ക വർധിപ്പിക്കുന്നു.

തടവിൽ കഴിയുന്നവരെ കുറിച്ച് കഴിഞ്ഞ സെപ്റ്റംബർ അവസാനം വരെയുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ശിക്ഷ അനുഭവിക്കുന്നവരിൽ കൂടുതലും ലഹരിമരുന്ന്, മദ്യക്കച്ചവടം, വ്യാജരേഖ ചമയ്ക്കൽ, മോഷണം തുടങ്ങിയ കേസുകളിൽപ്പെട്ടവരാണ്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 10 പേരിൽ അഞ്ചുപേർ ലഹരിമരുന്നുവ്യാപാരം നടത്തിയവരും അഞ്ചുപേർ കൊലപാതകക്കേസുകളിൽപ്പെട്ടവരുമാണ്. കുവൈത്ത് സെൻട്രൽ ജയിലിൽ 385 പേരും പബ്ലിക് ജയിലിൽ 101 പേരും വനിതാജയിലിൽ 12 പേരുമാണ് ശിക്ഷയനുഭവിക്കുന്നത്.

ജയിൽശിക്ഷ അനുഭവിക്കുന്നവരിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് വർഷംതോറും അമീർ ശൈഖ് സബാ അൽ അഹമദ് അൽ ജാബെർ അൽ സബാ മാപ്പുനൽകാറുണ്ട്. ഇത്തരത്തിൽ ഇളവനുവദിക്കുന്നതിനായി ഈ വർഷം 600 മുതൽ 700 വരെ പേരുടെ പട്ടിക നൽകിയിട്ടുണ്ട് . അവരിൽ എത്ര ഇന്ത്യക്കാർ ഉൾപ്പെട്ടെന്ന് വ്യക്തമല്ല.